നമ്മുടെ കര്‍ത്താവീശോ മശിഹായുടെ തിരുവിലാവില്‍ സ്പര്‍ശിച്ചുകൊണ്ട് “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ തോമാസ്ലീഹായെ വര്‍ണ്ണിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിന്‍റെ വീണ” എന്നറിയപ്പെടുന്ന പരിശുദ്ധ സുറിയാനി സഭയുടെ മധുരഗായകനും നാലാം നൂറ്റാണ്ടിലെ (എഡി 306-373) ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന മാര്‍ അപ്രേം എഴുതിയ കവിത.
വിദ്വാന്‍ ഫാ ജോണ്‍ കുന്നപ്പള്ളിയുടെ വിവര്‍ത്തനത്തെ ആസ്പദമാക്കി സംക്ഷിപ്തമായി തയ്യാറാക്കിയത്.
തോമായേ, നീ
അനുഗ്രഹീതനാകുന്നു!
🔹1. തോമായേ, നീ അനുഗ്രഹീതനാകുന്നു! ശിഷ്യന്മാര്‍ക്കു പ്രിയങ്കരനായവനേ, സുകൃതങ്ങളുടെയും നന്മകളുടെയും കലവറയേ, മുഴുലോകത്തിനും ജീവന്‍ ഒഴുക്കുന്ന ഉറവിടത്തെ നിന്‍റെ കരം സ്പര്‍ശിച്ചു. ലോകത്തെ സംരക്ഷിക്കുന്ന നിധികളാല്‍ സമ്പന്നമായ ഭണ്ഡാഗാരത്തെ തൊടുവാന്‍ നിന്‍റെ സ്നേഹം ധൈര്യപ്പെട്ടു. നിന്‍റെ ഭാഗ്യം വളരെ വലുതാകുന്നു. എന്തെന്നാല്‍ അത്യുന്നത സൂര്യനെ നീ കരങ്ങളാല്‍ തൊട്ടറിഞ്ഞു.
🔹2. സ്വസഹോദരന്മാരുടെ അലങ്കാരമായ പ്രേഷിതാ, നീ അനുഗ്രഹീതനാകുന്നു! നിന്‍റെ സഹോദന്മാരുടെ അലങ്കാരമായിരിക്കുമ്പോഴും ദൈവപുത്രന്‍റെ പാര്‍ശ്വം സ്പര്‍ശിച്ചുംകൊണ്ട് നീ ഏറെ അലങ്കൃതനായി. അഗ്നിമയന്‍ തന്‍റെ ശരീരം സ്പര്‍ശിക്കാന്‍ നിനക്ക് അനുവാദം നല്‍കി, താന്‍ സ്പര്‍ശിക്കപ്പെടാന്‍ അവിടുന്നു തിരുമനസ്സായി, അവിടുന്നു ഘനീഭവിച്ചു. ലോകത്തിനു താങ്ങാനാവാത്ത നിധിയില്‍ നിന്‍റെ കരങ്ങള്‍ വയ്ക്കപ്പെട്ടു!
🔹3. വിശ്വാസത്താല്‍ സമ്പന്നനായ തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ കൂട്ടുകാരെ നീ വിശ്വസിക്കാതിരുന്നത്, അവര്‍ നുണപറയുന്നെന്നു കരുതിയല്ല, നിന്‍റെ സ്നേഹം ജ്വലിച്ചതുകൊണ്ടാണ്. കരങ്ങളാല്‍ സ്പര്‍ശിച്ചുകൊണ്ട് ആ രത്നത്തെ സമീപിക്കാന്‍ സ്നേഹം നിന്നെ പ്രേരിപ്പിച്ചു. നേരിട്ടുകണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി സ്പര്‍ശനത്തില്‍ ആനന്ദിക്കാന്‍ നീ ആഗ്രഹിച്ചില്ല.
🔹4. കര്‍ത്താവ് ഉയിര്‍ത്തുവെന്നും തങ്ങള്‍ക്ക് കാണപ്പെട്ടുവെന്നും ശിഷ്യന്മാരില്‍നിന്നു ശ്രവിച്ച തോമായേ നീ അനുഗ്രഹീതനാകുന്നു! നീ സംശയിച്ചതു യഥാര്‍ത്ഥമായ സംശയത്താലല്ല, അവിടുന്നു വരുമ്പോള്‍ അവുടുത്തെ ഉത്ഥിതനായി കണ്ടു സന്തോഷിക്കാന്‍വേണ്ടി ബുദ്ധിപൂര്‍വ്വം നീ സംശയിച്ചു.
