ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം, ആരോഗ്യ -ക്ഷേമ പ്രവർത്തനം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (PMJVK). കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാരിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞവർഷം വരെ കേരളത്തിൽ ഒരു പ്രത്യേക ന്യൂനപക്ഷവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ മാത്രമേ മുഖ്യമായും ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ; ക്രൈസ്തവർ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങൾ വ്യാപകമായി ഒഴിവാക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിൽ പോലും ഇരാറ്റുപേട്ട മുൻസിപ്പാലിറ്റിയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയുമ്പോഴാണ് ഈ അനീതിയുടെ ആഴം ബോധ്യമാവുന്നത്.ഇത് കടുത്ത അനീതിയും മതവിവേചനവും എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന, മുന്നാക്ക പിന്നാക്ക വേർതിരിവില്ലാതെ തുല്യ അവകാശങ്ങൾ എന്നിങ്ങനെയുള്ള ഭരണഘടനാപരമായ ന്യുനപക്ഷ സംരക്ഷണതത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന പരാതി സീറോ മലബാർ പബ്ലിക് അഫയഴ്സ് കമ്മീഷനും വിവിധ ക്രൈസ്തവ സംഘടനകളും വ്യാപകമായി ഉന്നയിച്ചിരുന്നു. ഇവയൊക്കെ കണക്കിലെടുത്തു കൊണ്ടാവണം 2022 മുതൽ PMJVK യുടെ പരിഷ്കരിച്ച മാർഗരേഖ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. ക്രൈസ്തവർ ഉന്നയിച്ച പരാതികൾക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗനിർദേശങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.
ന്യുനപക്ഷക്ഷേമ പദ്ധതികളുടെ പശ്ചാത്തലം
രാജ്യത്ത് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ കണ്ടെത്തി അവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിവിധ സർക്കാർ സ്കീമുകൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത് 1987 ൽ ആണ്. 1971 ലെ സെൻസസ് പ്രകാരമുള്ള ന്യൂനപക്ഷ ജനസംഖ്യ എന്ന മാനദണ്ഡം നിശ്ചയിച്ച് 41 ന്യുനപക്ഷ കേന്ദ്രീകൃത ജില്ലകൾ കണ്ടെത്തി കേന്ദ്ര സർക്കാർ ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചു. അതിനു ശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് 1992 പ്രകാരം രാജ്യത്തെ ന്യുനപക്ഷ മതങ്ങൾ ഏതൊക്കയെന്ന് ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുകയും ഇവർക്കായി ദേശീയ തലത്തിൽ ഒരു ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വരികയും ചെയ്തു.
ഒന്നാം യു പി എ സർക്കാർ അധികാരത്തിൽ വന്നശേഷം ന്യുനപക്ഷ ക്ഷേമത്തിനായുള്ള Prime Minister’s New 15 Point Programme for Minorities 2005 ഫെബ്രുവരി 25 ന് പാർലമെന്റിൽ പ്രഖ്യാപിച്ചു. ( നേരത്തെ ഒരു പതിനഞ്ചിന പരിപാടി പൊതുവായി ഉണ്ടായുന്നതു കൊണ്ടാണ് ഇതിൽ New എന്ന് കൂട്ടിച്ചേർത്തത്). ന്യുനപക്ഷ തത്വങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു നയസമീപനമായിരുന്നു 2005 ലെ പദ്ധതിയിലുണ്ടായിരുന്നത്. ദേശീയ ന്യുനപക്ഷ കാര്യമന്ത്രാലയം 2006 ജനുവരി 29 ന് നിലവിൽ വന്നു. മുസ്ലിം ന്യുനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പ്രത്യേകമായി പഠിക്കുന്നതിനായി രജീന്ദർ സച്ചാർ കമ്മീഷൻ 2005 ൽ തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. ഈ കമ്മീഷൻ 2006 ൽ റിപ്പോർട്ട് സമർപ്പിച്ചു.
