അന്യഗ്രഹത്തിൽ മനുഷ്യനുണ്ടെങ്കിൽ ബൈബിൾ എന്തുകൊണ്ടതു പറയുന്നില്ല ?
അന്യഗ്രഹത്തിൽ മനുഷ്യനുണ്ടെങ്കിൽ ബൈബിൾ എന്തുകൊണ്ടതു പറയുന്നില്ല ?
............................................
ഈ പ്രപഞ്ചത്തിലെ മറ്റേതെങ്കിലുമൊരു ഗ്രഹത്തില്‍ നമുക്കു തുല്യരായ മനുഷ്യരെയോ ജീവിവർഗ്ഗത്തെയോ (intelligent extra-terrestrial beings) കണ്ടെത്തിയാല്‍ മതങ്ങളും ശാസ്ത്രലോകവും എപ്രകാരമായിരിക്കും അതിനോടു പ്രതികരിക്കുക? അന്യഗ്രഹ ജീവൻ ഉരുത്തിരിഞ്ഞത് പരിണാമത്തിലൂടെയാണോ അതോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയാണോ എന്നു പ്രഖ്യാപിക്കാൻ ശാസ്ത്രത്തിന് ഒരുപക്ഷേ പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവന്നേക്കാം. എന്നാല്‍ ഈ മഹാപ്രപഞ്ചം ദൈവസൃഷ്ടിയാണെന്നു വിശ്വസിക്കുകയും ഭൂമിയും അതിലെ സര്‍വ്വചരാചരവും ദൈവത്തിന്‍റെ കരവേലയാണെന്നു കരുതുകയും ചെയ്യുന്നവര്‍ ഈ ചോദ്യത്തിന് തല്‍സമയം മറുപടി നല്‍കേണ്ടിവരും. ആസ്ട്രോഫിസിക്സ് പഠനശാഖയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍ പ്രകാരം മതങ്ങളും ശാസ്ത്രലോകവും എപ്പോള്‍ വേണമെങ്കിലും ഒരു പ്രതികരണത്തന് തയ്യാറായിരിക്കേണ്ട സ്ഥിതിയാണ് ഇന്നു സംജാതമായിരിക്കുന്നത്.
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോ ഫിസിക്സ് വിഭാഗത്തിലെ പ്രഫസര്‍ നിക്കു മധുസൂദനന്‍റെ (Prof. Nikku Madhusudhan) നേതൃത്വത്തില്‍ 124 പ്രകാശവര്‍ഷം അകലെ ജീവസാന്നിധ്യമുള്ള ഒരു ഗ്രഹത്തില്‍ ജീവന് കാരണമായേക്കാവുന്ന ചില സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. ജീവസാന്നിധ്യത്തിനു സാധ്യതയുണ്ടെന്നു ശാസ്ത്രലോകം സംശയിക്കുന്ന, പ്രപഞ്ചത്തിലെ ഒരു പ്രദേശത്ത്, K2-18b എന്നു പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് ജീവസാന്നിധ്യം സംശയിക്കുന്നത്. പ്രസ്തുത ഗ്രഹത്തിനുചുറ്റും കാണപ്പെടുന്ന പ്രത്യേകതരം വാതകവലയമാണ് ജീവസാന്നിധ്യത്തിനു കാരണമായി പറയപ്പെടുന്നത്. നമ്മുടെ സമുദ്രങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്ലാങ്ക്ടണുകളുകള്‍ (Phytoplankton) പുറപ്പെടുവിക്കുന്ന ഡൈമീഥൈല്‍ സള്‍ഫൈഡ്, ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് എന്നീ വാതകങ്ങളുടെ സാന്നിധ്യമാണ് K2-18b-യില്‍ കണ്ടെത്തയതായി ശാസ്ത്രലോകം അവകാശപ്പെടുന്നത്. ഏതുവിധേനയുള്ള ജീവികളാണ് അവിടെയുള്ളതെന്ന വസ്തുതകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വ്യക്തമാകുമെന്നാണ് പ്രഫസര്‍ മധുസൂദനന്‍ പറയുന്നത്.
K2-18b-യില്‍ കേവലം മൃഗങ്ങളും പക്ഷികളും സമുദ്രജീവികളും മാത്രമല്ല, നമ്മെപ്പോലുള്ള മനുഷ്യനെ തന്നെ കണ്ടെത്തിയെന്നു കരുതുക. അങ്ങനെയെങ്കില്‍ മതവിശ്വാസികള്‍ നല്‍കുന്ന മറുപടി കേള്‍ക്കാനായിരിക്കും ലോകത്തിന്‍റെ ആകാംക്ഷ. ബൈബിളധിഷ്ഠിത ക്രൈസ്തവ വിശ്വാസത്തിന് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. ഇതില്‍ ക്രൈസ്തവ വിശ്വാസത്തിന് അടിസ്ഥാനമായി നിലകൊള്ളുന്നതും മനുഷ്യരക്ഷയ്ക്കു നിദാനവുമായ ഈശോമശിഹായുടെ രക്ഷാകര സംഭവങ്ങളും കാല്‍വരിയാഗവും ഈ ചോദ്യാവലയില്‍ ഉള്‍പ്പെടുമെന്നതില്‍ ആർക്കും സംശയമുണ്ടാകില്ല.
