ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കും; പാശ്ചാത്യലോകത്തിന് മുന്നറിയിപ്പുമായി പുടിൻ

മോസ്കോ: റഷ്യക്കെതിരെ യുക്രെയ്ൻ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ലാദമിർ പുടിൻ.

ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അതേനാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുമെന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്. നിയമങ്ങള്‍ മാറ്റാൻ റഷ്യ നിർബന്ധിതമാകും. സ്വന്തം ആണവശേഷി ഉപയോഗിക്കാൻ തയാറെടുക്കുമെന്നും പുടിൻ പറഞ്ഞു.

ആണവായുധശേഷിയില്ലാത്ത യുക്രെയ്ന് ആണവായുധങ്ങളുടെ ശേഖരമുള്ള യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ട്. നേരത്തെ ദീർഘദൂര മിസൈലുകള്‍ ഉപയോഗിക്കാൻ അനുമതി നല്‍കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച നടത്തിയ യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സെലൻസ്കി ഇക്കാര്യം
ആവശ്യപ്പെട്ടത്. ഈ വർഷം നിരവധി തവണ റഷ്യയിലെ ഭൂവിഭാഗങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ൻ മിസൈലുകള്‍ അയച്ചിരുന്നു.

തങ്ങളുടെ സ്‌റ്റോം ഷാഡോ എന്ന മിസൈല്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ കഴിഞ്ഞയാഴ്ച യു.കെ. അനുമതി നല്‍കിയെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. യു.കെ. പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വാഷിങ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റഷ്യയുടെ നേര്‍ക്ക് യുക്രൈന്‍ ആയുധം പ്രയോഗിക്കുന്നതായിരുന്നു ചര്‍ച്ചാവിഷയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m