ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാനും കത്തോലിക്കാ സന്യസ്തരും തമ്മിലെന്ത്?

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലെ മാർഗ്ഗനിർദ്ദേശങ്ങളും ഉൾക്കൊണ്ട്, 2005ലെ CPCR ആക്ട് (Commission for Protection of Child Rights Act, 2005) പ്രകാരം 2007 മാർച്ചിൽ ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനം ആരംഭിച്ചതാണ് ദേശീയ ബാലാവകാശ കമ്മീഷൻ (NCPCR). കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം അവർക്കെതിരായ അതിക്രമങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയുമാണ് കമ്മീഷന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങൾ. ഈ വർഷം ഒക്ടോബറിൽ രണ്ടാമത്തെ ടേമിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന പ്രിയങ്ക് കാനോങ്കോ (Priyank kanongoo) ആണ് കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ. ചുരുക്കം ചില ഇന്റർവ്യൂകൾ ഒഴിച്ചാൽ മാധ്യമശ്രദ്ധ കാര്യമായൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം അടുത്തിടെ വാർത്തകളിൽ പ്രധാനമായും നിറയുന്നത് ഒരു പ്രത്യേക വിഷയത്തിലാണ്. കത്തോലിക്കാ സന്യസ്തർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന സ്ഥാപനങ്ങൾക്കെതിരായ അനാവശ്യവും ദുരൂഹവുമായ നടപടികളുമായി ബന്ധപ്പെട്ട വാർത്തകളാണ് അവ.

ഏറ്റവും ഒടുവിൽ, ഡിസംബർ 13ന് ഗുജറാത്തിലെ വഡോദരയിൽ മകർപുര എന്ന ഉൾപ്രദേശത്ത് മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരത്തിനും, ഒരു മാസം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവന്നിരുന്ന പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിനും എതിരെ യുക്തിരഹിതമായ കുറ്റാരോപണങ്ങൾ നടത്തി കേസ് ചാർജ്ജ് ചെയ്യാൻ കാരണമായത് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ദുരൂഹമായ ഇടപെടൽ മാത്രമാണ്. ഈ രണ്ട് സംഭവങ്ങൾ വളരെ സാമ്യമുള്ളവയാണ്. രണ്ട് സംസ്ഥാനങ്ങളിൽ നടന്ന രണ്ട് സംഭവങ്ങൾ തമ്മിലുള്ള സമാനത വെളിപ്പെടുത്തുന്നത് അവയുടെ ആസൂത്രിത സ്വഭാവം തന്നെയാണ്.

രണ്ട് സ്ഥാപനങ്ങളിലും മാസങ്ങൾക്ക് മുമ്പേ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. അത്തരമൊരു പരിശോധനയിൽ നിർബ്ബന്ധമായി പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ പലതും പാലിച്ചിരുന്നില്ല എന്നതോടൊപ്പം, ചില മുൻവിധികളോടെയാണ് പരിശോധന നടന്നതെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. ഇന്റ്ഖേരിയിലെ പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലിൽ പരിശോധന നടത്തിയത് വനിതാ ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും സാന്നിധ്യമില്ലാതെ നിയമവിരുദ്ധമായാണ്. പ്രസ്തുത പരിശോധനകളിൽ അവർ പ്രത്യേകമായി തെരഞ്ഞ് കണ്ടെടുത്തത് ഏതാനും ബൈബിളുകളും, പ്രാർത്ഥനാ പുസ്തകങ്ങളുമാണ്. ഇരു സ്ഥാപനങ്ങളിലും അപൂർവ്വമായുണ്ടായിരുന്ന ക്രിസ്ത്യൻ അന്തേവാസികളുടെയും, സന്യസ്തരുടെ തന്നെയും വ്യക്തിപരമായ ഉപയോഗത്തിന് അവർ സൂക്ഷിച്ചിരുന്നവയായിരുന്നു അതൊക്കെ. ഇക്കാര്യം പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നെങ്കിൽ തന്നെയും ആ സ്ഥാപനങ്ങളിൽ മതപരിവർത്തനം നടക്കുന്നുണ്ട് എന്ന ആരോപണമാണ് പ്രിയങ്ക് കാനോങ്കോ തുടർന്ന് ഉന്നയിച്ചത്. അത്തരത്തിലുള്ള തന്റെ സംശയങ്ങൾ സൂചിപ്പിച്ചുകൊണ്ട് രണ്ട് അവസരങ്ങളിലും അദ്ദേഹം ജില്ലാകലക്ടർമാർക്ക് കത്ത് നൽകുകയും തുടർ അന്വേഷണവും നടപടികളും ആവശ്യപ്പെടുകയുണ്ടായിരുന്നു.

