ഒരു നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല, എന്ന വാചകം ഫ്രാൻസിസ് പാപ്പാ പറഞ്ഞ സാഹചര്യം:👇🏽
ഇടവക സന്ദർശനത്തിന് വന്ന ഫ്രാൻസീസ് പാപ്പായുടെ മുന്നിൽ തന്റെ ഹൃദയനൊമ്പരം ഒരു ചോദ്യമായി ഉന്നയിക്കുവാൻ എണീറ്റു നിന്നപ്പോൾ ആ കുരുന്നിന് മുഖം പൊത്തി പൊട്ടി കരയുവാൻ മാത്രമേ പറ്റിയുള്ളൂ. ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്റെ അടുക്കലേക്ക് വിളിച്ച് അവനെ ചേർത്തു പിടിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “എന്തു തന്നെ ആയാലും എന്റെ ചെവിയിൽ പറഞ്ഞോളൂ…” പിന്നീട് അവന്റെ സമ്മതത്തോടു കൂടി പാപ്പാ അവന്റെ നൊമ്പരം സദസ്സിനോടായി പങ്കുവച്ചു…
“മരിച്ചു പോയ എന്റെ പപ്പാ ഒരു നല്ല വ്യക്തി ആയിരുന്നു. പക്ഷേ നിരീശ്വരവാദി ആയിരുന്നു. എങ്കിലും ഞങ്ങൾ നാലു മക്കളെയും മാമ്മോദീസ മുക്കുവാൻ അനുവാദം നൽകി. എന്റെ പപ്പാ ഇപ്പോൾ സ്വർഗ്ഗത്തിൽ ആയിരിക്കുമോ..?”
പാപ്പാ തുടർന്നു… “ഒരു മകൻ തന്റെ പിതാവ് നല്ല ഒരു വ്യക്തി ആണെന്നു പറയുന്നത് കേൾക്കുന്നത് എത്ര മനോഹരം!! ആ മനുഷ്യനെ പറ്റിയുള്ള നല്ല ഒരു സാക്ഷ്യം… നമ്മുടെ എല്ലാവരുടെയും മുന്നിൽ വച്ച് കരയാനുള്ള ധൈര്യം എമ്മാനുവേലിനുള്ളത് തന്നെ ഒരു നല്ല കാര്യമാണ്. ഈ കുഞ്ഞിന്റെ പിതാവിന് വിശ്വാസം എന്ന ദാനം ഉണ്ടായിരുന്നില്ലെങ്കിൽ പോലും തന്റെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ ഉള്ള ഒരു നല്ല മനസ്സ് അദ്ദേഹം കാട്ടി. ഒരു പിതാവിന്റെ ഹൃദയം ആണ് ദൈവത്തിന്. തന്റെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ മനസ്സുകാട്ടിയ അവിശ്വാസിയായ ഒരു പിതാവിനെ ദൈവം തന്നിൽ നിന്ന് അകറ്റി നിർത്തുമോ? ഒരിക്കലും ഇല്ല… മോനെ എമ്മാനുവേൽ, ഞാൻ നിനക്കു തരുന്ന മറുപടി ഇതാണ്. മോന്റെ പപ്പാ സ്വർഗ്ഗത്തിൽ തന്നെ. ഇന്നു മുതൽ മോന്റെ പപ്പായോട് മോൻ പ്രാർത്ഥിക്കുകയും, സംസാരിക്കുകയും ചെയ്യുക…”
*************
ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ ഒരർത്ഥത്തിൽ പഴഞ്ചനായി കഴിഞ്ഞിരിക്കുന്നു. സത്യത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞത് എന്താണ്:👇🏽
ഏകദേശം 2 മണിക്കൂർ നീണ്ട “ഞാൻ വിശ്വസിക്കുന്നു” എന്ന ടിവി പ്രോഗ്രാമിൽ ഫാ. മാർക്കോ എന്ന വൈദികനുമായി നടത്തിയ അഭിമുഖത്തിൽ ദൈവ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ വൈദികൻ്റെ ഒരു ചോദ്യത്തിന് ഫ്രാൻസിസ് പാപ്പാ നൽകുന്ന മറുപടിയാണ്: “ഒരു കുഞ്ഞിന് എങ്ങനെയുള്ള ഒരു ദൈവത്തെയാണ് നീ കാട്ടി കൊടുക്കുന്നത്..? ഒരു ചെറിയ തെറ്റിനു പോലും ശിക്ഷിക്കുന്ന ഒരു ദൈവത്തെ ആണോ…? നമ്മുടെ ഐഡിയയിൽ ഉള്ള ഒരു ദൈവത്തെയാണ് നാം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതെങ്കിൽ തെറ്റി… നമ്മുടെ ഒക്കെ സങ്കൽപത്തിൽ നിന്ന് എല്ലാം ഒത്തിരി വ്യത്യസ്തമാണ് ദൈവം….”
👆🏽കണ്ടോ, കണ്ടോ ഒരു രണ്ടു മണിക്കൂർ നീണ്ട ഒരു ഇൻ്റർവ്യൂവിലെ ഒരു വാചകം മുറിച്ചെടുത്ത്, വളച്ചൊടിച്ച്, ഒട്ടിച്ച് ചേർത്തിരിക്കുന്നത്..?
