ക്രൈസ്തവ വിശ്വാസപ്രഖ്യാപനത്തിന്റെ വേദിയായി മാറിയ പാരീസ് ഒളിമ്പിക്സ്

ലോകമെമ്പാടുമുള്ള കായിക താരങ്ങളുടെ വിശ്വാസത്തിൻ്റെയും ഭക്തിയുടെയും പ്രഖ്യാപന വേദി കൂടിയായി ഒളിമ്പിക്സ് മാറുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഒളിമ്പിക് ചാർട്ടറിൻ്റെ റൂൾ 50 പ്രകാരം ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രകടനങ്ങൾ നിരോധിക്കുന്നുണ്ടെങ്കിലും പല കായികതാരങ്ങളും തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കാതെ അഭിമാനത്തോടെ അത് പ്രദർശിപ്പിക്കുന്നു.

ദൈവത്തിനു നന്ദിപറഞ്ഞ് ബ്രസീലിന്റെ ഏറ്റവും മികച്ച അത്ലറ്റ്

ബ്രസീലിയൻ ജിംനാസ്റ്റ് റെബേക്ക ആൻഡ്രേഡ് വനിതാ ഫ്ലോർ ഫൈനലിൽ സ്വർണ്ണം നേടിയപ്പോൾ, തൻ്റെ വിജയം ആദ്യം സമർപ്പിച്ചത് ദൈവത്തിനായിരുന്നു. തന്റെ രണ്ടാം ഒളിമ്പിക് സ്വർണ്ണവും ആകെ ആറു മെഡലുകളും നേടിയ ഈ താരം രാജ്യത്തെ മികച്ച കായികാതാരമായി തൻ് മികവ് ഉയർത്തിയപ്പോഴും വിനയാന്വിതയായി ദൈവത്തിനുമുന്നിൽ തലകുനിച്ചു. ആ നിമിഷം ലോകം കേട്ടത് ഹൃദയസ്‌പർശിയായ ഒരു ക്രൈസ്തവ വിശ്വാസസാക്ഷ്യമായിരുന്നു.

“ഇപ്രകാരമൊരു മെഡൽ നേടാൻ ദൈവം എനിക്ക് അവസരം ഒരുക്കിത്തന്നു. എനിക്ക് പോകേണ്ട എല്ലാത്തിലൂടെയും ഞാൻ കടന്നുപോയി; ഞാൻ ജോലിചെയ്തു, ഞാൻ വിയർത്തു, ഞാൻ കരഞ്ഞു, ഞാൻ കഠിനമായി ശ്രമിച്ചു. ഈ പ്രവൃത്തികളിലൊക്കെയും അവിടുന്ന് എന്നോടൊപ്പം ഉണ്ടായിരുന്നു. അവൻ എപ്പോഴും എന്നെ അനുഗ്രഹിക്കുകയും എന്നെ സംരക്ഷിക്കുകയും എന്നിൽ അഭിമാനിക്കുകയും ചെയ്യുന്നു” പറയുന്നു. റെബേക്ക

കുരിശു ധരിച്ച് സാക്ഷ്യം നൽകിയ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്

പുരുഷ സിംഗിൾസ് മത്സരത്തിൽ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ തോല്പിച്ച് സ്വർണ്ണം നേടിയ സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് തന്റെ വിശ്വാസം വെളിപ്പെടുത്തിയത് ഏറെ ആളുകളെ സ്വാധീനിച്ചിരുന്നു. ടൂർണമെന്റിലുടനീളം, ജോക്കോവിച്ച് കഴുത്തിൽ ഒരു കുരിശ് ധരിച്ചിരുന്നു.

ഫൈനലിൽ വിജയിച്ചശേഷം, തന്റെ വിജയത്തിന്റെ താക്കോൽ ദൈവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു വെളിപ്പെടുത്തി. “എനിക്ക് ഈ അനുഗ്രഹവും അവസരവും തന്നതിന്, എനിക്ക് തന്റെ കരുണ നൽകിയതിന് ഞാൻ ദൈവത്തിനു നന്ദിപറയുന്നു” അദ്ദേഹം പറഞ്ഞു.

യേശുവിനെ വഴിയും സത്യവും ജീവനുമായി ഏറ്റുപറഞ്ഞ ബ്രസീലിയൻ സ്കേറ്റർ

പതിനാറുകാരിയായ ബ്രസീലിയൻ സ്കേറ്ററായ റെയ്‌സ ലീൽ വെങ്കലമെഡൽ നേടുകമാത്രമല്ല, പോഡിയത്തിലെ തന്റെ നിമിഷം വിശ്വാസത്തിൻ്റെ പ്രസ്‌താവന നടത്താനും ഉപയോഗിച്ചു. അവളുടെ മെഡൽ ലഭിച്ചപ്പോൾ, ആംഗ്യഭാഷയിൽ അവൾ പറഞ്ഞു: “യേശുവാണ് വഴിയും സത്യവും ജീവനും.”

റേസ് വാക്കിംഗിൽ വെള്ളിമെഡൽ ലഭിച്ചപ്പോൾ, ആകാശത്തേക്കു ചൂണ്ടി യേശുവിനോടുള്ള തന്റെ വിശ്വാസം പ്രകടമാക്കിക്കൊണ്ട് കായോ ബോൺഫിമും വിശ്വാസപ്രഖ്യാപനത്തിൻ്റെ ഈ മാർഗം ആവർത്തിച്ചു.