???? അന്യഗ്രഹ മനുഷ്യനു സൃഷ്ടാവിനോടുള്
ബന്ധം എപ്രകാരമായിരിക്കും?
അന്യഗ്രഹത്തില്‍ നമുക്കു തുല്യമായ മനുഷ്യവര്‍ഗ്ഗത്തെ കണ്ടെത്തിയാല്‍ അവര്‍ക്കു സൃഷ്ടാവായ ദൈവത്തോടുള്ള ബന്ധം എപ്രകാരമായിരിക്കും? ആദിമാതാപിതാക്കളെപ്പോലെ അനുസരണക്കേടിനാല്‍ വീഴ്ച സംഭവിക്കാത്ത മനുഷ്യവര്‍ഗ്ഗമാണ് അവിടെയുള്ളതെങ്കില്‍ ഏദെനില്‍ ആദവും ഹവ്വയും ജീവിച്ച അതേ നിഷ്കന്മഷ ജീവിതത്തിലായിരിക്കുമോ (free from sin and lived in a perfect world) അവരുടെ ലോകം മുന്നോട്ടു പോകുന്നത് ? എങ്കിൽ, സായന്തനങ്ങളില്‍ വെയിലാറും വേളകളില്‍ ദൈവം അവരോടൊപ്പം നടക്കാന്‍ വരുമോ? പാപത്തിന്‍റെ ഫലമാണല്ലോ മരണം (റോമ 6:3), പാപമില്ലാത്ത ലോകത്ത് മനുഷ്യവര്‍ഗ്ഗം എപ്രകാരമായിരിക്കും കാലഗതിപ്രാപിക്കുക? ഹനോക്കിനെപ്പോലെ കാലാന്തരത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുകൊണ്ടായിരിക്കുമോ അവരുടെ ഭൗതികലോക ജീവിതം അവസാനിക്കുന്നത്? പാപരഹിതമായ ലോകത്തിലേക്ക് യേശുക്രിസ്തുവിന് കടന്നുവരേണ്ടതുണ്ടോ? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങള്‍ ഉയരുമെന്നു തീര്‍ച്ചയാണ്.
????അന്യഗ്രഹത്തിൽ പാപം ചെയ്യുന്ന മനുഷ്യരെങ്കിൽ അവരും നമ്മുടെ വഴിക്കോ?
അന്യഗ്രഹ മനുഷ്യവര്‍ഗ്ഗവും ആദാമ്യ സന്തതികളെപ്പോലെ വീഴ്ചവന്ന സമൂഹങ്ങള്‍ ആയിരിക്കുമെന്നു കരുതുക, അങ്ങനെയെങ്കില്‍ അവരും ഭൂമിയിലെ മനുഷ്യര്‍ക്കു സമാനമായ വിധത്തിൽ ആത്മിയ, ഭൗതിക ജീവിതാവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വരും. പാപത്തിന്‍റെ ഫലമായി സ്വാര്‍ത്ഥത, ജരാനരകള്‍, രോഗം, രക്തച്ചൊരിച്ചിലുകള്‍, ഹിംസാത്മകത, മരണം തുടങ്ങി നമുക്കു തുല്യമായ സ്വാഭാവിക പ്രകൃതിയെ അവര്‍ക്കും നേരിടേണ്ടിവരും. അങ്ങനെയെങ്കില്‍ അവരുടെ വീണ്ടെടുപ്പ് എപ്രകാരമായിരിക്കും സംഭവിക്കുക? സർവ്വപ്രപഞ്ചത്തെയും സൃഷ്ടിച്ചവനായ യേശുക്രിസ്തുവിന് (യോഹ 1:3, കൊളോ 1:16) അവിടെയും കന്യകാ ജനനവും രക്ഷാകരസംഭവങ്ങളും ആവര്‍ത്തിക്കേണ്ടി വരുമോ? അബ്രഹാമിനും മോശെയ്ക്കും തുല്യരായ പഴയനിയമ പിതാക്കന്മാരും കന്യകാ ജനനവും പന്ത്രണ്ട് ശിഷ്യന്മാരും ഒറ്റുകാരനായ യൂദായും സെന്‍റ് പോളും അവിടുകും ഉണ്ടാകുമോ? അനുദിന ആരാധനയും