**************
ഫ്രാൻസിസ് പാപ്പാ വിശുദ്ധ കുർബാനയ്ക്കു കാശ് കൊടുക്കേണ്ട എന്ന് പറഞ്ഞോ..? സത്യാവസ്ഥ:👇🏽
2018 മാർച്ച് 7 ന് വത്തിക്കാനിലെ പതിവ് കൂടിക്കാഴ്ച്ചയിൽ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് വചനം പങ്കുവയ്ക്കുന്നതിനിടയിൽ പങ്കുവച്ച ഒരു അനുഭവം ആണ്:
“അച്ചാ, എന്റെ പേര് വിശുദ്ധ കുർബാനയ്ക്കിടെ പറയുന്നതിന് ഞാൻ എത്ര പണം നൽകണം..?’ എന്ന് ചിലർ എന്നോട് വന്ന് ചോദിക്കാറുണ്ടായിരുന്നു… ഞാൻ അവരോട് മറുപടി പറയും: ഒന്നുമില്ല.”
“കുർബാനയ്ക്ക് പണം കൊടുക്കണം എന്ന് നിർബന്ധിക്കാൻ പാടില്ല. വി. കുർബാന എന്നത് സൗജന്യമായ ക്രിസ്തുവിന്റെ ബലിയാണ്. അതിനാൽ കുർബാനയ്ക്ക് പണം നൽകണം എന്ന് നിർബന്ധിക്കാൻ പാടില്ല, ക്രിസ്തുവിന്റെ ബലി സൗജന്യമാണ്. നിങ്ങൾക്ക് ആ വൈദികന് ഒരു ഓഫർ നൽകണമെങ്കിൽ അത് ചെയ്യുക”.
**************
നിങ്ങൾ പള്ളിയിൽ ഒന്നും പോകേണ്ട എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞോ..? സത്യാവസ്ഥ:👇🏽
“ചിലർ ദൈവത്തിൽ വിശ്വസിച്ച് എല്ലാ ദിവസവും പള്ളിയിൽ പോകുന്നവർ, ചിലപ്പോൾ പകൽ മുഴുവൻ അവിടെ താമസിച്ച്, തിരികെവരുമ്പോൾ മറ്റുള്ളവരെ വെറുത്ത് അവരെപ്പറ്റി മോശമായി സംസാരിക്കുന്നത് കാണുന്നത് ഒരു വേദനയാണ്. ഇതിലും നല്ലത് ‘നിരീശ്വരവാദികളെപ്പോലെ പള്ളിയിൽ പോകാതെ ഇരിക്കുന്നതാണ്.’ നിങ്ങൾ പള്ളിയിൽ പോകുകയാണെങ്കിൽ നിങ്ങൾ ഒരു മകനായി, ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ആയി ജീവിക്കുക. ഒരു വിശ്വാസി ഒരിക്കലും എതിർസാക്ഷ്യം നൽകരുത്. മറിച്ച് അവരുടെ ജീവിതം ഒരു സാക്ഷ്യം ആയിരിക്കണം.”
**************
നിരീശ്വരവാദികളോട് ഫ്രാൻസിസ് പാപ്പാ എന്താണ് പറഞ്ഞിട്ടുള്ളത്..?സത്യാവസ്ഥ:👇🏽
“ക്രിസ്ത്യാനികളുടെ ദൈവം വിശ്വസിക്കാത്തവരോടും വിശ്വാസം അന്വേഷിക്കാത്തവരോടും ക്ഷമിക്കുമോ..? എന്ന് ഒരു റോമൻ ദിനപത്രത്തിന്റെ സ്ഥാപകനായ യൂജെനിയോ സ്‌കാൽഫാരി തന്നോട് ചോദിച്ച വിശ്വാസത്തെയും മതേതരത്വത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ ഫ്രാൻസിസ് പാപ്പാ നിരീശ്വരവാദികളോട് പറഞ്ഞത് ഇങ്ങനെ: “ദൈവത്തിൽ വിശ്വസിക്കാത്ത ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ അനുസരിക്കുക. കാരണം മനഃസാക്ഷിക്ക് വിരുദ്ധമായി പോകുമ്പോൾ വിശ്വാസമില്ലാത്തവർ പോലും പാപം ചെയ്യുന്നു”.
*************
എൻ്റെ വക കൂടി ഇരിക്കട്ടെ…👇🏽
പലപ്പോഴും രണ്ടു കൈകളും കൂപ്പി നാം നമസ്തേ… എന്ന് പറയാറുണ്ട്. നമസ്തേ എന്ന വാക്കിനർത്ഥം എൻ്റെ മുന്നിൽ നിൽക്കുന്ന “നിന്നിലെ ദൈവത്തെ ഞാൻ വന്ദിക്കുന്നു” എന്നാണ്. ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും ആയിരം തവണ ആവർത്തിച്ചാലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ മനസ്സാക്ഷി അല്ലെങ്കിൽ അവബോധം എന്ന് ഒക്കെ പറയുന്നത് ദൈവം വസിക്കുന്ന സക്രാരിയാണ്…
ലോകത്തുള്ള എന്തെല്ലാം നേടിയാലും നമ്മുടെ ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്, ആ ശൂന്യത ദൈവത്തിൻ്റെ സാന്നിധ്യം കൊണ്ട് മാത്രമേ നിറയ്ക്കുവാൻ സാധിക്കുകയുള്ളൂ…
കടപ്പാട്: സി. സോണിയ തെരേസ് ഡി. എസ്. ജെ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group