രണ്ട് സംഭവങ്ങളിലും ജില്ലാ കലക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ (പോലീസ്, ചൈൽഡ് വെൽഫെയർ, സോഷ്യൽ വെൽഫെയർ ഉദ്യോഗസ്ഥർ തുടങ്ങിയവർ) സംയുക്തമായും അല്ലാതെയും വിശദമായ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള തങ്ങളുടെ സംതൃപ്തി സിസ്റ്റേഴ്‌സിനെ അറിയിക്കുകയും ചെയ്യുകയുണ്ടായി. രണ്ട് സംഭവങ്ങളിലും സന്യസ്തർ ചെയ്യുന്ന സ്തുത്യർഹമായ സേവനം കണ്ട് ബോധ്യപ്പെട്ട് തങ്ങളുടെ അഭിനന്ദനങ്ങൾ കൂടി അറിയിച്ചാണ് ചില ഉദ്യോഗസ്ഥർ മടങ്ങിയത്. അന്വേഷണങ്ങളിലോ തുടർപരിശോധനകളിലോ, അന്തേവാസികളെ ചോദ്യം ചെയ്തതിലോ അസ്വാഭാവികമായോ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലോ ഒന്നുംതന്നെ കണ്ടെത്താൻ അന്വേഷകർക്ക് കഴിഞ്ഞില്ല. അക്കാര്യവും അവർതന്നെ സിസ്റ്റേഴ്‌സിനോട് വ്യക്തമാക്കുകയുണ്ടായി.

എന്നാൽ അപ്രതീക്ഷിതമായി ചില ദിവസങ്ങൾക്ക് ശേഷം തങ്ങൾക്കെതിരെ കേസ് എടുത്തതായാണ് ഇരു സംഭവങ്ങളിലും സിസ്റ്റേഴ്സ് അറിഞ്ഞത്. വാസ്തവവിരുദ്ധമാണെന്ന് പരിശോധകർക്ക് ബോധ്യപ്പെട്ട അതേ കുറ്റങ്ങൾതന്നെ ഇരുകൂട്ടർക്കും എതിരെ ചുമത്തപ്പെടുകയാണുണ്ടായത്. തങ്ങൾക്ക് മേലുള്ള രാഷ്ട്രീയ സമ്മർദ്ദംകൊണ്ട് കേസെടുക്കാൻ നിർബ്ബന്ധിതരായി എന്ന് പരിചയക്കാരായ ചില ഉദ്യോഗസ്ഥർ സിസ്റ്റേഴ്‌സിനോട് തുറന്ന് പറയുകയുണ്ടായി. ഒരുമാസം മുമ്പ് നടന്ന സംഭവവികാസങ്ങളെ തുടർന്ന് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ, ഉൾഗ്രാമങ്ങളിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി നടത്തിവന്നിരുന്ന ഹോസ്റ്റൽ പൂട്ടിയിടാൻ സന്യസ്തർ നിർബ്ബന്ധിതരായിരുന്നു. സമാനമായ നാടകീയ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഗുജറാത്തിലെ അഗതിമന്ദിരവും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അടച്ചുപൂട്ടിക്കാനാണ് ചിലരുടെ ശ്രമം എന്ന് വ്യക്തം. ഇവിടെ വ്യക്തമാകുന്നത്, ഉന്നത പദവികളെ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കായും ഗൂഢ ലക്ഷ്യങ്ങൾക്കായും വർഗ്ഗീയ ശക്തികൾ ദുരുപയോഗിക്കുണ്ടെന്നുള്ളതും, അത്തരം സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾ പോലും രാഷ്ട്രീയ താൽപ്പര്യങ്ങളെ മുൻനിർത്തി അവിഹിതമായി നടത്തുന്നുണ്ട് എന്നുള്ളതുമാണ്.

കത്തോലിക്കാ സന്യസ്തരുടെ നേതൃത്വത്തിൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും പാവപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരുമായവർക്ക് വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒട്ടേറെ ഭവനങ്ങളിൽ രണ്ടെണ്ണമാണ് മേൽപ്പറഞ്ഞവ. രണ്ടും ഉൾഗ്രാമങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്നവയാണ്. അവിടെ കഴിഞ്ഞിരുന്നവർക്ക് മറ്റൊരാശ്രയവും ഇല്ല എന്നും, ഇറങ്ങിപ്പോകേണ്ടിവന്നാൽ അവരുടെ ജീവിതം തന്നെ വഴിമുട്ടുമെന്നും വ്യക്തമായി മനസിലാക്കിയ അധികാരികൾ തന്നെയാണ് അവ അടച്ചുപൂട്ടിക്കാൻ കരുക്കൾ നീക്കുന്നത്. തങ്ങളുടെ അധികാരം ഉപയോഗിച്ച് പാവപ്പെട്ടവരുടെയും അവരുടെ സംരക്ഷകരുടെയും മേലുള്ള കടന്നുകയറ്റമാണ് ഇവിടെ സംഭവിക്കുന്നത്. രാഷ്ട്രീയവും വർഗ്ഗീയവുമായ ഗൂഢലക്ഷ്യങ്ങളോടെ ചിലർ തകർക്കാൻ ശ്രമിക്കുന്നത് ആരും താങ്ങാനില്ലാത്ത അനേകായിരങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് വ്യക്തം.

മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളിലും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഇടപെടലുകളെ സ്വാഭാവികമായോ വ്യക്തിതാൽപ്പര്യം കൊണ്ടുള്ളതായോ കാണാനാവില്ല. രണ്ട് അവസരങ്ങളിലും വലിയ രാഷ്ട്രീയ സമ്മർദ്ദങ്ങളും തങ്ങൾക്ക് മേൽ ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിക്കുമ്പോൾ ആസൂത്രിതമായ കരുനീക്കങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തം. ഇരു സംസ്ഥാനങ്ങളിലും നിലവിലുള്ള മതംമാറ്റ നിരോധന നിയമങ്ങളാണ് ദുരുപയോഗിക്കപ്പെട്ടിരിക്കുന്നത്. മതപരവും വർഗ്ഗീയവുമായ ചിലരുടെ അസഹിഷ്ണുത അധികാര ദുർവിനിയോഗത്തിലൂടെ വെളിപ്പെടുന്നു. അതിന് ആയുധമാകുന്നതോ, ഉദ്ദേശ്യശുദ്ധി പലപ്പോഴും ചോദ്യംചെയ്യപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളും. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെടുകയോ, നടപ്പാക്കാൻ ഒരുക്കങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കും കത്തോലിക്കാ സന്യസ്തർക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട് എന്ന് നിരവധി റിപ്പോർട്ടുകളുണ്ട്. ഏറ്റവും ഒടുവിലെ ഉദാഹരണങ്ങൾ കർണ്ണാടകയിൽ നാം കണ്ടുകൊണ്ടിരിക്കുന്നു.

പൂർണ്ണമായ മതസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചുനൽകിയിരിക്കുന്ന മതേതര ഇന്ത്യയിൽ, മതാധിഷ്ഠിത നിയമങ്ങൾ പ്രാബല്യത്തിലുള്ള ചില രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രവണതകൾ അടുത്ത കാലങ്ങളിലായി പ്രകടമാകുന്നത് ആശങ്കാജനകമാണ്. ബൈബിൾ, പ്രാർത്ഥനാ ഗ്രന്ഥങ്ങൾ തുടങ്ങിയ കണ്ടെത്തുന്നതും, സ്വകാര്യ ഇടങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും ക്രിമിനൽ കുറ്റം എന്നരീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അത്തരത്തിൽ ചില സംസ്ഥാനങ്ങളിലെ പ്രാദേശികസമൂഹങ്ങളും വർഗ്ഗീയസംഘടനകളും അവയെ പരിഗണിക്കുകയും ആക്രമണങ്ങൾ നടത്താൻ കാരണമാക്കിയെടുക്കുകയും ചെയ്യുന്നു. ഭരണഘടനാവിരുദ്ധമായ അരാജകത്വം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങുവാഴുമ്പോഴും അധികാരികൾ പതിവായി നിശബ്ദത പുലർത്തുന്നത് ദുരൂഹമാണ്. ക്രൈസ്തവ സമൂഹങ്ങളും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നത് ഏറെ സന്ദേഹങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

പ്രത്യേകമായി, മേൽപറഞ്ഞ രണ്ടു സംഭവങ്ങളിലും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ നേരിട്ട് ഇടപെട്ടിരിക്കുന്നതിനാൽ, കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾ സംബന്ധിച്ച് ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് അന്വേഷിച്ച് വ്യക്തമായ വിശദീകരണം നൽകാനും നടപടികൾ സ്വീകരിക്കാനും അതുവഴി അനേകായിരം കത്തോലിക്കാ സന്യസ്തരുടെ ആശങ്കകൾ ദുരീകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും വിശിഷ്യാ, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനുമാണുള്ളത്. ശരിയായ രീതിയിലുള്ള ഇടപെടലുകൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം ഇത്തരം സംഭവങ്ങൾ നൂറുകണക്കിനായ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും, ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വൈര്യ ജീവിതത്തെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് നിശ്ചയം.

ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group