വന്യമൃഗങ്ങളെയല്ല മനുഷ്യജീവനെയാണ് സംരക്ഷിക്കേണ്ടത് : കത്തോലിക്കാ കോൺഗ്രസ്
വന്യമൃഗങ്ങളെയല്ല മനുഷ്യജീവനെയാണ് സംരക്ഷിക്കേണ്ടത് : കത്തോലിക്കാ കോൺഗ്രസ്
പാലാ : വന്യമൃഗങ്ങളെക്കാൾ സംരക്ഷിക്കേണ്ടത് മനുഷ്യജീവൻ ആണെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഓരോ സ്ഥലത്തും വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അവിടെ ഒരു മനുഷ്യജീവൻ നഷ്ടമാകുന്നതുവരെ കാത്തിരിക്കരുത്. കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന വധിച്ച ശേഷം അവിടെ കിടങ്ങുകൾ നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാരിൻറെ വാഗ്ദാനം നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് മനുഷ്യജീവനെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വന വിസ്തൃതി കൂടിയപ്പോഴും വന്യജീവി ആക്രമണം കൂടുന്നതിൽ നിന്നും മൃഗങ്ങളുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണം എന്ന് വ്യക്തമാകുന്നു. എല്ലാ വികസിത രാജ്യങ്ങളിലും നിശ്ചിത കാലഘട്ടങ്ങൾക്കിടയിൽ നിയന്ത്രിത വേട്ടയാടൽ നടത്തി മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാറുണ്ട്. ഈ സമ്പ്രദായം ഇവിടെയും അത്യാവശ്യമാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വലിയ തോതിൽ കൂടുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഏതൊരു സർക്കാരിന്റെയും അടിസ്ഥാന കടമയാണ് അതുപോലും നിർവഹിക്കാത്ത സർക്കാരുകൾ നാടിന് ശാപമായി തീരുന്നു. കേരളത്തിൽ ഇനിയും ഒരു വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെടാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും ഉചിതമായ നിയമനിർമാണങ്ങൾ നടത്തി മനുഷ്യജീവന് സംരക്ഷണം നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ,ജോർജ് സി. എം., പയസ് കവളംമക്കൽ, ജോൺസൻ ചെറുവള്ളിൽ, ടോമി കണ്ണീറ്റുമ്യാലിൽ,ബെന്നി കിണറ്റുകര,രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ, എഡ്വിൻ പാമ്പാറ, ബെല്ലാ സിബി, അജിത് അരിമറ്റം തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0