കാട്ടുപന്നി ശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മന്ത്രി എ.കെ.ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.
കർഷകർക്ക് ദ്രോഹം ചെയ്യുന്ന കാട്ടു പന്നികളെ കൊല്ലുന്നതിനുള്ള ഉത്തരവിടാൻ നിലവിൽ വനം വകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കു മാത്രമാണ് അധികാരമുള്ളത്. ഇതു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കൂടി നൽകുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും 18 ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനം നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ കേരളം ഈ നിർദ്ദേശം മുന്നാട്ടു വയ്ക്കും. ജനവാസകേന്ദ്രങ്ങളിലും കാർഷിക മേഖലയിലും ദ്രോഹംചെയ്യുന്ന ക്ഷുദ്രജീവികളിൽ നിന്നു രക്ഷനേടുന്നതിന് കർഷകർക്ക് അനുകൂലമായ നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിക്കുകയെന്നും -മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്നു മന്ത്രി ബിഷപുമായുള്ള ചർച്ചയിൽ ഉറപ്പു നൽകി.വനമേഖലയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമേ ഗവൺമെന്റ് എടുക്കുകയുള്ളൂ. ബഫർ സോൺ പ്രഖ്യാപനത്തിൽ ഇനിയും കൂടുതൽ കൃത്യത വരുത്തേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും പ്രശ്നമാകാത്ത രീതിയിൽ പ്രശ്നം പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. തുഷാരഗിരിയിൽ വനംവകുപ്പ് ഏറ്റെടുത്ത കൃഷിഭൂമി വിട്ടുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. താമരശ്ശേരി രൂപതാ ചാൻസലർ ഫാ.ബെന്നി മുണ്ടനാട്ടും ചർച്ചയിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group