നിയമം ലംഘിക്കും പക്ഷെ, പിഴയടക്കില്ല; എ.ഐ. ക്യാമറയെ പേടിയില്ലാത്തവര്‍ക്കുള്ള പണി വരുന്നുണ്ട്‌

മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ.ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുന്നത് 16 ശതമാനം പേർ മാത്രം. ക്യാമറ സ്ഥാപിച്ച്‌ 14 മാസം പിന്നിട്ടപ്പോള്‍ 89.82 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി. 93.26 ലക്ഷം രൂപയാണ് പിഴയടച്ചത്. 467.94 ലക്ഷം രൂപ കിട്ടാനുണ്ട്. പിഴയടയ്ക്കാതിരുന്നാല്‍ ആർ.ടി.ഒ. സേവനങ്ങള്‍ ലഭിക്കില്ല.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ‘പരിവാഹൻ’ ആപ്പിലും മൊബെല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാത്തതുമൂലം പിഴ അടയ്ക്കണമെന്ന സന്ദേശം ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്. സ്വന്തം വാഹനത്തിന് പിഴയിട്ടിട്ടുണ്ടോ എന്നറിയാൻ ‘പരിവാഹൻ’ വെബ്സൈറ്റിലെ ‘ഇ-ചെലാൻ’ മൊഡ്യൂളില്‍ രജിസ്ട്രേഷൻ നമ്ബർ കൊടുത്താൻ മതി.

ഒരു കൊല്ലത്തിനിടെ ഒന്നിലേറെത്തവണ നിയമം ലംഘിച്ചത് ലക്ഷത്തിലേറെപ്പേരാണ്. ആറുമാസത്തിനിടെ 36 തവണ നിയമം ലംഘിച്ചവർപോലുമുണ്ട്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതാണ് 28.97 ലക്ഷം. 19.96 ലക്ഷം പേർ പിൻസീറ്റില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതായി കണ്ടെത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടയ്ക്കേണ്ട 19.44 ലക്ഷം കേസുകളുണ്ട്.

എ.ഐ.ക്യാമറ നിയമലംഘനം കണ്ടെത്തി പിഴ അടയ്ക്കാൻ സന്ദേശം ലഭിച്ച്‌, ഒരുമാസം അടച്ചില്ലെങ്കില്‍ കേസ് വെർച്വല്‍ കോടതിയിലേക്ക് പോകും. അവിടെനിന്ന് മെസേജ് ലഭിക്കും. ഇവിടെയും ഓണ്‍ലൈനായി പണം അടയ്ക്കാൻ സൗകര്യമുണ്ട്. അപ്പോഴും അടച്ചില്ലെങ്കില്‍ കോടതി നടപടികളിലേക്ക് നീങ്ങും. ഇവിടെ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടാറുണ്ട്.

നോട്ടീസ് ലഭിക്കുന്നതുതന്നെ ഒരുപാട് സമയം കഴിഞ്ഞാകും. ഈ കാലയളവിനുള്ളില്‍ വാഹനം വില്‍ക്കുന്നത് (ഉടമയുടെ പേരുമാറ്റം) അടക്കമുള്ള ആർ.ടി.ഒ. സേവനങ്ങള്‍ ആവശ്യമായി വന്നാല്‍ നടക്കാതെവരും. കോടതിയില്‍ പോയി പിഴ അടച്ചശേഷമേ സേവനങ്ങള്‍ ലഭിക്കൂ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m