ആർഎസ്എസ് പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി:
ആർഎസ്എസ് പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി:
പ്രിയപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരേ, ക്രിസ്തുവിൽ നിങ്ങൾക്ക് സമാധാനം നേർന്നുകൊണ്ട് നിങ്ങളോട് നന്ദി പറയണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ദുഷ്ട ലാക്കോടെയാണ് നിങ്ങൾ കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ കണക്ക് പുറത്തുവിട്ടതെങ്കിലും ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എന്ന മഹാരാജ്യത്തെ നാനാജാതി മതസ്ഥർ അല്പം അമ്പരപ്പോടെയും അസൂയയോടെയും കൂടി ആണ് ആ കണക്കുകൾ വായിക്കുകയും ചർച്ചയാക്കുകയും ചെയ്തത്.
കൃത്യമായി പറഞ്ഞാൽ ക്രിസ്തു ശിഷ്യനായ തോമാശ്ലീഹാ ഇന്ത്യയിൽ കാലുകുത്തിയിട്ട് 1973 വർഷത്തോളം ആയി. എങ്കിലും ഇന്നും ഇന്ത്യയുടെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിന് താഴെ നിൽക്കുന്ന ക്രിസ്ത്യാനികൾ ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ മുക്കിലും മൂലയിലും മതപരിവർത്തന കേന്ദ്രങ്ങളോ, ആയുധശാലകളോ പണിതുയർത്തുന്ന തത്രപ്പാടിൽ ആയിരുന്നില്ല, മറിച്ച് ഈ രാജ്യത്തിൻ്റെ ഓരോ കോണിലേക്കും ഇറങ്ങിച്ചെന്ന് കാരുണ്യ പ്രവർത്തികൾ ചെയ്യാനുള്ള തീക്ഷ്ണതയിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന കണക്കുകൾ ആണ് നിങ്ങൾ പുറത്തുവിട്ടിരിക്കുന്നത്...
ചെറിയ ഒരു പരിഭവം ഞങ്ങൾക്ക് ഉള്ളത് കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ കണക്ക് പുറത്ത് വിട്ടപ്പോൾ ഞങ്ങൾ നടത്തുന്ന അനാഥാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും ലിസ്റ്റ് നിങ്ങൾ അങ്ങ് മനപ്പൂർവ്വം മറന്നത് പൂച്ച കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്നത് പോലെ ആണെന്ന് തോന്നി. പിന്നെ നല്ല വൈദഗ്ധ്യം ഉള്ള ഒരാളെ ഏല്പിക്കുകയായിരുന്നു എങ്കിൽ അല്പം കൂടി സുതാര്യമായ കണക്കുകൾ പുറത്തുവിടാമായിരുന്നു. ഭാവിയിൽ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ കണക്കുകൾ വീണ്ടും പുറത്തുവിടാൻ നിങ്ങൾക്ക് മോഹം ഉദിച്ചാൽ കണക്കുകളിൽ പിശക് പറ്റരുത് എന്ന ഉദ്ദേശത്തോടെ ഒരു കൈ സഹായം ചെയ്തു തരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഇന്ത്യയിൽ ആകെ 174 രൂപതകളിലും 200 ൽ പരം സന്യാസ സമൂഹങ്ങളുടെ വിവിധ ശാഖകളിലുമായി, ഇന്ത്യയിൽ എമ്പാടുമായി 40000 ത്തിൽ പരം സ്‌കൂളുകളും 400 ൽ അധികം കോളേജുകളും ആറ് യൂണിവേഴ്സിറ്റികളും കത്തോലിക്കാസഭയ്ക്ക് ഉണ്ട്. വിദ്യാഭാസ സ്ഥാപനങ്ങൾ കൂടാതെ ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 240 മെഡിക്കൽ – നഴ്‌സിംഗ് – പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെമ്പാടുമായി 85000 ത്തോളം രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന വിപുലമായ ആശുപത്രി ശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും കത്തോലിക്കാ സഭയ്ക്കുണ്ട്. പലയിടങ്ങളിലായി അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും ആലംബഹീനരും അനാഥരുമായ മനുഷ്യർ ആയിരക്കണക്കിന് സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. അതായത് ഈ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമോ, കോർപ്പറേറ്റ് സ്ഥാപനങ്ങളോ, മറ്റ് ഏതെങ്കിലും മത സംഘടനകളോ ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ഇന്ന് കത്തോലിക്കാ സഭ ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി ചെയ്യുന്നത്.
