ആഗോള സമർപ്പിത ദിനം…

നിങ്ങൾ പാതാളത്തോളം താഴ്ത്തിയാലും കർത്താവിൽ ഞങ്ങൾ അഭിമാനിക്കും.. ദൈവരാജ്യ ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിച്ച എല്ലാ സമർപ്പിതർക്കു വേണ്ടിയും…

ലോകം നിങ്ങളെ വെറുക്കും

”നിങ്ങൾ ലോകത്തിന്റെ അല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളെ ലോകത്തിൽ നിന്നും തിരഞ്ഞെടുത്തത് കൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു”. യോഹന്നാൻ 15 :19

ലോകത്തിൻ്റെതല്ലാത്ത, സുഖലോലുപതയുടേതല്ലാത്ത, ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും വഴിയിൽ കൂടി ദൈവതിരുമുമ്പിൽ ആത്മാർപ്പണം ചെയ്യുന്ന സമർപ്പിതർ എന്നും ലോകത്തിനു മുൻപിൽ ഒരു പരിഹാസമാണ്. എന്നാൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അത് മുന്നിൽ കണ്ടു കർത്താവ് പ്രവചിച്ചിരുന്നു “ലോകം നിങ്ങളെ വെറുക്കും “. അത് അക്ഷരംപ്രതി ഇന്നത്തെ സാക്ഷരകേരളം സാക്ഷ്യം വഹിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ അതിജീവനത്തിനായി ലോകരാഷ്ട്രങ്ങൾ ഉണർന്ന് ഒറ്റ മനസോടെ പ്രവർത്തിക്കുമ്പോൾ അതിനിടയിലും സന്യസ്തരെ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ,സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വാർത്തകളും വൃത്തികെട്ട പദപ്രയോഗങ്ങളും നിരത്തി കാണിക്കുന്ന ചിലർക്കൊപ്പം പിറകെ പായുന്ന കുറെ മഞ്ഞ പത്രങ്ങളും. പത്രസ്വാതന്ത്ര്യത്തിൻ്റെയും പൗര സ്വാതന്ത്ര്യത്തിൻ്റെയും വരമ്പുകൾ ലംഘിച്ച് അവഹേളനത്തിനും അധിക്ഷേപത്തിനും വേണ്ടി അടിവരയിട്ട് ആദ്യപേജിൽ ഉയർത്തിക്കാട്ടുന്ന അധ:പതിച്ച മാധ്യമ സംസ്കാരവും, അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കുന്നവരും നമ്മുടെ മുന്നിൽ നിലനിൽക്കുകയാണ് … ചിലപ്പോൾ അത് നിങ്ങളുടെ മനസ്സിൽ നിറുന്ന ചില സഫലമാകാത്ത കാര്യങ്ങളുടെ പ്രതിഫലനമാകാം, മുറിവേറ്റ മനസ്സിൻ്റെ വികാരപ്രകടനമാകാം, ചില പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണയിൽ ചെയ്തുകൂട്ടുന്ന വിഡ്ഢിത്തങ്ങളാകാം , … എന്തായാലും, തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല. കാരണം കർത്താവ് സൂസന്നക്കും ജൂഡിത്തിനും കൊടുത്തത് പോലെ ഞങ്ങളുടെ മൗനനൊമ്പരങ്ങൾക്കും വിജയം നല്കും. നിങ്ങൾ എത്രയെത്ര വളച്ചൊടിച്ചാലും സത്യം സത്യമായിരിക്കും.

പാരീസിലെ തെരുവോരങ്ങളിൽ, മഹാമാരിയിൽ പിടഞ്ഞുവീണ ലക്ഷങ്ങളുടെ അടുത്തേക്ക് മരുന്നുമായി കടന്നുചെന്ന ഒരുകൂട്ടം സന്യാസിമാർ,സമൂഹത്തിൽ കുന്നുകൂടിയ പാപങ്ങളുടെ ദുരന്തഫലം അനുഭവിക്കാൻ തെരുവോരങ്ങളിൽ വലിച്ചെറിയപ്പെട്ട കുരുന്നുകളെ വാരിയെടുത്തു ജീവൻ്റെ കാവലായി മാറിയ സന്യാസിനികൾ, അവരോട് നാല് പതിറ്റാണ്ടുകൾ മുന്നെ വിശുദ്ധ വിൻസെൻറ് ഡി പോൾ പറഞ്ഞു:അവർ നിങ്ങളെ അധിക്ഷേപിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യും… എങ്കിലും ഒന്നും ശബ്ദിക്കേണ്ട. തിരികെ വന്ന് സക്രാരിയിലെ നാഥനോട് എല്ലാം പറയുക… “.

