അഗ്നിപഥ് ഒരു നല്ല കാൽവെയ്പ്പ് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
ജര്മനിയിലും യുറോപ്പിലുള്ള മറ്റു രാജ്യങ്ങളിലും നിർബന്ധിത മിലിറ്ററി സർവീസ് നിലവിലുണ്ട്. 18 വയസു തികയുന്ന എല്ലാവരും രണ്ടു കൊല്ലം നിർബന്ധിത മിലിറ്ററി സർവീസ്, അല്ലെങ്കിൽ (ഇനി മിലിറ്ററി സർവീസ് ഇഷ്ടമില്ലാത്തവർ) സാമൂഹ്യസേവനം നടത്തണം. (1973 വരെ അമേരിക്കയിലും ഇത് നടന്നിരുന്നു).
സാമൂഹ്യസേവനം നടത്തുന്നത് വെറുതെ പേരിനുള്ള സേവനമല്ല, ശാരീരിക വൈകല്യം ഉള്ളവർക്കായുള്ള ആശുപത്രികളിലാണ് സാമൂഹ്യസേവനം നടത്തുന്നത്; ഉദാഹരണത്തിന് Multiple Sclerosis ബാധിച്ചവർക്കുള്ള ആശുപത്രികളിലും മറ്റുമാണ് സാമൂഹ്യ സേവനം ചെയ്യേണ്ടത്.
ഈ രണ്ടു കൊല്ലാതെ മിലിറ്ററി സർവീസ് രാജ്യത്തിനുവേണ്ടിയുള്ള സേവനമായിട്ടാണ് അവർ കാണുന്നത്.രണ്ടു കൊല്ലത്തെ മിലിറ്ററി സർവീസ് ഇവിടെ ഇന്ത്യയിൽ നടപ്പാക്കണം എന്ന് മുൻ പ്രധാനമന്ത്രിമാർക്കും, പല പ്രാവശ്യം ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും ഞാൻ എഴുതിയിട്ടുണ്ട്.
രണ്ടു കാരണങ്ങൾ കൊണ്ടാണ് അത് നടപ്പാക്കണമെന്ന് ഞാൻ നിർദേശിച്ചത്:
🔶രണ്ടു കൊല്ലം മിലിറ്ററിയിൽ സർവീസ് ചെയ്യുമ്പോൾ യുവാക്കളുടെ ശരീരത്തിന് നല്ല ദൃഢത ലഭിക്കും. മിലിറ്ററിയിൽ ഉള്ള ഫിസിക്കൽ ട്രെയിനിങ് അപ്രകാരമുള്ളതാണ്. രണ്ടു കൊല്ലക്കാലം ഇത്തരം നല്ല ഫിസിക്കൽ ട്രെയിനിങ് കിട്ടുക എന്നത് ചെറുപ്പക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഈ ഫിസിക്കൽ ട്രൈനിങ്ങിലൂടെ, ഏതു ജോലിയും ചെയ്യാനും, ഏതു കഠിനമായ പ്രവർത്തിയും ഏറ്റെടുക്കാനും ഉള്ള മനസിന്റെ ദൃഢത കൂടെ അവർക്കു ലഭിക്കും.
🔶 നമ്മുടെ യുവാക്കൾക്ക് ഡിസ്‌സിപ്ലിൻ പോരാ എന്ന് എല്ലാവര്ക്കും അറിയാം. മിലിറ്ററിയിൽ രണ്ടു കൊല്ലം സർവീസ് ചെയ്‌താൽ തീർച്ചയായും അവർക്കു നല്ല ഡിസ്‌സിപ്ലിൻ കിട്ടും. ആർമിയിൽ ആർക്കും തോന്നുന്നപോലെ ജീവിക്കാനാവില്ല. അവിടെ അതോറിറ്റി ഉണ്ട്. അതോറിറ്റി ഉള്ളവനെ ബഹ്‌മാനിച്ചേ മതിയാകൂ.
