ഭാരതമെന്ന നമ്മുടെ നാടിന്റെ മഹത്തായ പാരന്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിമാനത്തോടെ ചിന്തിക്കാനും സംസാരിക്കാനുമാണ് എന്നും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. ഇന്ത്യക്കു പുറത്തേക്കു യാത്രചെയ്തപ്പോഴൊക്കെയും ഭാരതസംസ്കാരത്തിന്റെ ശ്രേഷ്ഠമൂല്യങ്ങളെ എടുത്തുപറയാൻ കിട്ടിയ അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്തി. അവയിൽ പ്രഥമസ്ഥാനം ഇന്ത്യയുടെ മതേതരത്വത്തിനും ആത്മീയതയ്ക്കുമാണ്; എന്നും അങ്ങനെ ആയിരിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
എങ്കിലും ഇപ്പോൾ ഒരാശങ്കയും ഉത്കണ്ഠയും മറ്റനവധി ആളുകളെയെന്നപോലെ എന്നെയും വേട്ടയാടുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന, ലോകം പ്രശംസിക്കുന്ന മതേതരത്വം ഇന്ത്യക്കു നഷ്ടപ്പെടുമോ? ലോകത്തിനുതന്നെ പ്രചോദനമായിട്ടുള്ള ഇന്ത്യയുടെ ധാർമിക- ആത്മീയദർശനം പുറന്തള്ളപ്പെടുമോ?
ഇന്ത്യൻ മതേതരത്വം മതസ്വാതന്ത്ര്യമാണ്. ഒരാൾക്കു തന്റെ മനഃസാക്ഷിയനുസരിച്ച് ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുക്കാനും ജീവിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്. മതവിശ്വാസത്തിന്റെ പേരിൽ മുൻഗണനയോ അവഗണനയോ ഒരു ഇന്ത്യൻ പൗരൻ അനുഭവിക്കാൻ പാടില്ലെന്നുള്ള ചിന്തയാണു ഭരണഘടനാ ശില്പികൾക്ക് ഉണ്ടായിരുന്നത്. സമത്വം, സ്വാതന്ത്ര്യം, സeഹോദര്യം എന്ന മഹത്തായ ആദർശത്തിന്റ സുന്ദരമായ ആവിഷ്കാരം ഇന്ത്യൻ ഭരണഘടനയെ ലോകോത്തരമാക്കി. ഇതിനുമേൽ കരിനിഴൽ വീഴുകയാണോ എന്നു ഭയപ്പെടുന്നു.
സംരക്ഷിക്കപ്പെടേണ്ട ഭരണഘടന
ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത്, മഹാഭൂരിപക്ഷത്തോടെ ആരെങ്കിലും അധികാരത്തിലെത്തുകയും അവർ സ്വേച്ഛാധിപതികളായി മാറുകയും ചെയ്താൽ, യഥേഷ്ടം നിയമങ്ങൾ ഉണ്ടാക്കാനും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ അവകാശങ്ങൾ നിഷേധിക്കാനും അവർക്കു കഴിയും. ഈ അപകടസാധ്യത മുൻകൂട്ടിക്കണ്ടാണു മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കു സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വകുപ്പുകൾ ഭരണഘടനയിൽത്തന്നെ ഉൾപ്പെടുത്തിയത്. ഈ ഭരണഘടനയെ ചോദ്യംചെയ്യുകയോ അവഗണിക്കുകയോ ചെയ്യുന്ന നടപടികൾ ഭരണഘടനാനുസൃതമായി ഭരണം നടത്താൻ പ്രതിജ്ഞാബദ്ധരായ അധികാരികളിൽനിന്ന് ഉണ്ടാകാൻ പാടില്ല.
1950 ജനുവരി 26-നു നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാർക്കും സാന്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ നീതിയും, വിശ്വാസത്തിനും ചിന്തയ്ക്കും ആവിഷ്കാരത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, സ്ഥിതിയിലും അവസരങ്ങളിലും സമത്വവും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടന ഉത്കൃഷ്ടവും ഏതൊരു ഇന്ത്യൻ പൗരനും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും നൽകുന്നതുമാണ്. ഇന്ത്യയുടെ സമഗ്രപുരോഗതിക്കും സമാധാനഭദ്രതയ്ക്കും ഈ അവസ്ഥ നിലനിൽക്കേണ്ടത് അനിവാര്യമാണ്.
