കന്യാസ്ത്രീകൾ അടിച്ചമർത്തപ്പെടുന്നവർ… വീട്ടിലെ ദാരിദ്ര്യംകൊണ്ട് മഠത്തിൽ ചേരുന്നവർ…. ചെന്ന് ചേർന്നാൽ തിരിച്ച് പോകാൻ അനുമതിയില്ലാത്തവർ… പീഡിപ്പിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നവർ… ഇതൊക്കെയാണ് കഴിഞ്ഞ കുറച്ചുകാലമായി ക്രൈസ്തവ സന്യാസിനിമാർക്ക് കുറേപ്പേർ നൽകിയിട്ടുള്ള വിശേഷണങ്ങൾ. ഇത്തരം ആഖ്യാനങ്ങളെ പൊടിപ്പും തൊങ്ങലും ചേർത്ത്, ഇല്ലാക്കഥകളുടെയും ഭാവനയുടെയും പിൻബലത്തിൽ വ്യാജവാർത്തകളും (അശ്ളീല) സാഹിത്യ സൃഷ്ടികളും നാടകങ്ങളും സിനിമകളുമൊക്കെയായി മാറ്റുമ്പോൾ അവയ്ക്ക് വായനക്കാരെയും കാഴ്ചക്കാരെയും ലഭിക്കാൻ വളരെ എളുപ്പമാണ്! ഉയർന്ന സാംസ്‌കാരിക നിലവാരവും ചിന്താശേഷിയും ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അധഃപതനം വേദനാജനകമാണ്.
വ്യാജവാർത്തകളും, ഇല്ലാക്കഥകളും, അശ്‌ളീല ഭാവനകളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന മറ്റൊരു സമൂഹം ലോകത്തിൽ വേറെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഇത്തരം പ്രവർത്തനങ്ങൾ വഴിയായി സന്യാസിനീ സമൂഹങ്ങളെക്കുറിച്ചും സന്യസ്തരെക്കുറിച്ചും വലിയ തെറ്റിദ്ധാരണകൾ അനേകർക്കിടയിൽ വേരാഴ്ത്തിയിട്ടുണ്ട്. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയിൽനിന്ന് ആശയം ഉൾക്കൊണ്ട് അതേപേരിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നാടകമാണ് ഏറ്റവും പുതിയ വിവാദവിഷയം. വാസ്തവവിരുദ്ധമായ രീതിയിൽ കത്തോലിക്കാ സന്യാസത്തെ വളരെ മോശമായി അവതരിപ്പിക്കുകയും സന്യസ്തരെ അവഹേളിക്കുകയും ചെയ്യുന്നു എന്ന കാരണത്താൽ അനേകർ ഇതിനകം ആ നാടകത്തിനെതിരെ രൂക്ഷമായ പ്രതികരണം അറിയിക്കുകയുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസ, ആതുരസേവന, സാംസ്‌കാരിക രംഗങ്ങളിലെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള, ഇപ്പോഴും ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ അടുത്തറിഞ്ഞിട്ടുള്ള ആർക്കും ഇത്തരം അവഹേളനപരമായ നീക്കങ്ങൾ സഹിക്കാനും ക്ഷമിക്കാനും കഴിഞ്ഞെന്നുവരില്ല. എങ്കിലും, വാസ്തവങ്ങൾ ഉള്ളുതുറന്ന് പലതവണ ഞങ്ങൾ സന്യസ്തർ തന്നെ വ്യക്തമാക്കിയിട്ടും, വർഗ്ഗീയ വിദ്വേഷം, രാഷ്ട്രീയ നിലപാടുകൾ, അംഗീകരിക്കാനുള്ള വൈമനസ്യം തുടങ്ങിയ കരണങ്ങളാൽ സ്ഥാപിത താല്പര്യങ്ങളോടെ ദുഷ്പ്രചരണങ്ങൾ തുടരുന്നവരുമായി അനേകരുണ്ട്. അതിന് തെളിവാണ് ഈ നാടകത്തിന്റെ തുടർച്ചയായുള്ള അവതരണങ്ങൾ. സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടകമേളയിലും ഈ നാടകത്തിന് ഇടം ലഭിച്ചത് ദൗർഭാഗ്യകരമാണ്.
