Forced conversion in Pakistan: Christian organizations welcome the enquiry
ഇസ്ലാമാബാദ് /പാക്കിസ്ഥാൻ: പാക്കിസ്ഥാനിൽ സ്ത്രീകളെയും കുട്ടികളെയും നിർബന്ധിതമായി പരിവർത്തനത്തിന് വിധേയമാക്കുന്ന സംഭവത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന് ഉത്തരവിട്ടു. മത ന്യൂനപക്ഷ വിഭാഗത്തിനു നേരെ നടക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ പാക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ച അന്വേഷണത്തെ സ്വാഗതം ചെയ്ത് ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തി.
പീഡനത്തിനിരയായ ക്രിസ്ത്യാനികൾക്കായി വാദിക്കുന്ന ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ ക്രിസ്ത്യാനികൾ പാക്കിസ്ഥാനിൽ വലിയ തോതിൽ പീഡനം അനുഭവിക്കുന്നുണ്ടെന്ന് അറിയിച്ചു. പാക്കിസ്ഥാനിൽ നിർബന്ധിത വിവാഹത്തിന് ഇരയായവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണെന്നും ലൈംഗികാതിക്രമങ്ങളും വഞ്ചനാപരമായ വിവാഹങ്ങളും കുറ്റവാളികൾ ഇരകളെ വലയിലാക്കാൻ ഉപയോഗിക്കുന്നുവെന്നും അധികൃതർ പലപ്പോഴും സമ്മതിക്കുന്നുണ്ടെന്നും ഈ സംഘടന പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിതമായി മതം മാറ്റിയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കേസും അനുസരിച്ച്, അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മതപരമായ ഐക്യത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി താഹിർ മെഹ്മൂദ് അഷ്റഫി സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ – ഹിന്ദു വിശ്വാസികളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.
മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആന്റ് പീസ് പാക്കിസ്ഥാൻ നടത്തിയ 2014 -ലെ പഠനങ്ങൾ അനുസരിച്ച് പ്രതിവർഷം ആയിരം ക്രിസ്ത്യൻ – ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ബലമായി വിവാഹം കഴിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group