ഇന്ന് ലോക ക്യാൻസർ ദിനം ശരീരത്തെ കാർന്നുതിന്നുന്ന ക്യാൻസർ രോഗത്തിന്റെ നടുവിലും ദൈവ സ്നേഹത്തിന്റെ പരിമളം തൂകിക്കൊണ്ട് മനുഷ്യ ശുശ്രൂഷയ്ക്ക് ഇറങ്ങിത്തിരിച്ച ഒരു സിസ്റ്റർ അമ്മയെ പരിചയപ്പെടാം.
വയനാട് മാനന്തവാടി പ്രൊവിൻസിലെ അംഗവും ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ സി. ദീപ്തി സിഎംസിയാണ് ആ സ്നേഹിക്കുന്ന അമ്മ..
നാൽപത്തിയഞ്ചാം വയസു മുതലാണ് സി. ദീപ്തി ക്യാൻസർ പോരാളിയായത്. ഒരിടത്തല്ല, ശരീരത്തിന്റെ പല ഭാഗത്തും ക്യാൻസർ അതിന്റെ ആക്രമണം അഴിച്ചുവിട്ടു. പക്ഷേ, നിരാശപ്പെടാനോ തളർന്നിരിക്കാനോ സിസ്റ്റർ ഒരുക്കമായിരുന്നില്ല. ദൈവപിതാവിന്റെ കരം പിടിച്ച് പ്രാർത്ഥനയും സഹനശക്തിയും പരിചയും ഉടവാളുമാക്കി പോരാടാൻ തന്നെയായിരുന്നു തീരുമാനം. വേദന മൂർച്ഛിച്ച് മരണത്തെ മുന്നിൽ കണ്ട അവസരങ്ങളിൽ പോലും അടിയറവ് പറഞ്ഞില്ല. പകരം ആഴമായ പ്രാർത്ഥനാജീവിതത്തിലൂടെ കൂടുതൽ പോരാട്ടവീര്യം കൈവരിക്കുകയായിരുന്നു. ഇതിനിടയിൽ അനേകർക്ക് ജീവിതം കൊണ്ട് പ്രചോദനമാകുകയും , പ്രവൃത്തികൾ കൊണ്ട് സുവിശേഷപ്രഘോഷകയായും,പലർക്കും ദൈവ സന്നിധിയിൽ മദ്ധ്യസ്ഥയുമായി ഈ കന്യാസ്ത്രീയമ്മ .
പ്രതിസന്ധികളിൽ പതറാതെ,കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി സിസ്റ്റർ നടത്തിയ പോരാട്ടങ്ങളുടെ വിശേഷങ്ങൾ സിസ്റ്റർ പങ്കുവയ്ക്കുന്നു.
ചെറിയ തലവേദന വന്നാൽ പോലും സഹിക്കാൻ പറ്റാത്ത ആളായിരുന്നു ഞാൻ. പക്ഷെ 2009-ൽ 45-ാം വയസിൽ ക്യാൻസർ തിരിച്ചറിഞ്ഞപ്പോൾ എന്റെ മനോഭാവം മറ്റൊന്നായിരുന്നു. ക്യാൻസർ ബാധിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് 2004-ൽ പങ്കെടുത്ത നാൽപതു ദിവസത്തെ ഒരു ധ്യാനമാണ് ആ മാറ്റത്തിന് കാരണമായതെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റെല്ലാ ആകുലതകളും മാറ്റിവച്ച് ദൈവസ്നേഹം ആസ്വദിക്കുന്നതിനായി സ്വയം വിട്ടുകൊടുക്കാൻ അന്നാണ് ഞാൻ ശരിക്കും പഠിച്ചത്. ആദ്യം ബ്രെസ്റ്റിനായിരുന്നു ക്യാൻസർ തിരിച്ചറിഞ്ഞത്. പിന്നീടാണ് നട്ടെല്ലിൽ അത് ബാധിച്ചത്.