ഇന്ത്യക്കാർ ആര്?
ചരിത്രാതീതകാലംമുതൽ ഇന്ത്യയിൽത്തന്നെ ഉണ്ടായിരുന്നവരും കാലാകാലങ്ങളിൽ ഇവിടെ കുടിയേറി ഇന്ത്യയെ വരിക്കുകയും ഇന്ത്യ സ്വന്തമാക്കുകയും ചെയ്തവരുമായ വിവിധ വംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജനതയാണ് ഭാരതം. ഇവരിൽ ആർക്ക് ആരെയാണ് തള്ളിപ്പറയാൻ കഴിയുക! നാനാത്വത്തിലെ ഏകത്വം മുഖമുദ്രയായി വിവിധ വംശങ്ങൾ ഒന്നുചേർന്നു രൂപംകൊണ്ട ഭാരതജനത ഭാരതത്തിന് സ്വന്തമാണ്, ഭാരതം അവർക്കും. ഭാരതം അവർക്കെല്ലാം മാതൃരാജ്യംതന്നെ.
‘ഇന്ത്യൻ സംസ്കാരം’ എന്ന വിശാലമായ അർഥമാണ് ‘ഹിന്ദുത്വം’ എന്ന പദത്തിന് പണ്ടുമുതലേ കല്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സംസ്കാരം ഉൾക്കൊണ്ടു ജീവിക്കുന്ന ഒരു ജനതയാണു ‘ഹിന്ദു’. സിന്ധുനദിയുടെ അക്കരെ വസിക്കുന്ന ജനതയെ ഉദ്ദേശിച്ചാണ് പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും ജനങ്ങൾ ‘ഹിന്ദു’ എന്നു വിളിച്ചത്. സിന്ധുവിന് ഇംഗ്ലീഷിൽ പറയുന്നത് ‘ഇൻഡസ്’ എന്നാണ്. ഈ വാക്കിൽനിന്നാണ് ഹിന്ദു, ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നിങ്ങനെയുള്ള വാക്കുകൾ രൂപംകൊണ്ടത്.
ഇന്ത്യയിൽ വസിക്കുന്ന വിവിധ മതവിശ്വാസികൾ ഉൾപ്പെടെയുള്ള ജനതയെ സൂചിപ്പിച്ചിരുന്ന ‘ഹിന്ദു’ എന്ന പദത്തിന് അതിന്റെ വിശാലമായ അർഥം നഷ്ടപ്പെട്ടിരിക്കുന്നു. ഹിന്ദുമതം എന്ന അർഥത്തിലാണ് ഇന്നതു മനസിലാക്കപ്പെടുന്നത്. ‘അഹിംസാത്മകമായ മാർഗങ്ങളിൽക്കൂടിയുള്ള സത്യാന്വേഷണം’ എന്നാണ് മഹാത്മാഗാന്ധി ഹിന്ദുമതത്തെ നിർവചിക്കുന്നത്. അതിനാൽ ഈശ്വരവിശ്വാസമില്ലാത്ത ഒരാൾക്കുപോലും താനൊരു ഹിന്ദുവാണെന്ന് പറയാമെന്നാണ് ഗാന്ധിജി പറയുന്നത്; അയാൾ ഒരു സത്യാന്വേഷിയാണെങ്കിൽ.
നാനാത്വത്തെ ഉൾക്കൊണ്ടു വളർന്ന ഇന്ത്യൻ മതേതരത്വം
ഇന്ത്യയിലേക്ക് കടന്നുവന്ന വിദേശീയ ഘടകങ്ങളെയും സംസ്കാരങ്ങളെയുമൊക്കെ ഇന്ത്യ ഉൾക്കൊണ്ടു. അതിൽനിന്ന് പുതിയൊരു സംസ്കാരം വികസിച്ചുവന്നു. ‘നാനാത്വത്തിലെ ഏകത്വം’ എന്നതാണ് അതിന്റെ അന്തഃസത്ത. ഇങ്ങനെ ഒരു സംസ്കാരത്തെ സൃഷ്ടിക്കാൻ ഇന്ത്യക്കാർക്കുള്ള കഴിവും മനസുമായിരുന്നു മനുഷ്യലോകത്തിനുള്ള ഇന്ത്യയുടെ സവിശേഷ സംഭാവനയെന്ന് ഡി.ഇ.എം. ജോഡിനെ ഉദ്ധരിച്ചുകൊണ്ടു ജവഹർലാൽ നെഹ്റു സാക്ഷ്യപ്പെടുത്തുന്നു.
