വത്തിക്കാൻ സിറ്റി: കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു കബറടക്കും. വത്തിക്കാൻ സമയം രാവിലെ 9.30ന് ആരംഭിക്കുന്ന അന്ത്യകർമ ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
സംസ്കാര ശുശ്രൂഷകൾ ലളിതമായിരിക്കണമെന്ന് ബനഡിക്ട് പാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആധുനിക കാലഘട്ടത്തിൽ ഒരു എമരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത് ആദ്യമായാണ്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീര പൊതുദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആദരമർപ്പിക്കാൻ വൻ ജനക്കൂട്ടമാണെത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 1,35,000 പേർ പ്രിയ പാപ്പയ്ക്ക് ആദരമർപ്പിക്കാനെത്തി. ഇന്നലെയും പതിനായിരങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയിരുന്നു.
ഇന്നലെ പോൾ ആറാമൻ ഹാളിൽ പതിവു പൊതുദർശന പരിപാടിക്കിടെ ഫ്രാൻസിസ് മാർപാപ്പ എമരിറ്റസ് മാർപാപ്പ ബനഡിക്ട് പതിനാറാമൻ പപ്പയുടെ തീക്ഷ്ണവും സൗമ്യവുമായ ചിന്താഗതിയെ കുറിച്ച് വീണ്ടും പറഞ്ഞു.
പതിവു പൊതുസന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയെ വിവാ ഇൽ പാപ്പ (മാർപാപ്പ നീണാൾ വാഴട്ടെ) വിളികളോടെയാണു ജനക്കൂട്ടം സ്വീകരിച്ചത്. ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് മാർപാപ്പയെക്കുറിച്ച് പരാമർശനം നടത്തിയപ്പോൾ ജനക്കൂട്ടം ഹർഷാരവവും മുഴക്കി. അദ്ദേഹം മഹാനായ ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ തീക്ഷ്ണവും സൗമ്യവുമായ ചിന്തകൾ ക്രൈസ്തവസഭയെ സംബന്ധിച്ചുള്ളതായിരുന്നു; ദൈവവഴിയേ അദ്ദേഹം നമ്മെ നയിച്ചു- ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group