ff288

April 01: വിശുദ്ധ ഹഗ്ഗ്

April 01: വിശുദ്ധ ഹഗ്ഗ്

വിശുദ്ധന്റെ പിതാവായിരുന്ന ഒഡീലോ തന്റെ രാജ്യത്തിന്റെ സൈന്യത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ ധീരതയോടും, വിശ്വസ്തതയോടും കൂടി അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചു വന്നു. പിന്നീട് തന്റെ മകനായ വിശുദ്ധ ഹഗ്ഗിന്റെ ഉപദേശപ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറുകയും എളിമയും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തു.

തന്റെ മകന്റെ ജീവിതരീതികളും ആദ്ധ്യാത്മികതയും സ്വീകരിച്ചുകൊണ്ട് നൂറു വര്‍ഷത്തോളം ജീവിച്ചതിനു ശേഷം അദ്ദേഹം സമാധാനപൂര്‍വ്വം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. സ്വന്തം ഭവനത്തില്‍ പ്രാര്‍ത്ഥനയും, ദൈവ സ്തുതികളുമായി കഴിഞ്ഞിരുന്ന തന്റെ അമ്മയുടെ അവസാന നിമിഷങ്ങളില്‍ സമാധാന പൂര്‍ണ്ണമായ അന്ത്യത്തിനായി വിശുദ്ധന്‍ അവരേയും സഹായിച്ചു.

ശൈശവം മുതല്‍ക്കേ തന്നെ ദൈവാനുഗ്രഹം സിദ്ധിച്ചിരുന്ന ഒരു പയ്യനായിരുന്നു വിശുദ്ധനായ ഹഗ്ഗ്. വിശുദ്ധന്‍ തന്റെ പഠനങ്ങളിലും ഭക്തിയിലും ഒരുപോലെ മുന്നേറി. വലെന്‍സിലെ കത്രീഡലിലെ ഒരു പുരോഹിതാര്‍ത്ഥിയായി തീര്‍ന്ന വിശുദ്ധന്‍, തന്റെ വിശുദ്ധിയും, അസാധാരണമായ കഴിവുംകൊണ്ട് ആ കത്രീഡലിനെ ഒരു അലങ്കാരമാക്കി മാറ്റുകയും, തന്റെ സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് പാത്രമായി തീരുകയും ചെയ്തു.

ദൈയിലെ മെത്രാനായി തീര്‍ന്ന വിശുദ്ധന്‍, അധികം താമസിയാതെ ലിയോണ്‍സിലെ മെത്രാപ്പോലീത്തയായി മാറി. ഒരിക്കല്‍ വലെന്‍സില്‍ എത്തുവാനിടയായ പരിശുദ്ധ സഭയുടെ കര്‍ദ്ദിനാള്‍ പ്രതിനിധി വിശുദ്ധനെ കാണുവാനിടയാകുകയും അദ്ദേഹത്തിന്റെ മാന്യതയില്‍ ആകൃഷ്ടനായ അദ്ദേഹം വിശുദ്ധനെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും ചെയ്തു. 1080-ല്‍ പാപ്പായുടെ പ്രതിനിധി അവിഗ്നോണില്‍ ഒരു സിനഡ്‌ വിളിച്ചുകൂട്ടുകയും ഗ്രനോബിളിലെ സഭയുടെ ശോച്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് ഈ അവസ്ഥ പരിഹരിക്കാനും സഭയുടെ മുന്‍കാല മഹത്വം വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്വം വിശുദ്ധനെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തന്റെ ഉള്ളിലുള്ള ഭയം നിമിത്തം വിശുദ്ധന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ വിസമ്മതിച്ചു.