ഭാരതജനതയെ ആഴത്തിൽ സ്വാധീനിച്ച ശ്രീബുദ്ധന്റെ സന്ദേശം സാർവത്രികമായ സൗഹൃദവും എല്ലാറ്റിനോടും സ്നേഹവുമായിരുന്നു. ഒരിക്കലും വിദ്വേഷംകൊണ്ടു വിദ്വേഷം ഇല്ലാതാകുന്നില്ല. മനുഷ്യൻ ക്രോധത്തെ കാരുണ്യംകൊണ്ടും തിന്മയെ നന്മകൊണ്ടും ജയിക്കട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ബുദ്ധോപദേശത്തിൽ ആകൃഷ്ടനായി ബുദ്ധമതം സ്വീകരിച്ച അശോക ചക്രവർത്തി ഭാരതത്തിനെന്നും ആദരണീയനും അഭിമാനപാത്രവുമാണ്.
ആര്യ-ദ്രാവിഡ-പേർഷ്യൻ-സെമിറ്റിക്-മംഗോളിയൻ വംശങ്ങളുടെ സങ്കലനമാണ് ഇന്ത്യ. ഇന്ത്യയിലെത്തിയവർ ഈ സങ്കലനത്തിൽ ചിലതൊക്കെ ഇന്ത്യക്കു നൽകുകയും ചിലതൊക്കെ ഇന്ത്യയിൽനിന്ന് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയും ഇറാനും (പേർഷ്യ) തമ്മിലുള്ള ബന്ധം അതിപുരാതനമാണ്. ഈ ബന്ധം ക്രമേണ പുതിയൊരു വാസ്തുശില്പ സംസ്കാര വികസനത്തിനും കാരണമായി. അതിന്റെ മകുടോദാഹരണമാണു താജ്മഹൽ.
ഏതാണ്ട് 13 നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറാനിൽനിന്ന് ഇന്ത്യയിലേക്കു വന്ന സൊരാസ്ത്രിയ മതാനുയായികൾ ആണു പാർസികൾ. ഇന്ത്യ അവർക്ക് സ്വന്തം വീടായി; സന്തോഷത്തോടെ അവർ ഇവിടെ ഇണങ്ങിച്ചേർന്നു. ഒപ്പം തങ്ങളുടെ പൂർവാചാരങ്ങൾ കൈമോശം വരാതെ കാത്തുസൂക്ഷിച്ചു; വ്യക്തിത്വം നിലനിർത്തി സമാധാനത്തോടെ കഴിഞ്ഞു; ആരെയും വിഴുങ്ങിയില്ല, ആരാലും വിഴുങ്ങപ്പെട്ടുമില്ല. ഇന്ത്യയുടെ പൈതൃകസംസ്കാരത്തിന്റെ ഒരു സുന്ദരമുഖം.
ഇപ്രകാരം ന്യൂനപക്ഷങ്ങളോടു സഹിഷ്ണുത പുലർത്തി പ്രോത്സാഹിപ്പിക്കുകയും, മതം, സംസ്കാരം, ഭാഷ ഇവയ്ക്കെല്ലാം സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഇന്ത്യൻ ജനാധിപത്യം. അങ്ങനെയായിരിക്കണമെന്ന് ഭരണഘടന നിശ്ചയിച്ചു.