കൽക്കട്ടയിലെ ഘട്ടറുകളിലേക്ക് പാവങ്ങൾക്കായി പണക്കാരൻ്റെ മുറ്റത്ത് പാത്രവുമായി ചെന്ന മദർ തെരേസക്ക് ലഭിച്ച പ്രതിഫലം നോബൽ സമ്മാനം അല്ലായിരുന്നു. ആക്രോശങ്ങളും ആട്ടും തുപ്പലും ആയിരുന്നു. സന്യാസിനി സമൂഹങ്ങൾ അധിക്ഷേപവും അപവാദവും ഒന്നും ആദ്യം കേൾക്കുന്നതല്ല. ആക്രോശങ്ങളെയും അവഹേളനങ്ങളെയും ആരാധനയായി മാറ്റുവാൻ യേശു ഞങ്ങളെ പഠിപ്പിച്ചിരുന്നു: ” പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവരോട് ക്ഷമിക്കണേ.. “.

അന്നും ഇന്നും സന്യസ്തരിൽ കുറവുകൾ ഉണ്ട്, ഇല്ലായ്മകൾ ഉണ്ട്. കുറവുകളെല്ലാം നിറവാക്കുന്ന പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റുന്ന തമ്പുരാൻ ഉള്ള ദൃഢ വിശ്വാസത്തിലാണ് ഞങ്ങൾ മുന്നോട്ടുനീങ്ങുന്നത് . കർത്താവ് തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാൾ ഒറ്റുകാരൻ ആയിരുന്നല്ലോ. എങ്കിലും ഒറ്റുകാരനെ ലോകത്തിലെ ഏറ്റവും വലിയ തെറ്റായി തമ്പുരാൻ വിളിച്ചു പറഞ്ഞില്ല. അത് ദൈവഹിതം ആണെന്ന് മാത്രം അവിടുന്ന് പറഞ്ഞു. എന്നിട്ടും തിരിച്ചു വന്നാൽ മാറോട് ചേർത്ത് സ്വീകരിക്കുവാൻ അവിടുന്ന് തയ്യാറായിരുന്നു. ആ തിരുപ്പാതകളാണ് ഞങ്ങൾ പിന്തുടരുന്നത്.

ആക്രോശങ്ങളുടെയും അവഗണനകളുടെയും ഒക്കെ നടുവിൽ ഒന്ന് ഓർക്കുക…
ഞങ്ങൾ സന്യസ്തർ ശുശ്രൂഷിക്കുന്ന അച്ഛനമ്മമാർ നിങ്ങളുടെ മാതാപിതാക്കളാണ്. ഞങ്ങൾ ഭക്ഷണം കോരിക്കൊടുക്കുന്ന പിഞ്ചോമനകൾ, ഭിന്ന ശേഷിയുള്ളവർ … നിങ്ങളുടെ മക്കളും സഹോദരരുമാണ്. ഞങ്ങൾ പഠിപ്പിക്കുന്ന പിഞ്ചോമനകൾ നിങ്ങളുടെ മക്കളാണ്. ഞങ്ങൾ ശുശ്രൂഷിക്കുന്ന രോഗികൾ നിങ്ങളിൽ പലരുമാണ്… പ്രാർത്ഥിക്കുന്നത് നമ്മുടെലോകത്തിന്റെ ഐശ്വര്യത്തിനാണ് … അതായതു നിങ്ങളുടെ ഐശ്വര്യത്തിന് … . ഇവയിൽ എന്തു തെറ്റിനാണ് നിങ്ങൾ ഇത്രമാത്രം പരിഹസിക്കുന്നത്? ഞങ്ങളിൽ പലരും നിങ്ങളുടെ സഹപാഠികളും, സഹോദരിമാരും ബന്ധുക്കളും, പ്രിയപ്പെട്ടവരുമല്ലേ?എന്നിട്ടും എന്തേ സഹോദരാ ഇത്രമാത്രം ആട്ടലുകൾ?

ഒരുലക്ഷത്തിലേറെ സന്യസ്തർ ഭൂമിയുടെ ഉപ്പും ലോകത്തിൻറെ പ്രകാശമായി ഈ ഭൂവിൽ നിലകൊള്ളുന്നു. തൻറെ ദൈവവിളിയിൽ ഏറ്റവും അധികം സന്തോഷവതികളായി, സമർപ്പണത്തിൽ ശ്രദ്ധ കൊടുത്ത് ലോകത്തിനുവേണ്ടി ഇന്നും എന്നും പ്രാർത്ഥിച്ചുകൊണ്ട് …
ഒന്നും ഞങ്ങളെ തളർത്തുന്നില്ല.. കാരണം വിളിച്ചതും, പിന്തുടരുന്നതും, നയിക്കുന്നതും ക്രിസ്തുവാണ്. ആ ലക്‌ഷ്യം മാറിപ്പോയവർ തങ്ങളുടെ വായിൽ നിന്ന് വരുന്നതെന്തെന്നു മനസിലാക്കുന്നില്ല. ക്രിസ്തു പറയുന്നുണ്ട് ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നതെന്ന് … ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ വീണ്ടും നിർബന്ധിക്കുന്നു … ഇനിയും ഞങ്ങൾ അവിടുത്തോടൊപ്പം യാത്ര തുടരും ….

Sr സോണിയ K Chacko, DC


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group