ജീവിത തിരക്കിനിടയിൽ പ്രായമേറിയ മാതാപിതാക്കൾ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വർദ്ധിച്ചുവരുന്ന കാലമാണിതെന്നും വാർദ്ധക്യത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാൻ യുവജനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.
ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോക വയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയിൽ വിപുലമായ പരിപാടികളോടെയാണ് നടത്തപ്പെട്ടത്. കനകക്കുന്ന് ഇടവകയിൽ ഇരുപതോളം വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവരെ ആദരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കാമാഷി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന വയോജന ദിനാചരണം രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ്, തിരുബാലസഖ്യo, കെസിവൈഎം,കെ സി എസ് എൽ, എ കെ സി സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളാണ് നടന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m