“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. ഞാൻ നിങ്ങളോടു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിയിരിക്കുന്നു” (യോഹ 15,14-15).
കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഒരാചാരമാണ് കാൽകഴുകൽ ശുശ്രൂഷ. കാർമികൻ, തിരുവസ്ത്രങ്ങൾ മാറ്റിവച്ച്, അരയിൽ ഒരു കച്ച ചുറ്റി, പന്ത്രണ്ടുപേരുടെ പാദങ്ങൾ കഴുകി ചുംബിക്കുന്നു. ഇടവക വികാരി മുതൽ മാർപാപ്പ വരെ എല്ലാവരും അനുഷ്ഠിക്കുന്ന ഈ ആചാരം പെസഹാത്തിരുനാളിന്റെ അർത്ഥവും സന്ദേശവും വ്യക്തമാക്കാൻ സഹായിക്കും. യേശുവിന്റെ കല്പനയനുസരിച്ച് ആണ്ടിലൊരിക്കൽ നടത്തുന്ന ഈ ആചാരത്തിന്റെ ആഴമേറിയ അർത്ഥം ഗ്രഹിക്കാൻ യേശുവിന്റെതന്നെ മാതൃകയിലേക്കു തിരിയണം.
ആസന്നമായിരിക്കുന്ന തന്റെ മരണത്തിനു മുന്പ്, ശിഷ്യന്മാരോടൊത്ത് യേശു ഭക്ഷിക്കുന്ന അവസാനത്തെ അത്താഴമാണിത്. ഈജിപ്തിലെ അടിമത്വത്തിൽനിന്നുള്ള മോചനത്തിനു വഴിയൊരുക്കിയ പെസഹാക്കുഞ്ഞാടിന്റെ ബലി അനുസ്മരിക്കുന്ന അത്താഴവേളയിലാണു യേശു അസാധാരണമായൊരു പ്രവൃത്തിയിലൂടെ അവർക്ക് ഒരു പാഠം നൽകുന്നത്.
“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുന്പ് യേശു അറിഞ്ഞു’’(യോഹ13,1). ഈ പ്രസ്താവന തന്നെ പ്രവൃത്തിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. പിതാവിന്റെ അടുക്കലേക്കു പോകുന്നതാണ് യേശുവിന്റെ പെസഹാ. അതു കുരിശുമരണത്തിലൂടെ ആയിരിക്കും. അതിനു മുന്പു നൽകുന്ന നിർണായകമായൊരു പാഠമാണ് കാൽകഴുകൽ.
വിരുന്നിനു വരുന്നവരുടെ പാദം കഴുകി തുടയ്ക്കുന്നത് വീട്ടിലെ അടിമയുടെ ജോലിയാണ്. ശിഷ്യൻ ഗുരുവിന്റെ പാദവും കഴുകും. എന്നാൽ ഗുരു ശിഷ്യന്റെ പാദം കഴുകുക എന്നത് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. പത്രോസിന്റെ പ്രതിഷേധത്തിന് യേശു നൽകുന്ന മറുപടി ഈ പ്രവൃത്തിയുടെ ഒരു മാനം വ്യക്തമാക്കുന്നു.
“ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല’’(യോഹ13,8). പാദം കഴുകൽ ഒരു പ്രതീകമാണ്. യേശു തന്റെ മരണത്തെ മനുഷ്യവർഗത്തിന്റെ മുഴുവൻ പാപം കഴുകി ശുദ്ധീകരിക്കുന്ന ബലിയായി കാണുന്നു. “നിന്നെ കഴുകുന്നില്ലെങ്കിൽ’’എന്നത് ഈ ബലിയിലേക്കു വിരൽ ചൂണ്ടുന്നു. വെള്ളംകൊണ്ട് പാദം കഴുകുന്നത് രക്തംകൊണ്ട് ഹൃദയം കഴുകുന്നതിന്റെ പ്രതീകമായി കാണണം.
ശിഷ്യത്വത്തെയും അധികാരത്തെയും സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠവുമാണിത്. സേവനത്തിനുള്ള അവകാശവും കടമയുമാണ് അധികാരം. ഏറ്റവും വലിയ അധികാരിയുടെ സ്ഥാനം ഏറ്റം താഴെയായിരിക്കണം. ഈ മാതൃകയും കല്പനയും അനുസരിക്കാനും അനുകരിക്കാനും കഴിയുന്നവർക്കു മാത്രമേ യേശുവിന്റെ ശിഷ്യരാകാൻ കഴിയൂ.
വിജാതീയരിൽനിന്ന് യേശുശിഷ്യരെ വ്യത്യസ്തരാക്കുന്നതാണ് ഈ മാതൃകയനുസരിച്ചുള്ള ജീവിതം. എന്നാൽ, കാലക്രമത്തിൽ ഈ മാതൃകയുടെ അർഥം മറന്ന് ആണ്ടിലൊരിക്കൽ ആവർത്തിക്കുന്ന ഒരാഘോഷമായി പരിണമിച്ചിട്ടില്ലേ എന്ന സംശയം അനേകർക്കുണ്ടാകാം; സഭാതലങ്ങളിൽ പോലും നിലനിൽക്കുന്ന അധികാരമോഹവും വടംവലികളും കാണുന്പോൾ.
അപ്പം മുറിച്ചു പങ്കുവയ്ക്കുന്നതിന്റെ അർഥം സൂചിപ്പിക്കുന്നതാണ് ഈ പാദക്ഷാളനം. സ്വയം താഴ്ത്തുന്നതിന്റെ ശൂന്യവത്കരണത്തിന്റെ, പങ്കുവയ്ക്കുന്ന സ്നേഹത്തിന്റെ അടയാളമാണത്. എന്നും നിലനിർത്തേണ്ട ശിഷ്യത്വത്തിന്റെ ഭാവം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group