ഏഷ്യൻ വൻകരയിൽ ജന്മംകൊണ്ട ക്രിസ്തുമതം അതിന്റെ ആരംഭത്തിൽതന്നെ ഇന്ത്യയിലും കേരളത്തിലുമെത്തി. ഒന്നാം ശതകത്തിന്റെ മധ്യത്തിൽ കേരളത്തിൽ അടിത്തറപാകിയ ക്രിസ്തീയവിശ്വാസം ഏറ്റുവാങ്ങിയ കേരളമക്കൾ അംഗസംഖ്യയിൽ ചെറുതെങ്കിലും പൊതുസമൂഹത്തിൽ നിർണായക സംഭാവനകൾ നൽകി സാന്നിധ്യമുറപ്പിച്ചു. വിശ്വാസത്തിനു കോട്ടം വരുത്താതെ തങ്ങളുടെ സ്വന്തം ഭാരതസംസ്കാരത്തിൽ വേരുപിടിച്ച ജീവിതശൈലിയായിരുന്നു അവരുടേത്. ഭാരതം എന്നും അവരുടെ സ്വന്തം നാടാണ്. ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അവർ പുറന്തള്ളപ്പെട്ടുമില്ല. ക്രിസ്തീയമൂല്യങ്ങൾ ഭാരതസംസ്കാരത്തിനു ശോഭ കൂട്ടിയിട്ടേയുള്ളൂ.
ഇപ്രകാരം മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ആവശ്യമായ സ്വാതന്ത്ര്യവും സംരക്ഷണവും നൽകുകയും ജാതി- മത- വർഗ വിവേചനം പുലർത്താതെ തുല്യനീതിയും സമത്വവും ഉറപ്പുനൽകുകയും ചെയ്യുന്ന ഭരണഘടനയും മതേതരത്വ ഭാവവുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം. അതിനു മങ്ങലേൽപ്പിക്കുന്ന ചില നടപടികളും നിലപാടുകളും ഒളിഞ്ഞും തെളിഞ്ഞും സംഭവിക്കുന്നതായി അനുഭവപ്പെടുന്നു. ന്യൂനപക്ഷാവകാശങ്ങൾക്കു വേണ്ടിയുള്ള സംവിധാനങ്ങളിൽത്തന്നെ വിവേചനത്തിന്റെ കലർപ്പ് കാണുന്നു.
കാവൽക്കാരാൽതന്നെ ധ്വംസിക്കപ്പെടുന്ന ചില ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനു പലപ്പോഴും കോടതി കയറേണ്ടിവരുന്നു. ഭൂരിപക്ഷബലവും രാഷ്ട്രീയലാഭസാധ്യതയും മുൻനിർത്തിയുള്ള നയങ്ങളും തീരുമാനങ്ങളും ദുർബല ന്യൂനപക്ഷവിഭാഗങ്ങൾക്കു നീതി നിഷേധിക്കപ്പെടാൻ ഇടയാക്കുന്നു. നീതിനിർവഹണത്തിന്റെ അത്യുന്നതപീഠത്തിന്റെപോലും വിശ്വാസ്യതയ്ക്കു കോട്ടം വരുന്നുവോ എന്ന് ആശങ്ക ഉയരുന്നു. എല്ലാ പ്രതീക്ഷയും അർപ്പിച്ചിരിക്കുന്ന ഭരണഘടനതന്നെ തിരുത്തപ്പെടുമോ എന്ന ഭീതിയും വളരുന്നു.
മതപീഡനം
ക്രൈസ്തവപീഡനം സംബന്ധിച്ച് ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ നൽകുന്ന വിവരങ്ങൾ ആശങ്കയും അരക്ഷിതബോധവും ഉളവാക്കുന്നതാണ്. 2018-19 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവപീഡനം നടന്നതും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നതിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ 10 രാജ്യങ്ങളിലൊന്ന് (അവ മിക്കവയും മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളാണ്) ഇന്ത്യയാണ്. ഇന്ത്യനാകുന്നതിന് ഹിന്ദുവാകണമെന്നുള്ള മുറവിളി ഹിന്ദു ദേശീയവാദികൾ ഉയർത്തുന്നു. ക്രിസ്ത്യാനികളുടേത് വൈദേശികവിശ്വാസമാണെന്ന് അവർ ആരോപിക്കുന്നു. പല കാര്യങ്ങളിലും ക്രിസ്ത്യാനികൾക്ക് വിവേചനം നേരിടേണ്ടിവരുന്നു.