ചരിത്രമെഡലുകൾക്കു പിന്നിലെ ദൈവാനുഗ്രഹം വെളിപ്പെടുത്തി ഗ്വാട്ടിമാലയുടെ താരങ്ങൾ

ഗ്വാട്ടിമാലയുടെ അഡ്രിയാന റുവാനോയും ജീൻ പിയറി ബ്രോളും തങ്ങളുടെ രാജ്യത്തിനായി മെഡലുകൾ നേടി ചരിത്രം സൃഷ്‌ടിച്ചപ്പോൾ അവർ തലകുനിച്ചതും ഏറ്റുപറഞ്ഞതും വിജയം സമർപ്പിച്ചതും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസത്തിനു മുന്നിലായിരുന്നു.

ഗ്വാട്ടിമാലയുടെ ആദ്യ സ്വർണ്ണമെഡൽ നേടിയ റുവാനോ മിക്സ്‌ഡ് സോണിൽ ദൈവത്തോട് നന്ദിപറഞ്ഞുകൊണ്ട് ഇപ്രകാരം വെളിപ്പെടുത്തി: “ദൈവം ഈ പ്രക്രിയയിൽ പ്രധാനിയാണ്. ഈ വിജയം നേടാനുള്ള ശക്തിയും ആത്മവിശ്വാസവും അവിടുന്ന് എനിക്കു നൽകി.” അവളുടെ വിജയത്തിനുശേഷം റുവാനോ വത്തിക്കാനിലേക്കു പോവുകയും അവിടെ ഫ്രാൻസിസ് മാർപാപ്പയെ കാണുകയും ചെയ്തു. അവളുടെ മെഡൽ പാപ്പ ആശീർവദിച്ചു.

വെങ്കലം നേടിയ ജീൻ പിയറി ബ്രോളും ദൈവത്തോടുള്ള നന്ദി പങ്കുവച്ചു. ഒരു മത്സരം ആരംഭിക്കുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞു: “എനിക്ക് സംയമനവും സാഹചര്യം കൈകാര്യം ചെയ്യാനുള്ള വിവേകവും നൽകണമെന്ന് ഞാൻ അവിടുത്തോട് ആവശ്യപ്പെടുന്നു. അവൻ അത് എനിക്ക് തന്നു. ഇതാ, അതിൻ്റെ ഫലം. അതിനാൽ, ഞാൻ ദൈവത്തോട് നന്ദിപറയുന്നു.”

ദൈവത്തോട് നന്ദിപറഞ്ഞു പോസ്റ്റ് ചെയ്ത ചിത്രം

താഹിതിയിൽ നടന്ന പാരീസ് 2024 ഒളിമ്പിക് ഗെയിംസിലെ വെങ്കലമെഡൽ ജേതാവായ സർഫർ ഗബ്രിയേൽ മദീന സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. വായുവിൽ ഉയർന്നുനിൽക്കുന്ന താൻ മുകളിലേക്കു ചൂണ്ടുവിരൽ ഉയർത്തുന്നതാണ് അത്. എ. എഫ്. പി. ഫോട്ടോഗ്രാഫർ എടുത്ത ആ ചിത്രത്തിനൊപ്പം, “എന്നെ ശക്തനാക്കുന്ന ക്രിസ്‌തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും” (ഫിലി. 4:13) എന്ന ബൈബിൾവാക്യം കൂടെ ചേർത്തുവച്ചായിരുന്നു അദ്ദേഹം അത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ദൈവം, യേശു, പരിശുദ്ധാത്മാവ് എന്നിവരുടെ നേതൃത്വത്തിൽ തന്നെ പിന്തുണച്ച ആളുകളുടെ പേരുകളുള്ള ഒരു പ്രത്യേക ടി- ഷർട്ട് ധരിച്ചാണ് 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ സ്വർണ്ണം നേടിയ ദക്ഷിണാഫ്രിക്കൻ നീന്തൽതാരം തത്ജന ഷോൺമേക്കർ എത്തിയത്. 53 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഗുസ്തിക്കാരിയായ ഇക്വഡോറിയക്കാരിയായ ലൂസിയ യെപ്പസ് തൻ്റെ കൈയിൽ ദൈവം എന്ന് എഴുതിയിരുന്നു. എന്നെ വിജയത്തിലേക്കു നയിച്ചത് അവിടുന്നാണെന്നും എനിക്ക് എല്ലായ്പ്പോഴും വിശ്വാസമുണ്ടെന്നും മത്സരശേഷം ലൂസിയ വെളിപ്പെടുത്തി.

“നമുക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് ഞങ്ങളോടു പറയുന്നത് ദൈവത്തിന്റെ വഴിയായിരുന്നു. ഞാൻ എല്ലാ മഹത്വവും ദൈവത്തിനു നൽകുന്നു” മൂന്നു മീറ്റർ സിൻക്രണൈസ്‌ഡ് സ്പ്രിംഗ്‌ബോർഡ് ഡൈവിംഗ് ഇനത്തിൽ വെങ്കലമെഡൽ നേടിയ ബ്രിട്ടന്റെ ആൻഡ്രിയ സ്പെൻഡോളിനി- സിറിയീസ് ബി. ബി. സി. യോടു വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു.

“എല്ലാറ്റിലുമുപരിയായി, പ്രാർഥിക്കുന്നത് എന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇപ്പോൾ കാര്യമില്ലാത്ത കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനും സഹായിക്കുന്നു. ഞാൻ സുരക്ഷിതമായ കൈകളിലാണെന്ന് അറിയുന്നത് എനിക്ക് സമാധാനം നൽകുന്നു” ഒളിമ്പിക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ നീന്തൽക്കാരി അമേരിക്കയുടെ കാറ്റി ലെഡെക്കി വെളിപ്പെടുത്തി. ഒപ്പം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന്റെ ശക്തിയും കത്തോലിക്കയായ കാറ്റി ലെഡെക്കി ഏറ്റുപറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m