വഴിതെറ്റി സന്യാസജീവിതം തെരഞ്ഞടുക്കുന്ന അപൂർവ്വം ചിലരുണ്ടാകാം, യോഗ്യതയും സന്മനസുമില്ലാതെ എത്തിച്ചേരുന്നവരുണ്ടാകാം… അകത്ത് നിന്നുകൊണ്ടും പുറത്ത് പോയ ശേഷവും ഭാവനയിൽ മെനഞ്ഞ അശ്‌ളീല കഥകളുമായി നിരീശ്വരവാദികൾക്കും സാമൂഹ്യവിരുദ്ധർക്കും ഒപ്പം കൂട്ടുചേരുന്ന വിരലിലെണ്ണാവുന്ന ചിലർ അതിന് തെളിവാണ്. എന്നാൽ, ആർക്കും വേണ്ടാതെ പുറംതള്ളപ്പെട്ട അനാഥരും രോഗികളും വൃദ്ധരുമായ പതിനായിരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാൻ, അനേക ലക്ഷം വിദ്യാർത്ഥികളെ അക്ഷരത്തിനും അറിവിനുമൊപ്പം നന്മയും സ്നേഹവും കൂടി പകർന്നുനൽകി വലിയവരാക്കി വളർത്താൻ, എണ്ണമറ്റ രോഗികൾക്ക് സൗഖ്യത്തിന്റെ സ്പർശമാകാൻ കഴിഞ്ഞിട്ടുള്ള, ഇപ്പോഴും അതിനായി ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സന്യസ്തരെ നോക്കുക. വഴിതെറ്റിയും, കെണിയിൽ അകപ്പെടും, മറ്റു മാർഗ്ഗങ്ങളില്ലാതെയും സന്യാസം തെരഞ്ഞെടുത്ത, സന്യാസത്തിൽ തുടരുന്ന എത്ര പേരെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും? അശ്ളീല കഥകൾ മെനഞ്ഞുണ്ടാക്കുന്ന ചിലരുടെ ഭാഷ്യങ്ങൾ പോലെ, അസംതൃപ്തരും അടിച്ചമർത്തപ്പെട്ടവരുമാണ് സന്യസ്തരെങ്കിൽ അവരിൽനിന്ന് പകരംവയ്ക്കാൻ കഴിയാത്ത നന്മപ്രവൃത്തികൾ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ?
പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട്, ആത്മപരിശോധനകൾക്കും, ഉറപ്പുവരുത്തലുകൾക്കും ഒടുവിൽ വർഷങ്ങൾക്കൊണ്ട് മാത്രമാണ് ഓരോ വ്യക്തിയും സന്യാസം സ്വീകരിക്കുന്നത്. എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാനോ, മറ്റൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനോ അവിടെ സ്വാതന്ത്ര്യമുണ്ട്. അത്തരത്തിൽ തിരികെ മടങ്ങുന്ന അനേകർ ആത്മാഭിമാനത്തോടെ ഈ സമൂഹത്തിൽ ജീവിക്കുന്നവരായുണ്ട്. വിചിന്തനങ്ങൾക്കും ആത്മപരിശോധനയ്ക്കും ഒരുപാട് സമയം മാറ്റിവയ്ക്കുന്ന ജീവിത ശൈലിയാണ് സന്യസ്തരുടേത്. സമൂഹം എന്ന നിലയിലും വ്യക്തിപരമായും പരിവർത്തനങ്ങളും പരിഷ്കരണങ്ങളും തിരുത്തലുകളും ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനായുള്ള കൂട്ടായ ചർച്ചകളും അഭിപ്രായ രൂപീകരണങ്ങളും ധ്യാനങ്ങളും എല്ലാ സന്യാസസമൂഹങ്ങളിലും പതിവാണ്. അത്തരം ആരോഗ്യകരമായ അന്തരീക്ഷങ്ങളിൽ ജീവിക്കുകയും അവിടെനിന്ന് വളർന്നുവരികയും ചെയ്തതിനാൽ മാത്രമാണ് സന്യസ്തർക്കിടയിൽ നിന്നും പ്രഗത്ഭരും വിശുദ്ധ ജീവിതം നയിക്കുന്നവരുമായ നിരവധി ആതുരശുശ്രൂഷകരും, അധ്യാപകരും, സാമൂഹ്യ പ്രവർത്തകരും ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്.
എളുപ്പത്തിൽ വാസ്തവങ്ങൾ തിരിച്ചറിയാനും, നേരിട്ട് കണ്ട് ബോധ്യപ്പെടാനും കഴിയും വിധത്തിൽ ഈ സമൂഹത്തിന്റെ ഭാഗമായി തന്നെയാണ് സന്യസ്തരും ജീവിക്കുന്നത്. എന്നിട്ടും, യാഥാർഥ്യങ്ങൾ തിരിച്ചറിയാതെ കപട ആഖ്യാനങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും പിന്നാലെ പോകുന്ന പ്രവണത ഈ പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ല. നിരന്തരം അപവാദങ്ങൾ പ്രചരിപ്പിച്ചും കലയുടെയും സാഹിത്യത്തിന്റെയും പേരിൽ അവഹേളനങ്ങൾ ചൊരിഞ്ഞും സന്യസ്തരുടെ ആത്മവീര്യത്തെയും പ്രവർത്തന തീക്ഷണതയെയും ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.
കടപ്പാട് : Voice of Nuns
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group