അടുത്തകാലത്ത് ഇന്ത്യയിൽ മതദേശീയവാദം ശക്തിപ്പെടുകയും മതപീഡനങ്ങൾ വർധിക്കുകയും ചെയ്യുന്നതായി കാണുന്നു. 2016-ൽ 358-ഉം 2017-ൽ 736-ഉം ആക്രമണങ്ങൾ മതതീവ്രവാദികളിൽനിന്ന് ക്രൈസ്തവർക്കു നേരിടേണ്ടിവന്നിട്ടുണ്ട്. 2018-ൽ 447-ഉം 2019-ൽ 527-ഉം 2020-ന്റെ ആദ്യപകുതിയിൽ 428-ഉം ക്രൈസ്തവപീഡനങ്ങൾ ഇന്ത്യയിൽ നടന്നതായി രേഖപ്പെടുത്തപ്പെട്ടു. ഈ കാലയളവിൽ നിരവധി പള്ളികൾ മതതീവ്രവാദ സമ്മർദംമൂലം അടച്ചുപൂട്ടപ്പെടുകയും ചെയ്തു. ആദിവാസിമേഖലകളിലെ പള്ളികൾ നിരോധിക്കണമെന്നാണ് ഒരു വിശ്വ ഹിന്ദുപരിഷത്ത് നേതാവിന്റെ ആവശ്യം. ആദിവാസികളിൽ ബഹുഭൂരിപക്ഷവും വിവിധ മതാചാരങ്ങൾ അനുഷ്ഠിക്കുന്നവരാണ്. എങ്കിലും അവരെയൊക്കെ ഹിന്ദുക്കളായിട്ടാണ് സർക്കാർ കണക്കിൽ പെടുത്തിയിരിക്കുന്നത്. മതതീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തത് ക്രൈസ്തവപീഡനത്തിനു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപണമുണ്ട്.
മതതീവ്രവാദികളുടെ തേരോട്ടം ഒഡീഷയിലെ കന്ധമാലിൽ കണ്ടതാണ്. ക്രൂരമായ ആ ആക്രമണത്തിൽ 400-ഓളം പള്ളികൾ നശിപ്പിക്കപ്പെട്ടു; 5600-ലധികം വീടുകൾ കൊള്ളയടിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. 600 ഗ്രാമങ്ങൾ കൊള്ളയടിക്കപ്പെട്ടു, 60000-ലധികം ആളുകൾ ഭവനരഹിതരായി. അനേകം സ്ത്രീകൾ ലൈംഗികാതിക്രമത്തിനു വിധേയരാക്കപ്പെട്ടു; 100-ഓളം പേർ കൊല്ലപ്പെട്ടു.
ഫാ. സ്റ്റാൻസ്വാമിയുടെ അനുഭവം
ചൂഷിതരും നീതി നിഷേധിക്കപ്പെട്ടവരുമായ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ഫാ. സ്റ്റാൻസ്വാമിയോടു കാണിച്ച ക്രൂരത, ഭരണഘടനാനുസൃതമായ നീതിക്കും അവകാശങ്ങൾക്കുംവേണ്ടി നിസ്വാർഥമായി യത്നിക്കുന്നവർക്ക് സംരക്ഷണം നൽകാൻ ഇന്നത്തെ ഭരണസംവിധാനം തയാറല്ല എന്നതിന്റെ മുന്നറിയിപ്പാണോ? ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ അപകടത്തിൽ ആയിരിക്കുന്നുവോ എന്നു ബലമായി സംശയിക്കുന്നു. മതസഹിഷ്ണുതയും പരസ്പരവിശ്വാസവും ചോർന്നുപോകുന്നു എന്ന തോന്നൽ! മതവികാരത്തിന്റെയും വർഗീയതയുടെയും പിൻബലത്തിൽ രാഷ്ട്രീയാധികാരം സർവാധിപത്യമായി പരിണമിക്കുമോ? ബലഹീനരും ന്യൂനപക്ഷങ്ങളും തീർത്തും പിന്തള്ളപ്പെടുമോ? ആകെ ഒരാശങ്ക!
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group