ഭരണഘടനാപരമായി ന്യുനപക്ഷങ്ങൾക്കുണ്ടായിരുന്ന തുല്യതയുടെ നഷ്ടപ്പെടലും അതുവരെ തുടർന്നുപോന്ന ന്യുനപക്ഷസംരക്ഷണ തത്വങ്ങളുടെ തമസ്കരണവുമാണ് പിന്നീട് നമ്മൾ കാണുന്നത്. ന്യുനപക്ഷക്ഷേമം എന്നാൽ മുസ്ലിം ക്ഷേമം എന്ന നിലയിലേയ്ക്ക് വ്യാഖ്യാനങ്ങൾ ഉണ്ടായി. ന്യുനപക്ഷക്ഷേമം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉപകരണമായി മാറിയതോടെ; എണ്ണത്തിൽ കുറഞ്ഞ, ക്രൈസ്തവർ ഉൾപ്പെടെയുള്ള മൈക്രോ മൈനോറിറ്റി വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടു. ഈ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഏതാനം സ്കോളർഷിപ്പുകളുടെ ചെറിയ ശതമാനം മാത്രമായി ചുരുങ്ങി.
മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാൻ
MsDP ന്യുനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ സോഷ്യോ – ഇക്കണോമിക് ഇൻഫ്രാസ്ട്രക്ച്ചർ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയെന്ന പേരിൽ 2008-09 കാലഘട്ടത്തിൽ ആരംഭിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കീഴിൽ അംഗീകാരം നൽകിക്കൊണ്ട് സച്ചാർ കമ്മിറ്റി നിർദേശപ്രകാരമുള്ള പദ്ധതി എന്ന നിലയിലാണ് ഇതിൻ്റെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നിരുന്നാലും ന്യുനപക്ഷക്ഷേമ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയെന്ന നിലയിൽ എല്ലാ ന്യുനപക്ഷവിഭാഗങ്ങളെയും ഇതിൽ നിയമപരമായി ഉൾപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 90 ന്യുനപക്ഷ കേന്ദ്രീകൃത ജില്ലകളിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇക്കാലയളവിൽ, കേരളത്തിൽ നിന്നും ക്രൈസ്തവ ജനസാന്ദ്രതയുള്ള ജില്ലകളിൽ ചുരുക്കം ചില പ്രോജക്ടുകൾക്കെങ്കിലുംഫണ്ട് ലഭിച്ചിരുന്നു.
ക്രൈസ്തവ മേഖലകളോടുള്ള വിവേചനം
രണ്ടാം യു പി എ സർക്കാരിന്റെ അവസാനം 2013-14 വർഷത്തിൽ MsDP പ്രൊജക്റ്റുകൾ നടപ്പിലാക്കുന്നതിനുള്ള പ്രദേശം തെരഞ്ഞെടുക്കുന്ന മാനദണ്ഡത്തിൽ കാര്യമായ ഭേദഗതികൾ ഉണ്ടായി. ന്യൂനപക്ഷ ജനസംഖ്യ അടിസ്ഥാനമാക്കി പദ്ധതിയുടെ കീഴിൽ ഉൾപ്പെടുന്ന ഒരു ജില്ല (MCD) മൊത്തമായും പരിഗണിക്കാതെ ;ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ ( MCB ), ന്യൂനപക്ഷ കേന്ദ്രീകൃത ടൗണുകൾ (MCT), ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജ് ക്ലസ്റ്ററുകൾ (COV) എന്നീ രീതിയിൽ പദ്ധതി പ്രദേശം ചുരുക്കി നിശ്ചയിച്ചു. ന്യൂനപക്ഷം എന്ന നിയമപരമായ നിർവചനത്തിനു പുറത്ത് പിന്നാക്ക ന്യൂനപക്ഷം എന്ന വിഭജനം നിയമവിരുദ്ധമായി സൃഷ്ടിച്ച് ‘പിന്നാക്ക ന്യുനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ’ കണ്ടെത്തിക്കൊണ്ടാണ് ഈ ‘ചുരുക്കൽ പ്രക്രിയ’ പ്രാബല്യത്തിൽ വരുത്തിയത്. MsDP പ്രോജക്ടുകൾ ഇപ്രകാരം 196 ജില്ലകളിൽ 25 ശതമാനമെങ്കിലും ‘പിന്നാക്ക ന്യൂനപക്ഷ’ ജനസംഖ്യയുള്ള 710 ബ്ലോക്കുകളിലും 66 ടൗണുകളിലുമായി കേന്ദ്രീകരിക്കപ്പെട്ടു. കേരളത്തിൽ മുസ്ലിം ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ഒട്ടനവധി പ്രദേശങ്ങളിൽ പ്രോജക്ടുകൾ നടപ്പിലായപ്പോൾ ക്രൈസ്തവ ന്യുനപക്ഷങ്ങൾ കൂടുതലായി അധിവസിക്കുന്ന ബ്ലോക്കുകൾ / വില്ലേജുകൾ /ടൗണുകൾ അധികവും ഒഴിവാക്കപ്പെട്ടു. ഈ നടപടിക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പി എം ജെവി കെ
