2024 ലെ ഒരു പുൽക്കൂട്.

2024 ലെ ഒരു പുൽക്കൂട്.

ഇതൊരു പള്ളിക്കൂടമാണ്. അംബാലബേ ഗ്രാമത്തിൽ പ്രകാശം പരത്തേണ്ട കൂടാരം.
അംബാലബെ ഗ്രാമത്തിൽ കഴിഞ്ഞ വർഷം  സ്കൂൾ തുടങ്ങാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അന്നതു നടന്നില്ല.  ഗ്രാമത്തിലെ കാരണവൻമാരുടെ യോഗത്തിൽ ഒരു കാര്യം ഞാൻ ആവശ്യപ്പെട്ടിരുന്നു, തങ്ങളുടെ പങ്കാളിത്വത്തിൻ്റെ ഭാഗമായി അവർ തന്നെ തത്ക്കാലം ഒരു ക്ലാസ് റൂം തയ്യാറാക്കണം. അതവരുടെ ഒരു വീടായാലും മതി. അവരന്നതു സമ്മതിച്ചെങ്കിലും ക്ലാസ് റൂം തയ്യാറാകാത്തതു മൂലം കഴിഞ്ഞ വർഷം കുട്ടികളുടെ പഠനം തുടങ്ങാൻ കഴിഞ്ഞില്ല. ഈ വർഷവും പല ബോധവത്ക്കരണ കൂട്ടിമുട്ടലുകൾ അവിടെ നടന്നു.  അവരുടെ വശത്തു നിന്നും പരിശ്രമം ഉണ്ടായാൽ അടുത്ത വർഷം അവിടെ പള്ളിയും പള്ളിക്കൂടവുമായി ചെറിയൊരു കെട്ടിടം നന്നായി പണി തീർക്കാമെന്നു അവരെ ബോധ്യപ്പെടുത്തി. അങ്ങിനെ അവരുടെ അധ്വാനത്തിൻ്റെ ഫലമായി ഒരു മുന്നൊരുക്കം പോലെ, ഒരു കെട്ടിടം സ്കൂളിനു വേണ്ടി തയ്യാറാക്കപ്പെട്ടു.  ആ പ്രകാശ സ്രോതസ്സാണ് ഇവിടെ കാണുന്നത്. 

അംബാലബേ ഗ്രാമത്തെക്കുറിച്ച് ഞാൻ ആദ്യം മനസ്സിലാക്കിയതു് കുറുമ്പന്മാരുടെ നാടായിട്ടാണ്. 
അങ്കിലിമഹസുവ പള്ളിയിൽ നിന്നും അൻഡ്രാനുമയിന്തി പള്ളിയിലേക്കു നടന്നു വന്ന  യൂത്തിനെ വഴിയിൽ തടഞ്ഞു നിറുത്തി പണവും ഫോണും തട്ടിപ്പറിച്ചെടുത്ത സംഭവത്തിലെ വില്ലന്മാർ അംബാലബേ ഗ്രാമത്തിലെ ചെറുപ്പക്കാരായിരുന്നു. അന്നു തന്നെ ആ ഗ്രാമത്തിലേക്കു പോകാൻ തുനിഞ്ഞ എന്നെ അൻഡ്രാനുമയിന്തി പള്ളിക്കാർ തടഞ്ഞു. അവർ തന്നെ പരിഹാരം കണ്ടെത്താൻ ഉത്സാഹിച്ചതിൻ്റെ ഫലമായി നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കുകയും ചെയ്തു..

അതിനു ശേഷം അൻഡ്രാനുമയിൻതി ഗ്രാമക്കാരോടൊപ്പം പല പ്രാവശ്യം അവിടെ സന്ദർശിച്ചു.  ഞങ്ങളുടെ ഇടവകയിലെ ഓരോ ഗ്രാമ പള്ളിക്കും മറ്റൊരു കുട്ടിപ്പള്ളി വേണമെന്ന ആശയത്തിൽ, അൻഡ്രാനുമയിന്തി പള്ളിയുടെ ഉത്തരവാദിത്വമാണ് അംബാലബേ ഗ്രാമത്തിൽ സുവിശേഷം എത്തിക്കേണ്ടതു്.  

കഴിഞ്ഞ വർഷം ഒരു യോഗത്തിൽ അംബാലബേ ഗ്രാമക്കാർ പള്ളിക്കു വേണ്ടി സ്ഥലം ദാനം ചെയ്തു. അന്നു തുടങ്ങിയ ആഗ്രഹമായിരുന്നു അവിടെ ഒരു പള്ളി തുടങ്ങണമെന്ന്. അത് ഇപ്പോഴാണ് ചെറിയൊരു തുടക്കത്തിൽ എത്തി നിൽക്കുന്നത്. തികച്ചും ശൈശവദശയിലായിരിക്കുന്ന ഈ വിദ്യാലയം ഇവിടത്തെ ചൂടിലും വരൾച്ചയിലും അകാല ചരമമടയാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മഡഗാസ്ക്കറിൽ എത്രയോ ഗ്രാമങ്ങൾ ഇത്തരത്തിലുണ്ടു്. അവിടെയൊക്കെ ഒന്നെത്തി നോക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയുമുണ്ടു്.  അയക്കപ്പെടുന്നവരുടെ ദൗർലഭ്യവും പരിമിതികളും ഇത്തരം സ്വപ്നങ്ങളെ വിദൂരമാക്കുന്നു. 

ക്രിസ്തുമസിനു ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ നമുക്കു സ്വപ്നം കാണാം പ്രാർത്ഥിക്കാം: ഈ ലോകത്തിൽ പ്രകാശമായി വന്ന യേശുനാഥൻ ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിലും അനുഗ്രഹത്തിൻ്റെ പ്രകാശകിരണങ്ങൾ ചൊരിയട്ടെയെന്ന്.

മഡഗാസ്ക്കറിൽ നിന്നും
Fr Johnson Thaliyath CMI.
????????????????????????????????????

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)