ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: കോട്ടയത്തിനടുത്ത് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുജനപങ്കാളിത്ത മില്ലാതെ വിശുദ്ധ കുർബാന അർപ്പിച്ച സഹ വികാരിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പ്രസ്തുത സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വക്കേറ്റ് ബിന്ദു. എം.തോമസ് ഉത്തരവിട്ടു.പോലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അറിയിച്ചു.പട്രോളിങ്ങിനിടെ പള്ളിയിലെത്തിയ പോലീസ് ഓഫീസർ,പള്ളി സഹ വികാരി ഫാദർ ലിബിൻ പുത്തൻപറമ്പിലിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.അപ്രകാരം സ്റ്റേഷനിലെത്തിയ ഫാദർ. ലിബിന്റെ മേൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമവിരുദ്ധമാണെന്നആരോപണം ഉന്നയിക്കുകയായിരുന്നു പോലീസ് ഓഫീസർ. പൊതുജനപങ്കാളിത്തമില്ലാതെ സ്വകാര്യമായാണ് താൻ ദിവ്യബലി അർപ്പിച്ചതെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ഓഫീസർ അംഗീകരിച്ചില്ല.ഈ സംഭവത്തെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തനിച്ചു ദിവ്യബലിയർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് അപലപനീയവും അധികാരദുർവിനിയോഗവുമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുകയും സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നുവരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

സ്വന്തം ലേഖകൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group