എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ, എന്താണ് ലാഭകരം എന്ന മനുഷ്യരുടെ സങ്കല്പത്തെ ദൈവം ചോദ്യം ചെയ്യുകയാണ്. നമ്മുടെ ജീവിതം സംബന്ധിച്ച് നാമെടുക്കുന്ന ഓരോ തീരുമാനവുമാണ് ഒരു വ്യക്തി എന്ന നിലയിൽ നാമെന്തായിത്തീരുന്നു എന്നു നിർണ്ണയിക്കുന്ന പ്രധാന ഘടകം.
നമ്മുടെ തീരുമാനങ്ങളെ രണ്ടു വിധത്തിൽ സ്വാധീനിക്കാൻ നമുക്ക് സാധിക്കും എന്നാണ് ഈശോ വ്യക്തമാക്കുന്നത്, ഒന്നുകിൽ നമുക്ക് ലോകത്തിൽ കാണപ്പെടുന്നതും നശ്വരവുമായ എല്ലാം വെട്ടിപ്പിടിക്കുന്നവരാകാം, അല്ലെങ്കിൽ, കാണപ്പെടാത്തതും എന്നാൽ അനശ്വരവുമായ സ്വന്തം ആത്മാവിനെ നേടുന്നവരാകാം. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായി തന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നവ ആകരുത് എന്നാണ് ഈശോ നമ്മോടു പറയുന്നത്.
ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് യേശുവിന്റെ സന്നിധിയിൽ അഭയം പ്രാപിക്കുന്നത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് യേശു എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തിൽ നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികളിലൂടെ നമ്മൾ ഈ ലോകത്തിൽ എന്തൊക്കെ സമ്പാദിച്ചു കൂട്ടിയാലും, അവയിലൂടെ എത്രയധികം സുഖങ്ങൾ അനുഭവിച്ചാലും, ഒന്നും ദൈവം നൽകുന്ന നിത്യജീവന് പകരമായുന്നില്ല. ഈ ഭൂമിയിൽ നാം എല്ലാവർക്കും ദൈവഹിതത്തിന് അനുസൃതമായി ജീവിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group