വിശ്വാസത്തിൻ്റെ പേരിൽ പീഡനങ്ങളിലൂടെ കടന്നു പോകുന്നവരും അവിടുണ്ടാകുമോ? പെരുന്നാളുകളും ലിറ്റര്‍ജികളുടെ പേരിലുള്ള തർക്കങ്ങളും സൂന്നഹദോസുകളും ആത്മീയ നേതൃത്വവും പിതാക്കന്മാരും അവർക്കും ഉണ്ടാകുമോ? ഇപ്രകാരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ "ആദം മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള" മനുഷ്യവര്‍ഗ്ഗത്തിനു സമാനരായവരും എല്ലാവിധ ഭൗമിക സംഘര്‍ഷങ്ങളുടെ തനിയാവര്‍ത്തനങ്ങളും അവിടെയും വേണ്ടിവരും. വീഴ്ചസംഭവിച്ച മനുഷ്യന് ഇങ്ങനെയൊക്കെ അല്ലാതെ മറ്റേതെങ്കിലും വിധത്തില്‍ ജീവിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
????നാലുവിധ ജീവാവസ്ഥകള്‍ ബൈബിളില്‍
ദൈവത്തിന്‍റെയും ദൂതന്മാരുടെയും സ്വര്‍ഗ്ഗം, ദുരാത്മാക്കളുടെ ലോകം, പരേതാത്മാക്കളുടെ ദേശം, ഭൂമിയിലെ മനുഷ്യനും ചരാചരങ്ങളും ഉള്‍പ്പെടുന്ന നമ്മുടെ ഭൂമി എന്നിങ്ങനെ നാലുവിധ ജീവമണ്ഡലങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്നു ബൈബിളില്‍ കാണാം. എന്നാൽ "ഭൂമിയില്‍ മാത്രമേ ജീവനുളളൂ, ഭൂമിക്കു വെളിയില്‍ ജീവനില്ല" എന്ന യാതൊരു പരാമര്‍ശവും ബൈബിളില്‍ കാണുന്നില്ല. കൂടാതെ മനുഷ്യനെ മറ്റേതെങ്കിലും ഗ്രഹത്തില്‍ സൃഷ്ടിച്ചതായും ബൈബിളില്‍ പ്രതിദ്യമില്ല. ദൈവമാണ് ഭൂമിയില്‍ ജീവന്‍ സൃഷ്ടിച്ചത് എന്ന് അസന്നിഗ്ധമായിട്ടാണ് ബൈബിള്‍ വ്യക്തമാക്കുന്നത്.
സ്വയംസ്ഥിതിനായ ദൈവം പ്രപഞ്ചത്തെയും ഭൂമിയില്‍ ജന്തുജീവജാലങ്ങളെയും സൃഷ്ടിച്ചു. ഒടുവില്‍ തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു (ഉല്‍പ്പത്തി 1:1, യോഹ 1:3, റോമ 4:17, ഹെബ്രാ 11:3). ആരാലും നിര്‍ബന്ധിക്കപ്പെടാതെ, ദൈവത്തിന്‍റെ സ്വന്ത ഇഷ്ടത്താലാണ് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ വിശ്വപ്രപഞ്ചത്തിലെ സകലവും ദൈവം സൃഷ്ടിച്ചത്. "ദൈവം നമ്മെ ഒന്നുമില്ലായ്മയില്‍ നിന്നു സൃഷ്ടിച്ചു" എന്നാണ് സെന്‍റ് ക്രിസോസ്റ്റത്തിന്‍റെ ആരാധനാ ക്രമത്തില്‍ പ്രകീര്‍ത്തിക്കുന്നത്. നിരവധി ബൈബിള്‍ വചനങ്ങള്‍ ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നുണ്ട്.
???? എന്തുകൊണ്ട് ഗോളശാസ്ത്ര
വിഷയങ്ങൾ ബൈബിളിൽ കാണുന്നില്ല ?
