പേരും ചിത്രവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ്; പരാതി നൽകി കെഎസ് ചിത്ര

ചെന്നൈ: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസില്‍ പരാതി നല്‍കി.

10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച്‌ സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി പലർക്കും സന്ദേശങ്ങള്‍ പോയിട്ടുണ്ട്. മെസേജ് ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യം തന്നെ പലരും അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ചിത്ര പറഞ്ഞു. ഉടൻതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു

പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m