ap24

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലുകൾ തകർന്ന ബന്ധങ്ങളെ കൂട്ടിയിണക്കും:

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലുകൾ തകർന്ന ബന്ധങ്ങളെ കൂട്ടിയിണക്കും:

റോമൻ ഗവർണറായ പീലാത്തോസ് തൻ്റെ മുമ്പിൽ നിൽക്കുന്ന യേശുവിനെ ഉറ്റുനോക്കി... പീലാത്തോസിൻ്റെ ചിന്തകൾ ഒരു നിമിഷത്തേക്ക് ഊളിയിട്ടത് തൻ്റെ സ്വകാര്യ ജീവിതത്തിലേക്കാണ്... ആരെയും ആകർഷിക്കുന്ന, അത്ഭുത പ്രവർത്തകനായ ഈ നസ്രായനെക്കുറിച്ച് മിക്കവാറും പീലാത്തോസിൻ്റെ മുമ്പിൽ വാചാലയായത് തൻ്റെ ഭാര്യ ക്ലോഡിയ തന്നെയാണ്. യൂദയാ പോലുള്ള സംഘർഷഭരിതമായ ഒരു ദേശത്തിൻ്റെ ഗവർണർ ആയിരിക്കുമ്പോൾ പതിവായി ഉണ്ടായിരുന്ന പലതരം പിരിമുറുക്കങ്ങൾക്കിടയിൽ തൻ്റെ പ്രിയതമയുടെ വാക്കുകൾക്ക് അധികം പ്രാധാന്യമൊന്നും താൻ നൽകിയിരുന്നില്ല. എങ്കിലും ഭക്ഷണ നേരത്തും മറ്റും അലസമായി ക്ലോഡിയയെ ശ്രവിക്കുമ്പോൾ അവൾ പറയുന്ന യുവറബ്ബിയുടെ പ്രവർത്തനങ്ങൾ തന്നിൽ ആശ്ചര്യം ജനിപ്പിച്ചിരുന്നു... ഒരു അന്യദേശത്ത് അല്പം സന്തോഷവും സമാധാനവും ലഭിക്കുന്ന വാക്കുകൾ കേൾക്കാൻ മറ്റ് സ്ത്രീകളോടൊപ്പം ആ യുവാവിൻ്റെ പക്കലേക്ക് പോകുന്നതിൽ നിന്ന് ഭാര്യ ക്ലോഡിയയെ താൻ വിലക്കിയിരുന്നില്ല...

ഇന്നിതാ, തൻ്റെ മുമ്പിൽ ആ അത്ഭുത പ്രവർത്തകൻ ബന്ധനസ്ഥനായി നിൽക്കുന്നു! മരിച്ചവരെ ഉയിർപ്പിക്കുകയും തളർവാതരോഗികളെ മാൻപേടയെ പോലെ തുള്ളിച്ചാടിക്കുകയും ചെയ്ത ഇയാൾ എന്തേ തനിക്കുവേണ്ടിത്തന്നെ ഒരത്ഭുതവും പ്രവർത്തിക്കാതെ ഇങ്ങനെ നിസ്സംഗനായി നിൽക്കുന്നത്? ചുറ്റും നിൽക്കുന്നവർ മത്സരിച്ച് അവനിൽ കുറ്റം ആരോപിക്കുന്നുണ്ട്. എന്നാല്‍, അയാൾ മറുപടിയൊന്നും പറയുന്നില്ല. തൻ്റെ ഭാര്യ പറഞ്ഞതനുസരിച്ച് ആണെങ്കിൽ, എല്ലാം അറിയാവുന്നവൻ്റെ ഈ മൗനം ഭയാനകമാണ്! യഥാർത്ഥ ജ്ഞാനിയുടെ ആദ്യത്തെ ലക്ഷണം മൗനമാണ് എന്ന് എപ്പോഴോ എവിടെയോ കേട്ടത് മനസ്സിലേക്ക് ഇരമ്പിക്കയറി വന്നു. 

എങ്ങനെയെങ്കിലും യേശുവിനെ പുരോഹിത പ്രമുഖരുടെയും അവരുടെ അനുയായികളുടെയും കൈകളിൽ നിന്ന് രക്ഷിക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ്‌ പറഞ്ഞു: "ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല". പക്ഷേ, ചുറ്റുമുള്ള ജനക്കൂട്ടത്തിൻ്റെ ആരോപണങ്ങൾക്കും ആക്രോശങ്ങൾക്കും ഇടയിൽ പീലാത്തോസിന് പിടിച്ച് നിൽക്കാനാകുന്നില്ല. യേശു ഗലീലിയിൽ നിന്നുള്ളവനും ഹേറോദേസിന്റെ അധികാരത്തില്‍ പെട്ടവനും ആണെന്ന് അറിഞ്ഞപ്പോള്‍ പീലാത്തോസ്‌ വേഗം മറ്റൊരു അടവ് പ്രയോഗിച്ചു. തൻ്റെ പ്രതിയോഗിയായ ഹേറോദേസ് രാജാവിൻ്റെ അടുത്തേക്ക് തന്നെ എത്രയും വേഗം ഇയാളെ അയയ്ക്കാം. ഒരു നിരപരാധിയെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന പ്രിയതമയുടെ കുറ്റപ്പെടുത്തലിൽ നിന്ന് രക്ഷപ്പെടാമല്ലോ...