കൂടാതെ ആർമിയിൽ നിയമങ്ങൾ ഉണ്ടാകും, നമ്മുടെ സാമാന്യ ജീവിതത്തിലെ പ്പോലെ “വേണേൽ അനുസരിക്കാം,അല്ലേൽ വേണ്ട” എന്നത് ആർമിയിൽ നടക്കില്ല. അവിടെ നിയമങ്ങൾ അനുസരിച്ചേ പറ്റൂ. അല്ലെങ്കിൽ അനുസരിപ്പിക്കും. രണ്ടു കൊല്ലം കൊണ്ട് നല്ല ഡിസ്‌സിപ്ലിൻ ഉള്ള യുവാക്കളായി അവർ മാറും. അത് സമൂഹത്തിനും, ഇവിടുത്തെ നിയമവ്യവസ്ഥക്കും എത്രയോ നല്ലതാണ്.
അഗ്നിപഥ് സ്‌ക്കിമിലേക്കു തെരഞ്ഞെടുക്കപ്പെടു ന്നവരെ “അഗ്നിവീർ” എന്നാണ് വിളിക്കുക. അഗ്നിവീർ ആയി തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾക്ക് നാല് തരത്തിലുള്ള ഗുണങ്ങളാണ് ലഭ്യമാകുന്നത്:
🔷ഞാൻ മുൻപ് വിവരിച്ച രീതിയിലുള്ള ശാരീരിക ദൃഡത ലഭിക്കുന്നു. നാല് കൊല്ലം ഉള്ളത് കൊണ്ടും, അത് അവരുടെ ഒത്ത യുവത്വത്തിന്റെ കാലം ആയതുകൊണ്ടും, ശാരീരിക ദൃഡത ഈ പ്രായത്തിലാണ് കിട്ടേണ്ടത്. നല്ല ആരോഗ്യമുള്ള അടുത്ത തലമുറയെ വാർത്തെടുക്കാൻ അത് തീർച്ചയായും ഉപകാരപ്രദമാകും.
🔷രണ്ടാമത്തേതു, ഞാൻ മുകളിൽ പറഞ്ഞതുപോലെ നിയമവ്യവസ്ഥയോടുള്ള ബഹുമാനവും പ്രതിബദ്ധതയും ഈ നാല് കൊല്ലം കൊണ്ട് ഉണ്ടാകും. നിയമത്തോടുള്ള ബഹുമാനവും പ്രതിബദ്ധതയും സമൂഹസൃഷ്ടിക്കു എത്രയോ പ്രധാനമാണ്. രണ്ടുകൊല്ലത്തിനു പകരം നാല് കൊല്ലമായതു കൊണ്ട് ഇക്കാര്യം ഒന്നുകൂടെ നന്നാകും.
🔷അഗ്നിവീർ ആയി ജോലിചെയ്യുമ്പോൾ 30000 രൂപ ശമ്പളമായി ലഭിക്കുന്നത് നിസ്സാര കാര്യമല്ല. കൂടാതെ നാലുകൊല്ലത്തെ സേവനം കഴിഞ്ഞു ഇറങ്ങുന്നവർക്കു 11 (പതിനൊന്നു) ലക്ഷത്തിലേറെ രൂപ പെൻഷൻ പോലെ ലഭിക്കുന്നതും നിസ്സാര കാര്യമാണോ? ഈ പതിനൊന്നു ലക്ഷം രൂപ കൊണ്ട് ഒരു ചെറുപ്പക്കാരന് എന്തെല്ലാം ചെയ്യാം? പുതിയ ഒരു ബിസിനസ് തുടങ്ങാനുള്ള സീഡ് മണിയായി ഇത് തീർച്ചയായും ഉപയോഗപ്പെടുത്താം.
