“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ടു നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം കൊണ്ടു നീ അതിൽനിന്നു കാലയാപനം ചെയ്യും…മണ്ണിൽനിന്ന് എടുക്കപ്പെട്ട നീ മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം സന്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും’’ (ഉത്പ. 3, 17-19).
തലയിൽ ചാരംപൂശിയോ നെറ്റിയിൽ ചാരംകൊണ്ടു കുരിശുവരച്ചോ വലിയനോമ്പപാചരണം തുടങ്ങുന്നതിനെ വിഭൂതി തിരുനാൾ എന്നു വിശേഷിപ്പിക്കുന്നു.
ചാരം അഥവാ ഭസ്മം എന്നാണ് “വിഭൂതി’’ എന്ന വാക്കിനർഥം. ലത്തീൻ ആരാധനക്രമ പ്രകാരം ബുധനാഴ്ചയാണ് വിഭൂതി ആചരിക്കുക. പൗരസ്ത്യസഭകളിൽ പൊതുവേ തിങ്കളാഴ്ചയും.നോമ്പരംഭിക്കുന്ന ദിവസം വിശ്വാസികളുടെ മേൽ കുരിശുവരച്ചുകൊണ്ട് പുരോഹിതൻ പറയുന്ന വാക്കുകൾ തന്നെ ഈ തിരുനാളിന്റെയും ആചാരത്തിന്റെയും അർഥം വ്യക്തമാക്കുന്നു. “നീ പൊടിയാണ്; പൊടിയിലേക്കു തന്നെ നീ മടങ്ങും.’’
ഇത് ഒരു ഓർമപ്പെടുത്തലാണ്. നാം ആരെന്നും നമ്മുടെ അവസ്ഥയും അന്ത്യവും എന്തെന്നും നമ്മെ ഓർമപ്പെടുത്തുന്ന ശക്തവും വ്യക്തവുമായ ഒരു ആചാരം. ഭൂമിയിലെ പൂഴികൊണ്ട് മെനഞ്ഞെടുത്ത രൂപത്തിൽ ദൈവത്തിന്റെ ശ്വാസം നിറഞ്ഞപ്പോഴാണ് മനുഷ്യൻ ഉണ്ടായത് എന്ന് മനുഷ്യസൃഷ്ടിയുടെ വിവരണത്തിൽ പറഞ്ഞുവച്ചതിന്റെ (ഉത്പ 2,7) തുടർച്ചയാണിത്.
മനുഷ്യന്റെ മഹത്വവും ഒപ്പം നിസാരതയും എടുത്തുകാട്ടുന്ന രണ്ടു പ്രതീകങ്ങൾ- ദൈവത്തിന്റെ ശ്വാസവും മണ്ണിലെ പൊടിയും. മർത്യതയും അമർത്യതയും സൂചിപ്പിക്കുന്ന പ്രതീകങ്ങൾ. പൂഴി മനുഷ്യനായത് ദൈവത്തിന്റെ ശ്വാസം മൂലമാണ്. ദൈവവുമായുള്ള ഈ നാഭീനാളബന്ധമാണ് മനുഷ്യമഹത്വത്തിന്റെ നിദാനം. ആ ബന്ധം വിച്ഛേദിച്ചാൽ മനുഷ്യൻ മണ്ണിലേക്കു മാത്രം, മണ്ണായിത്തീരും.
ദൈവത്തിന്റെ ശ്വാസമാണ് തന്റെ ജീവൻ നിലനിർത്തുന്നത് എന്ന് അനുസ്മരിപ്പിക്കാൻ വേണ്ടി നല്കിയതായിരുന്നു നന്മതിന്മയുടെ അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത് എന്ന കല്പന (ഉത്പ 2,17). മരവും പഴവും പ്രലോഭകനായ സർപ്പവും എല്ലാം പ്രതീകങ്ങളാണ്.
