April 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്
April 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്
കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ് ജനിച്ചത്. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ പ്രദേശത്തെ മെത്രാന്റെ കീഴിലാണ് വിശുദ്ധന്‍ വളര്‍ന്നത്. യുവാവായിരിക്കെ തന്നെ അദ്ദേഹം തന്റെ കത്രീഡലിലെ കാനോന്‍ ആയി നിയമിതനായി. അധികം താമസിയാതെ വിശുദ്ധന്‍ തന്റെ കത്രീഡല്‍ ചാപ്റ്ററിലെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഔദ്യോഗിക പദവിയില്‍ സ്ഥാനമേല്‍ക്കുവാനായി യഥാവിധി അലങ്കരിച്ച കുതിരപ്പുറത്ത് എത്തിയപ്പോള്‍ കുതിരയുടെ കാല്‍വഴുതിയത് മൂലം വിശുദ്ധന്‍ നിലത്ത് വീഴുകയും ചുറ്റും കൂടിനിന്നവര്‍ വിശുദ്ധനെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഈ സംഭവം ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ സ്ഥാനമാനങ്ങളുടെ ബലഹീനതയെ പറ്റി ബോധവാനാക്കുവാന്‍ സഹായകമായി. അധികം വൈകാതെ തന്നെ അദ്ദേഹം പാലെന്‍സിയായിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു.
തന്റെ പൂര്‍ണ്ണതക്കായി വിശുദ്ധന്‍ വളരെയേറെ ഉത്സാഹത്തോടും, ഭക്തിയോടും കൂടെ പരിശ്രമിച്ചു, സന്യാസത്തിന് പഠിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ വളരെയേറെ ഉദാരത പ്രകടമാക്കിയിരുന്നു. മറ്റുള്ളവരെ സേവിക്കുവാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ അദ്ദേഹം ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. വിശുദ്ധന്റെ അപാരമായ പാണ്ഡിത്യം മൂലം അനേകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. അങ്ങനെ അനേകര്‍ ക്രിസ്തുവിനെ സ്വീകരിച്ചു. അനുതാപത്തിന്റെ പ്രാധാന്യത്തെ പറ്റി എല്ലായിടത്തും വിശുദ്ധന്‍ പ്രസംഗിച്ചു. ദൈവമഹത്വത്തെ സ്തുതിക്കുവാനും, മനുഷ്യരുടെ പാപങ്ങളുടെ ഭീകരതയെക്കുറിച്ചുള്ള ചിത്രം ജനങ്ങളുടെ മനസ്സില്‍ വരച്ചുചേര്‍ക്കുവാനും അദ്ദേഹം തന്റെ സമയം വിനിയോഗിച്ചു.
ഇതിനിടെ ഫെര്‍ഡിനാന്റ് മൂന്നാമന്‍ രാജാവ് ,മൂറുകളെ തന്റെ രാജ്യത്ത് നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രസിദ്ധനായ ഈ പ്രഘോഷകനെ തന്റെ രാജധാനിയിലേക്ക് ക്ഷണിച്ചു വരുത്തി. അദ്ദേഹത്തെ നാട്ടില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പായി വിശുദ്ധന്റെ ഉപദേശങ്ങളും, പ്രാര്‍ത്ഥനകളും വഴി വിശ്വാസപരമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. രാജാവിന്റെ ആത്മവിശ്വാസത്തില്‍ പ്രചോദിതനായ വിശുദ്ധന്‍ രാജധാനിയിലുള്ളവരുടേയും, സൈനീകരുടേയും വിശ്വാസം ജ്വലിപ്പിക്കുവാന്‍ ഉത്സാഹിക്കുകയും, അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അസൂയാലുക്കള്‍ വിശുദ്ധനായി ഒരു കെണിയൊരുക്കി;
ഒരു കൊട്ടാരവേശ്യയെ കുമ്പസാരത്തിന് എന്ന നാട്യത്തില്‍ വിശുദ്ധന്റെ പക്കലേക്കയച്ചു. വിശുദ്ധനെ മയക്കുക എന്നതായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. എന്നാല്‍ അവളുടെ ഗൂഡപദ്ധതി മനസ്സിലാക്കിയ വിശുദ്ധന്‍ തൊട്ടടുത്ത മുറിയില്‍ പോയി തന്റെ സഭാസ്ത്രം ധരിച്ച്, ഒരു വലിയ അഗ്നികുണ്ടം ഒരുക്കി അതിന്റെ നടുവില്‍ നിന്നുകൊണ്ട് അവളോട് തന്റെ പക്കലേക്ക് വരുവാന്‍ ആവശ്യപ്പെട്ടു. അത്ഭുതകരമായ ഈ പ്രവര്‍ത്തി കണ്ട അവളും അവളുടെ അസൂയാലുക്കളുമായ സുഹൃത്തുക്കളും മാനസാന്തരപ്പെട്ട് വിശ്വാസവഴിയിലേക്ക് വന്നു. ഈ സംഭവം മൂലം അവര്‍ക്ക് വിശുദ്ധനോട് വളരെയേറെ ആദരവുണ്ടായി.
ഫെര്‍ഡിനാന്റ് രാജാവ് നിരവധി വിജയങ്ങള്‍ നേടുകയും, 1236-ല്‍ മൂറുകളുടെ കയ്യില്‍ നിന്നും കൊര്‍ദോവ തിരിച്ചു പിടിക്കുകയും ചെയ്തു. അവരുടെ ഒരു വലിയ പള്ളി (Mosque) ഒരു കത്രീഡല്‍ പള്ളിയാക്കി മാറ്റുകയും ചെയ്തു. ഇനി തന്റെ ആവശ്യം അവിടെയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ രാജധാനി വിടുകയും മറ്റ് സ്ഥലങ്ങളില്‍ പോയി സുവിശേഷം പ്രഘോഷിച്ചു നടന് നീങ്ങി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും, രോഗശാന്തി വരവും നല്‍കി ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. 1248-ലെ വിശുദ്ധവാരത്തില്‍ അദ്ദേഹം രോഗബാധിതനായി തീരുകയും, ഈസ്റ്റര്‍ ദിനത്തില്‍ ഇഹലോകവാസം വെടിയുയികയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0