🔷കോളേജിൽ പോകേണ്ട കാലഘട്ടത്തിലാണ് അഗ്നിവീർ ആയി സേവനം ചെയ്യുന്നത് എന്ന കാര്യം കണക്കിലെടുത്തു, ഈ നാലുകൊല്ലത്തെ ട്രെയിനിങ്ങും കൂട്ടത്തിൽ ഓരോ വ്യക്തിയും ചെയ്യുന്ന വിഷയ സംബന്ധിയായ പഠനവും കൊണ്ട് ഒരു ബാച്‌ലർ ഡിഗ്രി എടുക്കാനുള്ള അവസരവും ഈ യുവാക്കൾക്ക് കിട്ടുന്നു. ഇതിനായി കേന്ദ്ര സർക്കാർ IGNOU-വുമായി ധാരണാപത്രം ഒപ്പിട്ടിട്ടുമുണ്ട്. ഇതും ഈ ചെറുപ്പക്കാര്ക്ക് വലിയ ഒരു അനുഗ്രഹമാണ്. പഠിക്കാൻ ഉദ്ദേശിച്ചിരുന്ന വിഷയത്തിൽ ഇതേ കാലയളവുകൊണ്ടു ഒരു ഡിഗ്രി എടുക്കാനുള്ള സൗകര്യം ചെയ്തിരിക്കുന്നതും വളരെ സ്തുത്യർഹമായ കാര്യമാണ്. ഈ ചെറുപ്പക്കാർക്ക് ഈ സമയം വിദ്യാഭ്യാസപരമായി ഒരു നഷ്ടക്കച്ചവടം ആകുന്നില്ല.
🔷പല സംസ്ഥാനങ്ങളിൽ നിന്നും ഭാഷ ഭാഗങ്ങളിൽ നിന്നും വരുന്ന യുവാക്കൾ മിലിറ്ററിയിൽ ജീവിക്കുമ്പോൾ പരസ്പരം മനസിലാക്കാനും ഉള്കൊള്ളാനുമുള്ള മനസ് അവർക്കുണ്ടാകും, നമ്മുടെ രാജ്യം എന്ന വികാരം ദൃഢമാകും എന്നതിന് സംശയമില്ല. നാഷണൽ ഇന്റഗ്രേഷനുള്ള നല്ല ഒരു മാർഗം കൂടിയാണിത്.
അഗ്നിപഥ് എന്ന സ്കീം തുടങ്ങുന്ന കേന്ദ്ര സർക്കാരിനെ ഞാൻ അനുമോദിക്കുന്നു.
ഇതിനെതിരായി പറയുന്ന ന്യായങ്ങളൊക്കെ വെറും ഊഹാപോഹങ്ങളാണ്. അഗ്‌നിപതിനു എതിരായി പായുന്ന ന്യായങ്ങളൊന്നും നിലനിൽക്കുന്നതല്ല.
🔶 ചിലർ ചോദിക്കുന്നത് നാല് വര്ഷം കൊണ്ട് എന്ത് ട്രെയിനിങ് കിട്ടുമെന്നാണ്. തീർച്ചയായും നാല് വര്ഷം ചെറിയ ഒരു സമയമല്ല. നന്നായി ഒരു കാര്യത്തിൽ അവഗാഹം നേടാൻ ആവശ്യമായ സമയം തന്നെയാണ്. മൂന്ന് കൊല്ലംകൊണ്ട് ഒരു ഡിഗ്രി എടുക്കുന്നില്ലേ? രണ്ടുകൊല്ലം കൊണ്ട് ഒരു പോസ്റ്റ് ഗ്രേഡുയേഷൻ? നാല് കൊല്ലം കൊണ്ട് ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന 40,000 യുവാക്കൾക്ക് ഒന്നാന്തരം മിലിറ്ററി ഡിസിപ്ലിനും ശാരീരിക ദൃഡതയും ലഭ്യമാകും എന്നത് നിസ്സാര കാര്യമാണോ ?
