കരുതലും കാരുണ്യവുമായി പച്ചക്കപ്പയും ഉണക്കു കപ്പയും വാങ്ങാൻ ആളുണ്ടോ..?

പാമ്പാടി:5000 കിലോ പച്ചക്കപ്പയും 400 കിലോ ഉണക്കു കപ്പയും വാങ്ങാനാളുണ്ടോ ? ഓട്ടോ ഡ്രൈവർ ഐരുമല മാണിക്കത്താകുന്നേൽ ആന്റണി ജോസഫിന്റെ ( 41) ഈ അപേക്ഷ കേൾക്കാൻ ആളുണ്ടോ?ഒരു കർഷകന്റെ വെറും ആവശ്യം മാത്രമല്ലിത്. പാട്ടത്തിനെടുത്ത സ്ഥലത്തെ ഇത്രയും കപ്പ വിറ്റു പോയെങ്കിലേ ആന്റണിക്കു തുടർചികിത്സക്കുള്ള പണം കണ്ടെത്താനാകൂ. രോഗം മൂലം നാലു മാസമായി ഓട്ടോ ഓടിക്കാൻ പോകാനും ആന്റണിക്കു സാധിക്കുന്നില്ല.പാമ്പാടി കാളച്ചന്ത ജംക്‌ഷനിലെ ഓട്ടോ ഡ്രൈവറായ ആന്റണി വാടക വീട്ടിലാണ് താമസം. ഓട്ടോയുടെ വരുമാനവും കൃഷിയിലെ വരുമാനവും നിലച്ചതാണ് കുടുംബത്തിന്റെ നട്ടെല്ലു തകർത്തത്. പാൻക്രിയാസിൽ ജന്മനാ പ്രശ്നങ്ങളുള്ള ആളാണ് ആന്റണി. ഇതിനിടെ പിത്താശയത്തിനും രോഗം ബാധിച്ചു. പിത്താശയത്തിനു ശസ്ത്രക്രിയ ഒരു മാസം മു‍ൻപ് നടത്തി. 2 കിഡ്നിക്കും പ്രശ്നം തുടങ്ങിയതോടെ ആരോഗ്യം മോശമായി. പാമ്പാടി ടൗണിനു സമീപമാണ് ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കപ്പക്കൃഷി ചെയ്തത്.600 മൂട് പച്ചക്കപ്പയാണ് വിളവെടുക്കാറായി നിൽക്കുന്നത്.
ഇത് 5000 കിലോയോളം വരുമെന്നു ആന്റണി പറയുന്നു.കപ്പയ്ക്ക് വിലക്കുറവ് അനുഭവപ്പെട്ടപ്പോൾ കുറച്ചു സ്ഥലത്തെ കപ്പ പറിച്ചു ഉണക്കു കപ്പയാക്കി . ഇതും 400 കിലോ വിൽക്കാൻ ഇരിക്കുന്നു.മറ്റ് രണ്ടു ചെറിയ സ്ഥലങ്ങളിലും കൃഷി ചെയ്തിരുന്നു. ഭാര്യ ഷിനു, മക്കളായ അലിൻ, അലീന, അലിറ്റ് എന്നിവരാണ് കൃഷിയിൽ സഹായികളായുള്ളത്.ഏതാനും മാസം മുൻപ് കോവിഡ് പോസിറ്റീവായതാണ് രോഗം കൂടുതൽ വഷളാക്കിയതെന്നു ആന്റണി പറഞ്ഞു. 2 കിഡ്നിയുടേയും പ്രവർത്തനം ഇപ്പോൾ 50 ശതമാനത്തിൽ താഴെയെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്നു ഇപ്പോൾ കൃഷിസ്ഥലത്തേക്കു പോകാതെ വിശ്രമത്തിലാണ് ആന്റണി. തുടർ ചികിത്സ അത്യാവശ്യമാണ്. അധ്വാനത്തിന്റെ ഫലം ലഭിച്ചെങ്കിൽ രോഗത്തോട് പോരാടാം എന്ന പ്രതീക്ഷയാണ് ഈ കർഷകനുള്ളത്. 500 കിലോ കപ്പ ഏറ്റെടുക്കാമെന്നു ഒരു അനാഥാലയത്തിൽ നിന്നു അറിയിച്ചിട്ടുണ്ട്. ബാക്കി കപ്പ ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്കു ആന്റണിയെ ബന്ധപ്പെടാം.
ഫോൺ നമ്പർ– 9605131390 കടപ്പാട് :
മലയാള മനോരമ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group