ഹേറോദേസ്‌ യേശുവിനെ കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. കാരണം, കഴിഞ്ഞ രണ്ടു വർഷമായി അവന്‍ യേശുവിനെപ്പറ്റിയും അവൻ ചെയ്തിരുന്ന അത്ഭുതങ്ങളെക്കുറിച്ചും കേട്ടിരുന്നു. അതുകൊണ്ട് തന്നെ അവനെ കാണാനും അവൻ ചെയ്യുന്ന ഏതെങ്കിലും ഒരദ്‌ഭുതം കാണാനും അയാൾ അതിയായി ആഗ്രഹിച്ചിരുന്നു. ഹേറോദേസ്‌ രാജാവ് പലതും യേശുവിനോടു ചോദിച്ചു. പക്ഷേ, യേശു ഒന്നിനും ഉത്തരം പറഞ്ഞില്ല. 

മൗനം ഭജിച്ചുകൊണ്ട് യേശു ഹേറോദേസിൻ്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി. ആ കണ്ണ് ഹൃദയത്തിലേക്കു തിരിച്ച കണ്ണാടിയായിരുന്നോ? അവിടെ കുമിഞ്ഞു കൂടിയിരുന്ന പകയും വിദ്വേഷവും ആസക്തികളുമെല്ലാം ആ തൃക്കണ്ണു കണ്ടു. എന്നാൽ, ആ കണ്ണ് ക്ഷുഭിതമായില്ല ... മറിച്ച്, അവ കരുണാർദ്രമായി... ആ നയനങ്ങൾ സജലങ്ങളായി... ആരോരുമറിയാതെ തന്നിലെ സ്നേഹത്തിൻ്റെ ഉറവ ഒരു മന്ദസ്മിതത്തോടെ യേശു അയാളിലേക്ക് ഒഴുക്കിവിട്ടു. ഹേറോദേസ് രാജാവിന് റോമൻ ഗവർണറോട് ഉണ്ടായിരുന്ന വിദ്വേഷവും പകയും പാടെ മാഞ്ഞു പോയി! 

ഹേറോദേസിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ക്രിസ്തു നടത്തിയ ആ അദ്‌ഭുതം, പക്ഷേ, അയാൾ തിരിച്ചറിഞ്ഞില്ല. തൻ്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാഞ്ഞതിൽ ക്ഷുഭിതനായി ഹേറോദേസ് പടയാളികളോടു ചേര്‍ന്ന്‌ യേശുവിനോട് നിന്ദ്യമായി പെരുമാറി. പിന്നീട് ഹേറോദേസ്‌ യേശുവിനെ പകിട്ടേറിയ വസ്‌ത്രം ധരിപ്പിച്ച്‌ പീലാത്തോസിന്റെ അടുത്തേക്കു തിരിച്ചയച്ചു. അന്നുമുതല്‍ ഹേറോദേസും പീലാത്തോസും പരസ്‌പരം സ്‌നേഹിതന്മാരായി. പരസ്പരം ശത്രുത പുലർത്തിയിരുന്ന അവർ അകലങ്ങളിൽ ആയിരുന്നിട്ടു പോലും തകർന്ന ബന്ധം യേശുവിൻ്റെ കൃപയാൽ കൂട്ടിയിണക്കപ്പെട്ടു. തീർച്ചയായും, ക്രിസ്തുവിനെ കാണാൻ ആഗ്രഹിച്ച് അവൻ്റെ മുമ്പിൽ നിൽക്കുന്ന ആരെയും, ഉള്ളിൽ പരിവർത്തനം വരുത്താതെ അവിടുന്ന് വിടില്ല. ഹേറോദേസും അവരിൽ ഒരുവനായി.

ഈ നോമ്പുകാലത്ത് ത്യാഗങ്ങളും ഉപവാസങ്ങളും പ്രാർത്ഥനകളും വഴി ദൈവത്തോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. പക്ഷേ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളുടെ ഉള്ളറകൾ എങ്ങനെയുള്ളതാണ്? കോപവും പകയും വിദ്വേഷവും കൊണ്ട് നിറഞ്ഞതാണോ? അനുദിനവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഈശോയെ സ്വീകരിച്ച് മടങ്ങുമ്പോഴും സഹോദരങ്ങളോടുള്ള വെറുപ്പും വിദ്വേഷവും തുടരുന്നുണ്ടെങ്കിൽ ഞാനും നിങ്ങളും ഹോറോദേസിനെ പോലെ തന്നെയാണ്. ഈ നോമ്പുകാലം പരിവർത്തനത്തിൻ്റെ സമയമാണ്. എല്ലാ പിണക്കങ്ങളും ക്രിസ്തുവിൻ്റെ കാൽക്കൽ സമർപ്പിച്ച്, ഒരു പുതിയ സൃഷ്ടിയായി മാറാൻ പരിശ്രമിക്കാം എന്ന ആശംസയോടെ ഒരു നല്ല നോമ്പുകാലം ആശംസിച്ചുകൊണ്ട്...

,

കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)