🔶മിലിട്ടറിയുടെ ഏതെങ്കിലും ഒരു വിഭാഗത്തിൽ അവഗാഹം നേടാനും ഈ നാല് കൊല്ലം ധാരാളം മതിയാകും.
🔶ഏതെങ്കിലും കാലത്തു ഒരു യുദ്ധം ഉണ്ടാകുന്നു എന്ന് വിചാരിക്കുക, അപ്പോൾ ഇവരെ പ്രത്യേക ട്രെയിനിങ് കിട്ടിയതിനാൽ പട്ടാളത്തിലേക്കു നിര്ബന്ധമായി ചേർക്കാൻ സാധിക്കും. നോക്കുക, യുക്രൈൻ യുദ്ധത്തിൽ യുക്രൈനിലെ സാമാന്യ ജനങ്ങൾ വരെ യുദ്ധത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാൻ സാധിക്കുന്നത് അവർക്കെല്ലാം ചെറുപ്പത്തിൽ തന്നെ മിലിറ്ററി ട്രെയിനിങ് കിട്ടിയിട്ടുള്ള തുകൊണ്ടാണ്.
🔶പിരിഞ്ഞുപോകുമ്പോൾ 11 ലക്ഷം രൂപ ലഭിക്കുന്നത് നിസ്സാര കാര്യമല്ല. കൊല്ലം തോറും 30000 യൂവാക്കൾക്കു 11 ലക്ഷം രൂപ വെച്ച് കിട്ടുമ്പോൾ, തീർച്ചയായും അത്രയും പേർക്കെങ്കിലും എന്തെങ്കിലും കാര്യമായ പ്രസ്ഥാനം തുടങ്ങുവാൻ സാധിക്കും. അത്രയും പണം സമൂഹത്തിൽ വരുമ്പോൾ അതിന്റെ ഫലം സമൂഹത്തിനും ലഭ്യമാകും.
അഗ്നിപഥ് സ്കീം ഒരു അബദ്ധമാണെന്ന് ചില മാധ്യമ പ്രവർത്തകർ പറഞ്ഞിരിക്കുന്നത് കണ്ടു. വാസ്തവത്തിൽ അദ്ദേഹം പറയുന്നതാണ് തനി അബദ്ധം. നാല് വര്ഷം കൊണ്ട് ഒരു ചെറുപ്പക്കാരൻ ഒരു നല്ല സൈനികൻ ആകില്ലത്രേ! സൈനികന്റെ “ethos” നാല് വര്ഷം കൊണ്ട് കിട്ടില്ലത്രെ. എന്ത് അബദ്ധമാണ് പറയുന്നത്. നാല് വര്ഷം എന്ന കാലയളവുകൊണ്ടു ആരെല്ലാം എന്തെല്ലാം നേടുന്നു?
നാല് വര്ഷം കഴിയുമ്പോൾ 25 ശതമാനം പേരെയാണ് ആര്മിയിലേക്കു തുടരാൻ തെരഞ്ഞെടുക്കുക. എല്ലാ വ്യവസായത്തിലും എല്ലാ ട്രെയിനിങ് പ്രോഗ്രാമിലും അങ്ങനല്ലേ? കൊള്ളാത്തവരെ പറഞ്ഞു വിടും, വിടണം.
ഏതായാലും 18 വയസാകുന്ന 15 മില്യൺ (1.5 കോടി) ഇന്ത്യൻ യുവാക്കളുണ്ട്, കൊല്ലം തോറും. അതിൽ നിന്ന് 40,000 പേരെ മാത്രം തെരഞ്ഞെടുത്താൽ പോരാ എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ തുടങ്ങിയിരിക്കുന്നത് ഒരു പരീക്ഷണമായിട്ടാണ്. കൊല്ലം തോറും തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കൂട്ടണം എന്നാണ് എന്റെ അഭിപ്രായം.
കടപ്പാട് :ഫാ . സിറിയക്ക് തുണ്ടിയിൽ. CMI
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group