ടെസ്റ്റ് റിസൾട്ടുകൾ കണ്ട് ഓപ്പറേഷൻ ചെയ്തിട്ട് കാര്യമില്ലെന്ന് ചില ഡോക്ടർമാർ വിധിയെഴുതിയിട്ടുണ്ട്. ഓപ്പറേഷൻ ചെയ്താലും തളർന്നുപോകാൻ സാധ്യതയുണ്ടെന്നും പറഞ്ഞിട്ടുണ്ട്. അതൊന്നും എനിക്ക് നിരാശയ്ക്ക് കാരണമായില്ല – തീപിടിച്ച കെട്ടിടത്തിൽ പെട്ടുപോയ മകനോട് താഴെ നിന്ന അപ്പൻ, നീ താഴേയ്ക്ക് ചാടിക്കോ മോനേ, അപ്പൻ പിടിച്ചോളാം എന്നു പറഞ്ഞു. അപ്പാ, എനിക്ക് അപ്പനെ കാണാൻ സാധിക്കുന്നില്ല എന്നു പറഞ്ഞ മകനോട് നീ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിന്നെ കാണുന്നുണ്ട് എന്നായി അപ്പൻ. ആ വാക്കിൽ വിശ്വസിച്ച് മകൻ ചാടുകയും അപ്പൻ അവനെ കൈകളിൽ സുരക്ഷിതമായി പിടിക്കുകയും ചെയ്തു – ഈയൊരു കഥയാണ് എന്റെ കരുത്ത്. കഥയിലെ അപ്പൻ എന്റെ ദൈവവും മകൻ ഞാനും- സിസ്റ്റർ പറയുന്നു.
ഓപ്പറേഷനിലൂടെ നട്ടെല്ലിലെ കശേരുക്കൾ മുഴുവൻ ചുരണ്ടിക്കളഞ്ഞ് അവിടെ രണ്ട് കമ്പി മെറ്റൽ വച്ചു. ഓരോ കമ്പിക്കും നാല് വീതം എട്ട് സ്ക്രൂവും രണ്ട് ചെറിയ ബാഗും എന്റെ പുറത്ത് പിടിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷനു ശേഷം കുറേയേറെ മാസത്തേയ്ക്ക് നട്ടെല്ലിന് താഴേയ്ക്ക് പാദം വരേയും നിരന്തരം വേദനയായിരുന്നു. തരിപ്പും അസ്വസ്ഥതയും കാരണം പല ദിവസങ്ങളിലും ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല. ചില സമയത്ത് അതിശക്തമായ കീമോ തെറാപ്പി കഴിഞ്ഞ് ഫംഗസ് ബാധയാൽ സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ആസിഡ് കുടിച്ചപോലുള്ള അസ്വസ്ഥതകളായിരുന്നു വായിൽ നിറയെ. ആ സമയത്ത് മരണത്തിനു ഞാൻ തയ്യാറാണെന്ന് ദൈവത്തോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, മുറിയിലെ ക്രൂശിതരൂപത്തിലേയ്ക്ക് നോക്കിയപ്പോൾ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് പൂർണ്ണമായി വഴങ്ങിയ പുത്രനെ കണ്ടപ്പോൾ എന്നിൽ പുത്തനുണർവുണ്ടായി. സഹിക്കുന്നതിന് കൂടുതൽ ശക്തിയും ധൈര്യവും ലഭിച്ചു.
പിന്നീട് രോഗാവസ്ഥയുടെ ഓരോ ഘട്ടത്തിലും വളരെ ലാഘവത്തോടെയാണ് അവയെല്ലാം ഉൾക്കൊണ്ടത്. സിസ്റ്ററിന്റെ സന്തോഷം കണ്ടാൽ ലോട്ടറി
അടിച്ചതുപോലെയാണല്ലോ എന്നൊക്കെ പലരും ആ സമയങ്ങളിൽ ചോദിച്ചിട്ടുണ്ട്. ഇത്രയും ധൈര്യത്തോടെ രോഗത്തെ അഭിമുഖീകരിക്കുന്നവർ ചുരുക്കമാണെന്ന് ചികിത്സിച്ച പല ഡോക്ടർമാരും സൂചിപ്പിച്ചിട്ടുണ്ട്. ദൈവത്തിന് സ്വയം സമർപ്പിച്ചിരിക്കുന്ന വ്യക്തി കൂടുതലായി ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല എന്ന് എനിക്ക് തോന്നി. നിന്റെ ഇഷ്ടം, എന്റെയും ഇഷ്ടം എന്നാണ് അന്നും ഇന്നും ദൈവത്തോട് പറയുന്നതും.
ഇത്രയും വേദനകൾ ജീവിതത്തിൽ ഏറ്റുവാങ്ങിയിട്ടും ദൈവത്തിനു മുന്നിൽ തന്നെ പരിപൂർണമായി സമർപ്പിച്ച് അനേകർക്ക് പ്രതീക്ഷ പകരുകയാണ് ഈ കന്യാസ്ത്രീഅമ്മ ഇപ്പോൾ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group