കൊച്ചി: വിശുദ്ധ ചാവറയച്ചന്റെ നവോത്ഥാന മുന്നേറ്റങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്ത നവോത്ഥാന വിരുദ്ധരാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പുതുതലമുറയിലേയ്ക്ക് തെറ്റായ ചിന്തകള്‍ ബോധപൂര്‍വ്വം അടിച്ചേല്‍പ്പിച്ച് ഈ നാടിന്റെ നവോത്ഥാന ചരിത്രത്തെ കളങ്കപ്പെടുത്താതെ പാഠപുസ്തകങ്ങളില്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്ത് ചാവറയച്ചനെ ഉള്‍പ്പെടുത്താത്തത് ചോദിച്ചപ്പോള്‍ മറ്റ് രണ്ടു ക്ലാസുകളിലെ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നുള്ള ന്യായീകരണം ബാലിശമാണ്. കേരളത്തിന്റെ നവോത്ഥാന നായകരുടെ കൂട്ടത്തില്‍ നിന്ന് ചാവറയച്ചനെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചത് ഏറെ ദുഃഖകരമാണ്.
കേരളത്തില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ല്‍ വില്യം തോബിയാസ് റിംഗില്‍ട്ടേവ് എന്ന ജര്‍മ്മന്‍ മിഷനറി നാഗര്‍കോവിലിനു സമീപമുള്ള മൈലാടിയില്‍ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവര്‍ണ്ണര്‍ക്കു മാത്രമുണ്ടായിരുന്ന വിദ്യാഭ്യാസ പരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കുവാന്‍ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സവര്‍ണ്ണര്‍ക്കായി സ്‌കൂളുകള്‍ ആരംഭിച്ചപ്പോള്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി തെക്കന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യതിരുവിതാംകൂറിലും റാഫേല്‍ അര്‍കാന്‍ഹല്‍ എന്ന മിഷനറിയുടെ നേതൃത്വത്തില്‍ വടക്കന്‍ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന സമുദായ സംഘടനകളോ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ലന്നുള്ളത് പൊതുസമൂഹം തിരിച്ചറിയണം.
സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നെഞ്ചു നിവര്‍ത്തി നിന്ന് പടവെട്ടിയ നവോത്ഥാന നായകനാണ് ചാവറയച്ചന്‍. അറിവിന്റെ വെളിച്ചം പകര്‍ന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനസാക്ഷിയോട് ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. തീണ്ടലിനും തൊടീലിനുമെതിരെ നടന്ന പ്രക്ഷോഭങ്ങള്‍, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാര്‍ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കും വേണ്ടി നടന്ന പുലയലഹള, ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍, തുടങ്ങിയ സാമൂഹിക മാറ്റങ്ങള്‍ക്ക് ഈ മണ്ണില്‍ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും ഫലവത്താക്കിയത് ആദര്‍ശ ശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള ചാവറയച്ചനുള്‍പ്പെടെയുള്ള നവോത്ഥാന നായകരുമാണെന്നിരിക്കെ ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഢികളാക്കുവാന്‍ ശ്രമിക്കുന്നവര്‍ വരും നാളുകളില്‍ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group