🔹5. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ വിശ്വാസം മരിച്ചവരുടെ ഉത്ഥാനത്തിന് ഒരു കണ്ണാടിയായിരുന്നു. അതുവഴി ഉത്ഥാനത്തിന്‍റെ ദിവസത്തിനായി ശരീരം സൂക്ഷിക്കപ്പെടുമെന്ന് സര്‍വ്വലോകത്തുമുള്ള ജനതകള്‍ ഗ്രഹിച്ചു! ഉത്ഥാനം നിഷേധിക്കുന്ന അവിശ്വാസികളുടെ വായ് അടയ്ക്കുവാനും അവര്‍ ലജ്ജിതരാകുവാനുമായി നിന്‍റെ കരങ്ങളാല്‍ സ്പര്‍ശിക്കപ്പെടുന്നതിന് അവിടുന്നു തന്‍റെ ശരീരം നല്‍കി.
🔹6. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സൂര്യന്‍ നിന്‍റെ അടുക്കലേക്കു വന്നു, തന്നെത്തന്നെ നിനക്കു വെളിപ്പെടുത്തുകയും നിന്‍റെ കണ്ണുകള്‍കൊണ്ട് നീ അവിടുത്തെ കാണുകയും കരംകൊണ്ട് സ്പര്‍ശിക്കുകയും നീ ഗ്രഹിക്കുകയും ചെയ്തു. ഗബ്രിയേലിന്‍റെ ഗണങ്ങള്‍ അകലെ നില്‍ക്കുന്നു, മീഖായേലിന്‍റെ സൈന്യങ്ങള്‍ ദൂരെനിന്നു സ്തുതിപാടുന്നു, ആഗ്നേയസമൂഹങ്ങള്‍ ആരാധിക്കുന്നു, എന്നാല്‍ നീയോ, അവിടുത്തെ സ്പര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു!
🔹7. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്രാപ്പേ മാലാഖാമാര്‍ക്ക് അസൂയപ്പെടാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് അവര്‍ അസൂയപ്പെടുമായിരുന്നു! എന്തെന്നാല്‍ അവിടുന്ന് ആഗ്നേയനാകയാല്‍ സ്രാപ്പേന്മാര്‍ക്ക് അവിടുത്തെ സ്പര്‍ശിക്കുക സാധ്യമല്ല! സ്രാപ്പേന്മാര്‍ വിറയലോടെ കൊടില്‍കൊണ്ടു തീക്കനല്‍ സ്പര്‍ശിച്ചുവെങ്കില്‍ (ഏശയ്യ 6:6) നീയാകട്ടെ, മാംസബദ്ധമായ കരങ്ങള്‍കൊണ്ട്, ഭയരഹിതനായി അഗ്നിജ്വാലയെ സ്പര്‍ശിച്ചു!
🔹8. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സ്രാപ്പേന്മാര്‍ തന്‍റെ ചിറകുകള്‍കൊണ്ടു (യൂദായുടെ) സിംഹത്തെ (വെളിപാട് 5:5) നിന്നില്‍നിന്നു മറച്ചില്ല, എന്തെന്നാല്‍ അവിടുന്നവര്‍ക്ക് ഗുപ്തമായിരിക്കുന്നു, അവര്‍ നിരീക്ഷിക്കാതിരിക്കത്തക്കവിധം അവിടുന്ന് അവരില്‍നിന്നു മറഞ്ഞിരിക്കുന്നു, ക്രേവേന്മാര്‍ അവിടുത്തെ സ്തുതിക്കുന്നു, സ്രാപ്പേന്മാര്‍ അവിടുത്തെ പരിശുദ്ധനെന്നു വാഴ്ത്തുന്നു, എന്നാല്‍ സ്പഷ്ടമായി കാണുകയും ഇമ്പകരമായി സ്പര്‍ശിക്കുകയും ചെയ്ത നീ ഭാഗ്യവാനാകുന്നു.
🔹9. തോമായേ നീ ഭാഗ്യവാനാകുന്നു! എന്തെന്നാല്‍ ശൂലത്താല്‍ തുറക്കപ്പെട്ട ഏകജാതന്‍റെ പാര്‍ശ്വത്തിലും പരിശുദ്ധമായ ആണിപ്പഴുതുകളിലും ലോകത്തെ സുഖപ്പെടുത്തിയ മുറിവുകളിലും നിന്‍റെ കരം വിശ്രമിച്ചു! നീ സ്നേഹിച്ചു, കരങ്ങള്‍കൊണ്ടു ഗ്രഹിച്ചു, ബോധ്യപ്പെട്ടു, ഇതെല്ലാം വിജാതിയരുടെയിടയില്‍ പ്രസംഗിക്കുകയും ചെയ്തു.
🔹10. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊന്നിച്ചു നിനക്കു മഹത്വത്തിന്‍റെ സിംഹാസനമുണ്ട്. ഭൂമിയില്‍ ദൈവകുമാരന്‍റെ സുവിശേഷം അറിയിക്കുന്നതില്‍ നിന്‍റെ സ്വരം ഉച്ചൈസ്തരമായിരുന്നു. അവസാനം നീ വിധിയാളനോടൊത്തു മഹനീയനായിരിക്കും. സുവിശേഷം അറിയിക്കുന്നവരുടെയിടയില്‍ നീ വിശ്രുതനായിരിക്കും. ആരുടെ അധരങ്ങള്‍ക്കാണ്, ആരുടെ നാവുകള്‍ക്കാണ് നിന്‍റെ മനോഹരമായ വ്യാപരങ്ങളെ വര്‍ണ്ണിക്കാനാവുക!