നീതി നിഷേധിക്കപ്പെട്ട് അവഗണനയിൽ തുടരുന്ന ഒരുകൂട്ടം ജനങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്നതാണ് പതിറ്റാണ്ടുകളായി കത്തോലിക്കാ സഭയുടെ ശൈലി. ജനസംഖ്യയുടെ 1.55 ശതമാനം അഥവാ 2 കോടിയോളം കത്തോലിക്കാ വിശ്വാസികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയേക്കാൾ (2 കോടി) കൂടുതൽ പേർക്ക് കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ഓരോ ദിവസവും പ്രത്യക്ഷമായോ പരോക്ഷമായോ സേവനങ്ങൾ എത്തിക്കുന്നുണ്ട്.
കത്തോലിക്കാ സഭയുടെ ഭൂസ്വത്തുക്കളും സ്ഥാപനങ്ങളും കണ്ട് ഒരിക്കലും അസൂയപ്പെടരുത്, കാരണം ഈ ഭൂസ്വത്തുക്കൾ ഞങ്ങൾ ആരെയും ഭീക്ഷണിപ്പെടുത്തിയോ വഞ്ചിച്ചോ, പിടിച്ചുപറിച്ചോ അന്യായമായി നേടിയതല്ല. വ്യക്തമായി പറഞ്ഞാൽ പ്രധാനമായും നാലു വിധത്തിലാണ് കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്ത് സ്വന്തമായിട്ടുള്ളത്. ഒന്നാമത്തേത് കത്തോലിക്ക സഭയുടെയും മിഷനറിമാരുടെയും സാമൂഹിക പ്രവർത്തനങ്ങൾ വിലയിരുത്തിയ ഭരണാധികാരികൾ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനായി വളരെ വർഷങ്ങൾക്കു മുമ്പ് വിട്ടുനൽകിയ ഭൂസ്വത്തുക്കളാണ്. രണ്ടാമത്തേത് വിശ്വാസികൾ തങ്ങളുടെ അരമുറുക്കിയും പിടിയരി നൽകിയും കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. മൂന്നാമത്തേത് കത്തോലിക്കാ സഭയുടെ സേവനങ്ങളിൽ സംതൃപ്തരായി പ്രദേശവാസികളായ ഞങ്ങളുടെ പൂർവികർ ദാനമായി നൽകിയതാണ്. നാലാമത്തേത് സ്വാഭാവികമായും വിലകൊടുത്ത് വാങ്ങിയ ഭൂമിയാണ്. ഈ നാലുവിധത്തിൽ വിവിധ സഭാ സംവിധാനങ്ങളുടെ കൈവശമുള്ള ഭൂസ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും പൂർണ്ണ അവകാശം എല്ലാ അർത്ഥത്തിലും ഭരണഘടനാപരമായുള്ളതാണ്.
കത്തോലിക്കാ സഭയുടെ കൈവശമുള്ള ഈ ഭൂസ്വത്തുക്കൾ ഒരിക്കലും നിയന്ത്രിത മേഖലകളാക്കി മാറ്റി ഞങ്ങൾ താഴിട്ട് പൂട്ടിവയ്ക്കാറില്ല. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ ഈ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കുമായാണ്. അതായത് എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാസംവിധാനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതത് പ്രദേശത്തുള്ളവർക്ക് ലഭ്യമാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് കത്തോലിക്കാ സഭയുടെ കൈവശമുള്ള ഭൂസ്വത്തുക്കളെ ഓർത്ത് ആരും അധികം ബേജാറാകണ്ട എന്ന ഓർമ്മപ്പെടുത്തലോടെ...
കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ.
കടപ്പാട്: ലേഖനത്തിലെ കണക്കുകളും മറ്റു വിശദാംശങ്ങളും KCBC Jagratha Commission ൻ്റെ സൈറ്റിൽ നിന്ന് എടുത്തതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m