കഥാ രൂപത്തിൽ ആഴമേറിയ ഒരു സത്യം അവതരിപ്പിക്കാനായി ഉപയോഗിക്കുന്ന പ്രതീകങ്ങൾ (ഉത്പ 3,1-7). താൻ ദൈവമല്ല, ദൈവത്തിന്റെ മുഖം വഹിക്കുന്ന (ഉത്പ 1,26), ദൈവത്തിന്റെ ശ്വാസം ഉള്ളിൽ ത്രസിക്കുന്ന, സൃഷ്ടിയാണ് എന്ന കാര്യം ഓർക്കണം, അംഗീകരിക്കണം, അതനുസരിച്ചു ജീവിക്കണം. ഈ പ്രപഞ്ചത്തിൽ ദൈവത്തിന്റെ പ്രതിനിധിയായി ദൈവത്തിന്റെ തോട്ടത്തിലെ വേലക്കാരനും കാവൽക്കാരനുമായി വർത്തിക്കണം.
പക്ഷേ വേലക്കാരൻ ഉടമയാകാൻ ശ്രമിച്ചു. കാവൽക്കാരൻ വേലി പൊളിച്ചു. വിലക്കപ്പെട്ട പഴംതിന്നു മനുഷ്യൻ തന്റെ ഉറവിടവും ലക്ഷ്യവും മറന്നതിന്റെ ഫലമാണ് വിഭൂതിയിലൂടെ അനുസ്മരിപ്പിക്കുന്നത്. നീ മണ്ണാണ് മണ്ണിലേക്കുതന്നെ മടങ്ങും. ഈ യാഥാർഥ്യത്തെക്കുറിച്ച് ആഴമേറിയ അവബോധം നല്കുന്നതിനുവേണ്ടിയാണ് തലയിൽ ചാരം പൂശുന്നത്. നെറ്റിയിൽ കരിക്കുരിശു വരയ്ക്കുന്നതും.
ദൈവത്തിന്റെ ശ്വാസത്താൽ, ആത്മാവിനാൽ ദൈവമക്കളായി ദത്തെടുക്കപ്പെട്ടവരാണ് നാം എന്ന് ഓർമിക്കണം. എന്റെ ജീവിതത്തെ നയിക്കുന്നത് ദൈവത്തിന്റെ ആത്മാവായിരിക്കണം. ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്കു ഞാൻ കാതോർക്കണം, അനുസരിക്കണം. ശരീരവും അതിന്റെ ആസക്തികളും നശ്വരമാണ്. ശരീരത്തിന്റെ ഇച്ഛകളെ ആത്മാവിന്റെ ശക്തിയാൽ ഞാൻ കീഴടക്കണം. എങ്കിലേ ഈ മർത്യശരീരം മണ്ണടിയുന്പോഴും ഞാൻ എന്ന വ്യക്തി ദൈവത്തോടൊന്നിച്ച് എന്നേക്കും സന്തോഷത്തോടെ ജീവിക്കൂ!
മണ്ണിലേക്കു മടങ്ങുന്ന ശരീരം വീണ്ടും ഉയിർത്തെഴുന്നേൽക്കും എന്നു വിഭൂതി നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. അതിന്റെ അടയാളമാണ് നെറ്റിയിൽ വരയ്ക്കുന്ന കുരിശ്. പാപത്തിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും മഹത്വത്തിലേക്കും മനുഷ്യനെ ഉയർത്തിയത് യേശുവിന്റെ കുരിശുമരണം വഴിയാണ്. ആ കുരിശിന്റെ മുദ്രപേറുന്പോൾ, പാപത്തിന്റെ വഴികൾ ഉപേക്ഷിച്ച്, ദൈവമക്കളുടെ ജീവിതശൈലി അനുവർത്തിക്കണം എന്ന് ഓർമപ്പെടുത്തുന്ന ദിവസമാണ് വിഭൂതി തിരുനാൾ. പൊടിയിലേക്കു മടങ്ങുന്ന നീ വീണ്ടും അമർത്യനായി ഉയിർത്തെഴുന്നേല്ക്കും എന്ന് ഓർമിക്കണം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group