സമാധാനത്തിന്റെ സുവിശേഷമാണ് ഇന്ന് ആവശ്യം : ഫ്രാൻസിസ് മാർ പാപ്പാ

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള നസറത്ത് കമ്മിറ്റിയുടെ ഏകോപകനായ മാർക്കോ ഫെരിനിയെ അഭിസംബോധന ചെയ്തുകൊണ്ട്, ലോക സമാധാനത്തിനായി റിമിനിയിൽ നടക്കുന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി.

ആഗസ്റ്റ് മാസം ഇരുപതാം തീയതിയാണ് പ്രാർത്ഥനാ സമ്മേളനം നടക്കുന്നത്. റിമിനിയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ അൻസെൽമിയും സമ്മേളനത്തിൽ സംബന്ധിക്കും.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ സഹോദരങ്ങളെ സഹായിക്കുന്ന സംഘടനയാണ് നാസറത്ത് സമൂഹം. ലോകസമാധാനത്തിനു വേണ്ടിയും, ക്രൈസ്തവ മതപീഡനം ഇല്ലാതാക്കുവാനും, വിവിധ ഇടങ്ങളിൽ സമൂഹം മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനാ സമ്മേളനങ്ങൾ നടത്താറുണ്ട്. ഈ സംരംഭങ്ങൾക്കെല്ലാം പാപ്പാ പ്രത്യേകമായി നന്ദി പറഞ്ഞു.

അനീതി, അടിച്ചമർത്തൽ, വിദ്വേഷം എന്നിവയാൽ ഹൃദയത്തിൽ മുറിവേറ്റ ആളുകളോടും, അവരുടെ ദുരിതപൂർണ്ണമായ ജീവിതത്തോടും നാസറത്ത് സമൂഹം നൽകുന്ന സ്നേഹാർദ്രതയ്ക്കും, കരുണയ്ക്കും, അടുപ്പത്തിനും ഐക്യത്തിനും താൻ പ്രത്യേകം നന്ദി പറയുന്നതായി പാപ്പാ കുറിച്ചു.

മാനവരാശിക്ക് ഇന്ന് ഏറ്റവും ആവശ്യമായത് സമാധാനത്തിന്റെ സുവിശേഷമാണെന്നും, അത് പ്രഘോഷിക്കുവാനും, പങ്കുവയ്ക്കുവാനുമുള്ള ഉത്തരവാദിത്വമാണ് ഓരോ ക്രിസ്ത്യാനിക്കും ഉള്ളതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും സ്വാഗതം ചെയ്യുന്ന, എല്ലാവരെയും ബഹുമാനിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുവാനും സന്ദേശത്തിൽ പാപ്പാ ആഹ്വാനം ചെയ്യുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം, നമ്മുടെ പരീക്ഷണമണിക്കൂറുകളിൽ തേടുവാനും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m