തൃശൂർ: ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളില്‍ വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്ബ് ജോലിയില്‍നിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം.
എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാല്‍കൃത ബാങ്കുകളുടെ എം.ഡി-സി.ഇ.ഒമാർക്കുമാണ് ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗം നിർദേശം നല്‍കിയത്. ഇതനുസരിച്ച്, എസ്.ബി.ഐയില്‍ 50 വയസ്സോ 25 വർഷത്തെ സേവനമോ പൂർത്തിയായ ഓഫിസർമാരുടെയും മറ്റ് ദേശസാല്‍കൃത ബാങ്കുകളില്‍ 55 വയസ്സോ 30 വർഷത്തെ സേവനമോ പൂർത്തിയായവരുടെയും പ്രകടനമാണ് പരിശോധിക്കേണ്ടത്. സബ് സ്റ്റാഫുകളുടെയും ക്ലർക്കുമാരുടെയും കാര്യത്തില്‍ എസ്.ബി.ഐയില്‍ 58 വയസ്സും അതില്‍ കൂടുതലും ദേശസാല്‍കൃത ബാങ്കുകളില്‍ 57 വയസ്സും അതില്‍ കൂടുതലുമുള്ളവരെയാണ് വിലയിരുത്തേണ്ടത്.
ഓഫിസർക്ക് മൂന്നു മാസം മുമ്ബ് നോട്ടീസോ അത്രയും മാസത്തെ വേതനമോ നല്‍കിയും ക്ലർക്കുമാർക്കും സബ് സ്റ്റാഫുകള്‍ക്കും രണ്ടു മാസത്തെ നോട്ടീസ് നല്‍കിയും വിരമിക്കല്‍ അനുമതി നല്‍കാം. എല്ലാ മാസവും പ്രകടനം വിലയിരുത്താനും അതനുസരിച്ച് മുൻകൂർ വിരമിക്കല്‍ നല്കുന്ന ഓഫിസർമാരുടെയും ജീവനക്കാരുടെയും എണ്ണം സർക്കാറിന് റിപ്പോർട്ട് ചെയ്യാനും നിർദേശത്തില്‍ പറയുന്നു. ഇപ്പോള്‍തന്നെ മതിയായ ജീവനക്കാരില്ലാതെ ബാങ്കുകളുടെ പ്രവർത്തനം താളം തെറ്റുകയാണെന്നും ജീവനക്കാരും ഓഫിസർമാരും കടുത്ത സമ്മർദത്തിലാണെന്നും ആള് ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ചൂണ്ടിക്കാട്ടി.
തൊഴില്‍-ജീവിത സന്തുലനം തകർന്നിരിക്കുകയാണ്. ടാർഗറ്റ്, മോശം പ്രകടനം എന്നിവയുടെ പേരില്‍ ബ്രാഞ്ച് മാനേജർമാർമാരടക്കമുള്ളവർ പീഡനം നേരിടുന്നു. മികവ് പരിശോധിക്കാൻ ത്രികക്ഷി കരാറില്‍ നിലവില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ പുതിയ നിർദേശങ്ങള്‍ വെല്ലുവിളിയാണെന്നും ഇത് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദി ചർച്ച ചെയ്യുമെന്നും വെങ്കിടാചലം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m