അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം? ആകാംക്ഷയിൽ വിശ്വാസിസമൂഹം.

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. ഹര്‍ലിംഗ്ഹാമിലെ സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ ഇടവക ദേവാലയമാണ് അത്ഭുത ചിത്രത്തിനെ തുടര്‍ന്നു ചര്‍ച്ചകളില്‍ ഇടംനേടുന്നത്. നിലത്തു വീണതിന്റെ പേരില്‍ അലിയിച്ചു കളയുവാന്‍ മാറ്റിവെച്ച തിരുവോസ്തികളില്‍ രക്തക്കട്ട രൂപപ്പെട്ടുവെന്നാണ് ഇടവകക്കാര്‍ പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-ലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണ് ഈ അത്ഭുതം സംഭവിച്ചതെന്ന്‍ ‘ചര്‍ച്ച് പോപ്‌’ന്റെ റിപ്പോര്‍ട്ടിലും പറയുന്നു. ദിവ്യകാരുണ്യ അത്ഭുതമെന്ന പേരില്‍ ഫോട്ടോകളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ദേവാലയം വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ തിരുവോസ്തികള്‍ തറയില്‍ വീണുവെന്നും, ഇടവക വികാരിയോടു വിവരം പറഞ്ഞപ്പോള്‍ അലിഞ്ഞില്ലാതാകുവാന്‍ വേണ്ടി വെള്ളം നിറച്ച ഗ്ലാസ്സില്‍ തിരുവോസ്തികള്‍ നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നുമാണ് കാത്തലിക് ക്ലിക്കിന്റെ പോസ്റ്റില്‍ പറയുന്നത്. പിറ്റേദിവസം അതായത് ഓഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗ്ലാസ് പരിശോധിച്ചവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. തിരുവോസ്തി ഇട്ടുവെച്ച ഗ്ലാസ്സിലെ വെള്ളം പിങ്ക് നിറത്തില്‍ രക്തകട്ടയോട് കൂടി കട്ടിയുള്ള വസ്തുവായി മാറുകയാണ് ഉണ്ടായതെന്നാണ് പറയുന്നത്.

സന്ധ്യക്ക് 6 മണിയോടെയാണ് അത്ഭുതം പൂര്‍ണ്ണമായത്. രക്തപിണ്ഡത്തിന് സമാനമായി മാറിയ തിരുവോസ്തി ഇപ്പോള്‍ മൊറോണിലെ മെത്രാന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അതേസമയം ദിവ്യകാരുണ്യ സംഭവത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മൊറോണ്‍ രൂപത പ്രസ്താവന പുറത്തുവിട്ടു. വാഴ്ത്തപ്പെടാത്ത തിരുവോസ്തികള്‍ ആയതിനാല്‍ ഇതൊരു ദിവ്യകാരുണ്യ അത്ഭുതമല്ലെന്നാണ് രൂപതാ വക്താവ് ഫാ. മാര്‍ട്ടിന്‍ ബെര്‍ണാല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ വിശ്വാസികളുടെ സമാധാനത്തിനായി തിരുവോസ്തികള്‍ ലാബിലെ പരിശോധനക്കും വിശകലനത്തിനുമായി അയക്കുമെന്നു രൂപതാ മെത്രാന്‍ ജോര്‍ഗ് വാക്വാസ് വ്യക്തമാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group