പക്ഷെ പരിശുദ്ധ പിതാവിന്‍റെ പ്രതിനിധിയുടേയും, സമിതിയുടേയും നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധന്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതിനായി പാപ്പാ പ്രതിനിധിയുടെ കൂടെ റോമിലേക്ക് യാത്രയായി. അന്നത്തെ പാപ്പയായിരിന്ന ഗ്രിഗറി ഏഴാമന്‍ പാപ്പായോട് വിശുദ്ധന്‍ തന്റെ ഉള്ളിലെ താല്പര്യകുറവിനെ കുറിച്ച് അറിയിച്ചു. എന്നാല്‍ അതെല്ലാം സാത്താന്റെ മാലാഖയുടെ പ്രേരണകള്‍ കൊണ്ടുണ്ടാവുന്ന പ്രലോഭനങ്ങള്‍ ആണെന്ന് വിവരിച്ചു കൊണ്ട് ഗ്രിഗറി ഏഴാമന്‍ പാപ്പ, വിശുദ്ധന് തന്റെ പുതിയ കുരിശു ചുമക്കുന്നതിനുള്ള ധൈര്യം നല്‍കി.

ദൈവഭക്തയായിരുന്ന മൌദ് പ്രഭ്വിയും വിശുദ്ധന്റെ അഭിഷേക ചടങ്ങില്‍ സന്നിഹിതയായിരുന്നു. മെത്രാനായി അഭിഷിക്തനായ ശേഷം തിരിച്ച് ഗ്രനോബിളില്‍ എത്തിയ വിശുദ്ധന് തന്റെ കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ സാധിച്ചില്ല, കാരണം ശത്രുക്കള്‍ വിതച്ച വിഷവിത്തുകള്‍ മൂലം ജനങ്ങളില്‍ ഭൂരിഭാഗവും മതപരമായ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു കഴിയുന്ന നിലയിലായിരുന്നു. ദൈവഭക്തിയില്‍ നിന്നും ധാര്‍മ്മികതയില്‍ നിന്നും വളരെയേറെ അധപതിച്ച നിലയിലായിരുന്നു അവര്‍. സഭയുടെ വരുമാനം മുഴുവന്‍ വ്യതിചലിക്കപ്പെട്ട നിലയിലായിരിന്നു.

തന്റെ വരവിനു ശേഷം വിശുദ്ധന്‍ അവിടുത്തെ ദുര്‍വൃത്തികളെ തടയുകയും, സഭയെ പുനരുദ്ധാരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഈ ദൗത്യത്തിനായി അദ്ദേഹം കഠിനമായി ഉപവസിക്കുകയും, തന്റെ അജഗണത്തിന്റെ മേല്‍ ദൈവീക കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ആദ്ധ്യാത്മികത് കൊണ്ട് തന്നെ വിശുദ്ധന്റെ രൂപതയുടെ മേലുണ്ടായ ദൈവകാരുണ്യം വളരെ വലുതായിരിന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ ആ പ്രദേശത്ത് വളരെ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധ ഹഗ്ഗ് മറ്റ് വിശുദ്ധരുടെ എളിമയെ അനുകരിച്ചു കൊണ്ട് തിരുസഭയുടെ അനുവാദത്തോടുകൂടി ആവര്‍ഗ്നെയിലെ ചയിസെ-ദിയൂ അല്ലെങ്കില്‍ കാസാ-ദേയി സന്യാസാശ്രമത്തില്‍ ഒരു സന്യാസാര്‍ത്ഥിയായി ചേര്‍ന്നു.

ഗ്രിഗറി ഏഴാമന്‍ പാപ്പാ വിശുദ്ധനോട് തിരികെ വന്നു തന്റെ മെത്രാന്‍ പദവിയില്‍ തുടരുവാന്‍ ആവശ്യപ്പെടുന്നത് വരെ വിശുദ്ധന്‍ അവിടെ സകലര്‍ക്കും മാതൃകയായി ജീവിച്ചു പോന്നു. തന്റെ ഏകാന്തവാസത്തില്‍ നിന്നും തിരികെ വന്ന വിശുദ്ധന്‍ മറ്റൊരു മോശയേപ്പോലെ പുതിയ ഉണര്‍വോട് കൂടി വളരെയേറെ വിജയകരമായി പുതിയ സഭാ നവീകരണങ്ങള്‍ നടപ്പിലാക്കി. ഒരു അസാധാരണമായ സുവിശേഷ പ്രഘോഷണ വരം ലഭിച്ചിട്ടുള്ള ആളായിരുന്നു വിശുദ്ധ ഹഗ്ഗെന്നു ചരിത്രകാരന്‍ നമ്മോടു പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)