🔹11. ഇരട്ടപിറന്നവനായ തോമായേ, നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ ആധ്യാത്മികസമ്പത്ത് പ്രസിദ്ധങ്ങളും നിരവധിയുമാണ്, നിന്‍റെ നാമം ശ്രേഷ്ഠരായ ശ്ലീഹന്മാരുടെയിടയില്‍ അറിയപ്പെടുന്നു, എന്‍റെ അയോഗ്യമായ അധരങ്ങളിലൂടെ നിന്നെ പ്രകീര്‍ത്തിക്കാന്‍ കൃപലഭിച്ചിരിക്കുന്നു.
🔹12. പ്രകാശമായവനെ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ ബലികളുടെ പുകയാല്‍ ഇരുണ്ടയിടങ്ങളിലേക്ക് സൂര്യന്‍ നിന്നെ അയച്ചു, മാമ്മോദീസായാല്‍ നീയവരെ കഴുകി വെണ്മയുള്ളവരാക്കി, മലിനതയെ തോമാ ധവളിമയാക്കി!
🔹13. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്ലീവായില്‍നിന്നെടുത്ത സ്നേഹത്താല്‍ ഇന്ത്യയുടെ ഇരുളിമിയ പ്രകാശിപ്പിച്ച ദീപമായിരുന്നു നീ, ആ പന്ത്രണ്ടു ദീപങ്ങളിലൊന്ന് !
🔹14. തോമായേ നീ അനുഗ്രഹീതനാകുന്നു! മഹാരാജാവു നിന്നെ ഇന്ത്യയിലേക്കയച്ചു, ഇന്ത്യയെ നീ ഏകജാതന്‍റെ മണവാട്ടിയാക്കി, അവളെ വെണ്മഞ്ഞിനെയും ആട്ടിന്‍രോമത്തെയുംകാള്‍ വെണ്മയുള്ളവളാക്കി, അവള്‍ ലാവണ്യവതിയും പ്രശോഭിതയുമായ തന്‍റെ മണവാളന്‍റെയരികിലേക്കു പോകാന്‍ തക്കവിധം സൗന്ദര്യവതിയായി, നീ അനുഗ്രഹീതനാകുന്നു!
🔹15. നീ അനുഗ്രഹീതനാകുന്നു! അന്ധകാരശക്തികള്‍ അടിമയാക്കിവച്ചിരുന്ന കാവ്യമതത്തില്‍നിന്നു നീ മോചിപ്പിച്ച ആ മണവാട്ടിയില്‍ നിനക്കു വിശ്വാസമുണ്ടായിരുന്നു. അനുഗ്രഹീതമായ ക്ഷാളനത്താല്‍ അവളെ നീ വെണ്മയുള്ളവളാക്കി, സ്ലീവായാല്‍ അവള്‍ പ്രഭ വിതറുന്നവളായി!
(എഡി 232-ല്‍ തോമാസ്ലീഹായൂടെ ഭൗതികാവശിഷ്ടം എഡേസ്സയിലേക്ക് കൊണ്ടുവന്നതിനെ അനുസ്മരിച്ച് എഴുതിയ വരികള്‍).
🔹16. വണികശ്രേഷ്ഠാ, നീ ഭാഗ്യമുള്ളവനാകുന്നു! എന്തെന്നാല്‍ നിധിയില്ലാതിരുന്ന സ്ഥലത്തേക്കു നീ നിധി കൊണ്ടുവന്നു. അമൂല്യമായ രത്നം കണ്ടെത്തിയതിനു ശേഷം അതു കരസ്ഥമാക്കുവാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ ബുദ്ധിമാനായ മനുഷ്യന്‍ നീയാകുന്നു.
🔹17. നിധിയെ സ്വീകരിച്ച, ആശീര്‍വദിക്കപ്പെട്ട നഗരീയേ (എഡേസ്സ) നിനക്കു ഭാഗ്യം! എന്തെന്നാല്‍ നീ രത്നം കണ്ടെത്തി, ഇന്ത്യയില്‍ ഇതല്ലാതെ വേറെ രത്നമുണ്ടായിരുന്നില്ല. നിന്‍റെ നിക്ഷേപാലയത്തില്‍ ഏറ്റവു വിലയുള്ള രത്നം നീ സൂക്ഷിച്ചിരിക്കുന്നു!
തന്‍റെ ആരാധകരെ സകലനന്മകളാലും നിറയ്ക്കുന്ന നല്ലവനായ ദൈവപുത്രാ നിനക്കു സ്തുതി!…
കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group