ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ..
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ..
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 152-ാം ജന്മദിനം
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്ന് ജനുവരി രണ്ടിനു 151 വർഷം തികയുന്നു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്.
വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും
തുന്നൽക്കാരിയായിരുന്ന സെലി ഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം.
ദൈവം അവരുടെ ദാമ്പത്യ വല്ലരിയിൽ ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി.
ഒമ്പതാമത്തെ സന്തതിയായി ജനിച്ച കൊച്ചുറാണി ചേച്ചിമാരെ കണ്ടാണു വളര്‍ന്നത്. 1877 ആഗസ്റ്റു മാസം 28ന്
അമ്മ സെലിഗ്വരിൽ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അന്നു കൊച്ചുറാണിക്ക് കേവലം നാലു വയസ്സേ ഉണ്ടായിരുന്നുള്ളു. ഭാര്യയുടെ മരണ ശേഷം മാര്‍ട്ടിനും കുടുംബവും അലൻകോണിൽ നിന്ന് 50 മൈൽ അകലെയുള്ള ലിസ്യുവിലേക്കു താമസം മാറ്റി.
കൊച്ചു റാണിക്ക് 9 വയസ്സുള്ളപ്പോൾ പൗളി കർമ്മലീത്താ കോൺവെന്റിൽ പ്രവേശിച്ചു. അന്നുമുതൽ ആ വഴിയിലൂടെ സഹോദരിയെ പിന്തുടരാൻ കൊച്ചുത്രേസ്യായ്ക്കു തോന്നി. പൗളിയെപ്പോലെ അവളുടെ സഹോദരി മരിയയും കർമ്മലീത്താ കോൺവെന്റിൽ പോയപ്പോൾ തെരേസയ്ക്ക് പതിനാല് വയസ്സായിരുന്നു.
അടുത്ത വർഷം, കൊച്ചുത്രേസ്യാ തന്റെ പിതാവിനോട് കർമ്മലീത്ത മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു, പിതാവ് അനുവദിച്ചെങ്കിലും മഠത്തിലെ കന്യാസ്ത്രീകൾക്കും ബയൂക്സിലെ ബിഷപ്പിനും അവൾ വളരെ ചെറുപ്പമാണെന്നും കുറച്ചു കൂടെ കാത്തിരിക്കണമെന്നും ഉപദേശിച്ചു.
ഏതാനും മാസങ്ങൾക്കുശേഷം പതിമൂന്നാം ലെയോ മാർപാപ്പയുടെ പൗരോഹിത്യ ജൂബിലിയോടു അനുബന്ധിച്ച് റോമിലേക്ക് തീർത്ഥാടനത്തിനായി കൊച്ചുത്രേസ്യ പിതാവിനോപ്പം പോയി. മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങുമ്പോൾ അവൾ നിശബ്ദത വെടിഞ്ഞ് പതിനഞ്ചാം വയസ്സിൽ മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. കൊച്ചുത്രേസ്യായുടെ രൂപത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ മാർപാപ്പ അത് ദൈവഹിതമാണെങ്കിൽ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞു.
കൊച്ചുത്രേസ്യാ പിന്നീട് എല്ലാ തീർത്ഥാടന ദേവാലയങ്ങളിലും തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും മാർപ്പാപ്പയുടെ പിന്തുണയോടെ 1888 ഏപ്രിലിൽ കാർമ്മലിൽ പ്രവേശിക്കുകയും ചെയ്തു.
സ്നേഹിക്കുക എന്നതായിരുന്നു അവളുടെ ദൈവവിളി.
കർമ്മലീത്താ സഭയുടെ നിയമങ്ങളും കടമകളും കൃത്യമായി അവൾ നിറവേറ്റി. പുരോഹിതന്മാർക്കും മിഷനറിമാർക്കും വേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഇക്കാരണത്താൽ, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷണറിമാരുടെ മധ്യസ്ഥ എന്ന പദവി നൽകി ആദരിച്ചു. 1894 ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു.
അതേ വർഷം തന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായി പോകാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യാ ഒരുപാട് സഹനങ്ങളിലൂടെ കടന്നു പോയി . ശാരീരിക ക്ലേശങ്ങളുടെയും ആത്മീയ പരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് പത്തൊമ്പതിനു അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്ക് യാത്രയായി.
1923 ഏപ്രിൽ 29-ന് പതിനൊന്നാം പിയൂസ് മാർപ്പാപ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17നു വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
1927-ൽ കൊച്ചുറാണിയെ മിഷൻ്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944-ൽ വിശുദ്ധ ജോവാൻ ഓഫ് ആർക്കി നൊപ്പം ഫ്രാൻസിന്റെ സഹ- മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
1997 ഒക്‌ടോബർ 19-ന് വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ 70,000ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായെ സാർവ്വത്രിക സഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു.
ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ
ഓ ഈശോയെ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്തുവാനുള്ള കൃപ എനിക്കു നൽകണമേ.
ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ
ഓ ഈശോയെ നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ.
ഓ വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹ പ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ.
ഓ ഈശോയെ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്തുവാനും എന്നെ പഠിപ്പിക്കണമേ.
ഓ എന്റെ ദൈവമേ, എന്റെ മുഴു ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഓ എന്റെ വിശുദ്ധ കാവൽ മാലാഖേ നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.
കടപ്പാട് : ഫാ. ജയ്സൺ കുന്നേൽ mcbs
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m