ഒന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ കീഴിൽ MsDP പദ്ധതി 2016-17 കാലയളവ് വരെ തുടർന്നു. ഈ പദ്ധതിയുടെ പേര് 2017-18 മുതൽ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം എന്ന് ഭേദഗതി ചെയ്തുവെങ്കിലും MsDP യുടെ മാനദണ്ഡങ്ങൾത്തന്നെയാണ് തുടർന്നുപോന്നത്. കോട്ടയം ജില്ലയിൽ നിന്ന് PMJVK പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തപ്പെട്ട ഏകപ്രദേശം ഈരാറ്റുപേട്ടയാണ്. അതേ സമയം, കോട്ടയം ജില്ലയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെ പിന്നാക്ക വിഭാഗങ്ങൾ (ദളിത് (OEC), ട്രൈബൽ (ST) ക്രൈസ്തവർ) കൂടുതലുള്ള ഒരു പഞ്ചായത്തുപോലും ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നുമില്ല.
ന്യുനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കാര്യമായ അറിവ് ക്രൈസ്തവ സഭയിലോ സമുദായത്തിലോ ഉണ്ടാകാതിരുന്നത് വലിയ നഷ്ടങ്ങൾക്കിടയാക്കിയിട്ടുണ്ട്. പദ്ധതികളിലെ അനീതികൾ സംബന്ധിച്ച് ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ടായതും വളരെ വൈകി മാത്രമാണ്. എങ്കിലും ഈ വിഷയം ശ്രദ്ധയിൽപെട്ടതോടെ PMJVK പദ്ധതിയിൽ ക്രൈസ്തവ പ്രദേശങ്ങൾക്കൂടി ഉൾപ്പെടുന്ന തരത്തിൽ മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി സഭ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു.
പരിഷ്കരിച്ച രൂപത്തിൽ
കേന്ദ്ര ന്യുനപക്ഷ മന്ത്രാലയം പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി 2022-23 സാമ്പത്തിക വർഷം മുതൽ പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ എല്ലാ ജില്ലകളും പദ്ധതിയുടെ കീഴിൽ ഉൾപ്പെടും. പ്രത്യേക പരിഗണന നൽകി Aspirational Districts ആയി തെരഞ്ഞെടുത്തിരിക്കുന്ന 117 ജില്ലകളിലെ പ്രോജക്ടുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. കേരളത്തിൽ നിന്നും, ക്രൈസ്തവർ ധാരാളമുള്ള വയനാട് ജില്ല Aspirational District പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പുതുക്കിയ മാർഗ്ഗനിർദേശ പ്രകാരം രാജ്യത്തെ ഒരു പ്രദേശത്തെയും ന്യുനപക്ഷ കേന്ദ്രീകൃത പ്രദേശമായി നിശ്ചയിച്ചിട്ടില്ല.’പിന്നാക്ക ന്യുനപക്ഷ കേന്ദ്രീകൃത പ്രദേശം'(MCA) എന്ന പേരിൽ തികച്ചും വിവേചനപരമായി കൊണ്ടുവന്ന ന്യുനപക്ഷ കേന്ദ്രീകൃത ബ്ലോക്ക് (MCB), ന്യുനപക്ഷ കേന്ദ്രീകൃത ടൗണുകൾ (MCT), വില്ലജ് ക്ലസ്റ്ററുകൾ (COV) മുതലായവ കേന്ദ്രീകരിച്ചുള്ള പദ്ധതി നിർവഹണതന്ത്രം അവസാനിപ്പിച്ചു. പദ്ധതി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ 15 കി. മീ ചുറ്റളവിൽ 25 ശതമാനത്തിൽ കുറയാതെയുള്ള ന്യുനപക്ഷ ജനസംഖ്യ (2011 സെൻസസ് ) ഉണ്ടായിരുന്നാൽ മതി എന്ന വിധത്തിൽ ന്യുനപക്ഷ സംരക്ഷണതത്വങ്ങൾക്ക് നിരക്കുന്ന മാനദണ്ഡം കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു . ഈ പ്രധാന മാനദണ്ഡപ്രകാരം കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും PMJVK പദ്ധതിയുടെ കീഴിൽ ഉൾപ്പെടുന്നതാണ്.
