April 23: രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ്
April 23: രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ്
വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു.
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.
പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്‍ പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല.
അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു.
മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു.
സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0