ക്രിസ്തുമസ് വരവറിയിച്ച് ക്രിസ്തുമസ് ട്രീ പ്രകാശനകര്‍മ്മം നിര്‍വഹിച്ച് ലോകനേതാക്കൾ

ലണ്ടൻ : ലോക രക്ഷകന്റെ വരവറിയിച്ച് ക്രിസ്തുമസ് ട്രീയുടെ പ്രകാശനം നടത്തുന്ന അമേരിക്ക, ബ്രിട്ടന്‍ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. വൈറ്റ് ഹൗസ് അങ്കണത്തിലെ ക്രിസ്തുമസ് ട്രീ പ്രകാശന കര്‍മ്മത്തിന് പ്രസിഡണ്ട് ജോ ബൈഡനും പ്രഥമ വനിതയും നേതൃത്വം നല്‍കിയപ്പോള്‍, ഡൗണിങ് സ്ട്രീറ്റിലെ ക്രിസ്തുമസ് ട്രീ പ്രകാശനം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നിര്‍വഹിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും നവംബര്‍ 30 ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ക്രിസ്തുമസ് ട്രീ പ്രകാശന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അമേരിക്കയില്‍ ക്രിസ്തുമസ് കാലത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. 1923-ല്‍ പ്രസിഡന്റ് കാല്‍വിന്‍ കൂള്‍ഡിജ് നടത്തിയ ആദ്യത്തെ ദേശീയ ക്രിസ്മസ് ട്രീ പ്രകാശനത്തിന്റെ തുടര്‍ച്ചയായി നടത്തപ്പെട്ട 100 മത് ക്രിസ്മസ് ട്രീ പ്രകാശനമായിരുന്നു ഇക്കുറി നടത്തപ്പെട്ടത് എന്നതും ശ്രദ്ധേയം. 28 അടി ഉയരമുള്ള ഇപ്രാവശ്യത്തെ കൂറ്റന്‍ ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കാന്‍ 13,000 ത്തിലധികം ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 100 വര്‍ഷമായി, ദേശീയ ക്രിസ്മസ് ട്രീ പ്രകാശിപ്പിക്കുന്ന സ്വിച് ഓണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വൈറ്റ് ഹൗസില്‍ ഒത്തുകൂടുന്ന അമേരിക്കക്കാരുടെ പരമ്പരാഗത ആചാരത്തെപ്പറ്റി വിവരിച്ച ബൈഡന്‍, കാലങ്ങളായുള്ള പോരാട്ടത്തിലൂടെയും പ്രതിസന്ധികളിലെ ചെറുത്തുനില്‍പ്പിലൂടെയും പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും, ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശത്തില്‍ അമേരിക്കര്‍ വീണ്ടും ഒന്നുചേരുകയാണെന്ന് ബൈഡന്‍ പ്രകാശന കര്‍മം നിര്‍വഹിച്ച് സംസാരിക്കവെ വ്യക്തമാക്കി. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡൗണിംഗ് സ്ട്രീറ്റില്‍ ക്രിസ്മസ് ട്രീ പ്രകാശനത്തിന് നേതൃത്വം നല്‍കി. ഭാര്യ അക്ഷത മൂര്‍ത്തിയോടൊപ്പമായിരുന്നു ഋഷി സുനക് ചടങ്ങിന് എത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു ക്രിസ്തുമസ് ട്രീ പ്രകാശനം നടത്തപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group