ഇപ്പോൾ 2022-23 വർഷത്തേയ്ക്കുള്ള പ്രോജെക്ടുകൾ സമർപ്പിക്കേണ്ട സമയമാണ്. ആരോഗ്യം , വിദ്യാഭ്യാസം, നൈപുണ്യവികസനം, കായികം, കുടിവെള്ളവിതരണം, ശുചിത്വം, സോളാർ എനർജി,ദുരന്തനിവാരണം വനിതാശാക്തീകരണം എന്നീ മേഖലകളിലെ അപേക്ഷകളാണ് പരിഗണിക്കുന്നത്. ആകെ വിഭവശേഷിയുടെ 33-40 ശതമാനം വനിതാ – ശിശു കേന്ദ്രീകൃത വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾക്കു മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ജില്ലാ വികസന സമിതി മുഖേനയും വിവിധ വകുപ്പുകൾ സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പിലേയ്ക്ക് നേരിട്ടുമാണ് പദ്ധതി നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പിൻ്റെ സംസ്ഥാനതല കമ്മിറ്റി പരിശോധിച്ച് ശിപാർശ ചെയ്യുന്ന പ്രോജക്ടുകൾ മാത്രമാണ് കേന്ദ്ര ന്യുനപക്ഷ മന്ത്രാലയം പരിഗണിക്കുന്നത്.
രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യം
PMJVK-യിലൂടെ നടപ്പിലാക്കുന്ന പ്രൊജക്റ്റുകൾ ആ പ്രദേശത്തെ എല്ലാ വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന വിധത്തിലുള്ളവയാണ്. ഓരോ പ്രദേശത്തും നടപ്പിലാക്കുന്നതിനുള്ള പ്രോജക്ടുകൾ കൃത്യതയോടെ യഥാസമയം സമർപ്പിക്കുന്നതിൽ ജന പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവർത്തനം ആവശ്യമാണ്. മുൻ വർഷങ്ങളിൽ ക്രൈസ്തവ ന്യുനപക്ഷ പ്രദേശങ്ങൾക്കുണ്ടായ അവഗണന കൂടി കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഭരണനേതൃത്വത്തിൻ്റെയും രാഷ്ട്രീയപാർട്ടികളുടെയും സഭാധികാരികളുടെയും സമുദായ സംഘടനകളുടെയും ജാഗ്രത ഇക്കാര്യത്തിൽ ആവശ്യമാണ്. ഈ പദ്ധതികൾ നടപ്പിലാക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി കൂടിയേതീരൂ. പലപ്പോഴും ക്രൈസ്തവരെ അവഗണിക്കുന്ന രാഷ്ട്രീയ ശൈലിയാണ് പ്രമുഖ പാർട്ടികൾ സ്വീകരിച്ചു പോരുന്നത്. ഇനിയെങ്കിലും ന്യൂനപക്ഷ സംരക്ഷണം ക്രൈസ്തവർക്കുകൂടി അവകാശപ്പെട്ടതാണ് എന്ന വസ്തുത അംഗീകരിക്കാൻ രാഷ്ട്രീയനേതൃത്വം തയ്യാറാകണം.
കടപ്പാട് : ഫാ. ജയിംസ് കൊക്കാവയലിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group