സൗരയൂഥത്തിലെ പല ഗ്രഹങ്ങളെയും ബാബിലോണിയന്‍ വാനനിരീക്ഷകര്‍ ക്രിസ്തുവിനു മുമ്പുള്ള കാലഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൂര്യന്‍, ചന്ദ്രന്‍, എന്നിവയെക്കൂടാതെ നഗ്നനേത്രങ്ങള്‍കൊണ്ടു കാണാന്‍ കഴിയുന്ന ബുധന്‍, ശൂക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെയും ക്രിസ്തുവിനു മുമ്പുള്ള കാലത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയും നക്ഷത്രരാശികളെയും കുറിച്ച് ഏശയ്യാ 13:10 ൽ വായിക്കുന്നു. പ്രപഞ്ചത്തിലുള്ള എല്ലാ നക്ഷത്രങ്ങളെയും ദൈവം "പേര്‍ചൊല്ലി വിളിക്കുന്നു" എന്ന് 147-ാം സങ്കീര്‍ത്തനത്തിലും വിവരിക്കുന്നു. ഇതില്‍ ചില നക്ഷത്രങ്ങളുടെ പേരുകളും പറയുന്നുണ്ട്. ക്രിസ്തുവിന്‍റെ ജനനത്തെ ഒരു നക്ഷത്രത്തിന്‍റെ ഉദയത്തിലൂടെ വാനനിരീക്ഷകര്‍ മനസ്സിലാക്കി. ഇതെല്ലാം വാനശാസ്ത്രം എത്രമേല്‍ പ്രബലമായിരുന്നു എന്നതിന് തെളിവാണല്ലോ. എന്നാൽ അന്യഗ്രഹങ്ങളിൽ ജീവൻ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ചു എന്തുകൊണ്ടു ബൈബിൾ വിവരിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.
വാനശാസ്ത്രം സംബന്ധിയായി എന്തെങ്കിലും പ്രസ്താവിക്കുകയല്ല ബൈബിളിന്‍റെ ലക്ഷ്യം. വാനഗോളങ്ങളെക്കുറിച്ച് സാമാന്യം നല്ല അറിവുള്ള കാലമായിരുന്നിട്ടും മനുഷ്യന്‍റെ ആവാസകേന്ദ്രമായി ഭൂമിയും ഇതിനോടു നേരിട്ടുബന്ധപ്പെടുന്ന സൂര്യനെയും ചന്ദ്രനെയും മാത്രമേ ബൈബിള്‍ പരാമര്‍ശിക്കുന്നുളളൂ. മനുഷ്യനും രക്ഷാകര സംഭവങ്ങളുമാണ് ബൈബിളിന്‍റെ പ്രതിപാദ്യവിഷയം. ''ദൈവം മനുഷ്യനായി", "വചനമായ ദൈവം ജഡത്തില്‍ വെളിപ്പെട്ടു" എന്നീ ദൈവശാസ്ത്ര ചിന്തകളെ ആഴത്തില്‍ പങ്കുവച്ചുകൊണ്ട് മനുഷ്യോന്മുഖമായി ചിന്തിക്കുന്ന ദൈവത്തെയും ദൈവോന്മുഖമായി ചിന്തിക്കുന്ന മനുഷ്യനെയുമാണ് ബൈബിള്‍ പ്രതിപാദിക്കുന്നത്.
???? ഏദെൻ പരാജയം സംഭവിച്ചില്ലെങ്കിൽ
യേശു ക്രിസ്തു ഭൂമിയിൽ വരുമായിരുന്നോ?
ആദിമാതാപിതാക്കൾക്ക് പരാജയം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ലോകത്തിലേക്കു ക്രിസ്തു വരേണ്ടതുണ്ടോ എന്ന ചോദ്യം സഭയുടെ ആരംഭകാലം മുതലേ ഉയര്‍ന്നിട്ടുണ്ട്. ഇതിന് മാക്സിമൂസ് ദി തിയോളജിയന്‍ (Maximus the Confessor or Maximus of Constantinople) മറുപടി നല്‍കിയിട്ടുണ്ട്. മനുഷ്യവംശത്തിന് ആദമില്‍ വീഴ്ച സംഭവിച്ചില്ലെങ്കിലും രക്ഷകന്‍ ആവിര്‍ഭവിക്കുമായിരുന്നു എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. കിഴക്കന്‍ ദൈവശാസ്ത്രത്തിന് ആധാരമായിരിക്കുന്നത് ഈ വിശ്വാസമാണ്. "തന്‍റെ ദൈവികതയിലേക്ക് ഓരോ മനുഷ്യനെയും ഉയര്‍ത്തുന്നതിനായി (deification) രക്ഷകന്‍ ഭൂമിയില്‍ ജനിക്കേണ്ടതുണ്ട്" എന്നാണ് മാക്സിമൂസ് വിശ്വസിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായിരുന്ന ഡണ്‍സ് സ്കോട്ടിലൂടെയാണ് (John Duns Scotus) ഈ ചിന്ത പടിഞ്ഞാറന്‍ ക്രൈസ്തവലോകത്ത് ശക്തിപ്പെട്ടത്.
????ആദത്തിന്‍റെ പാപം അനിവാര്യമായിരുന്നു
എന്ന വാദം യുക്തിഭദ്രമോ ?
രക്ഷകനെ ലഭിക്കാന്‍ ആദത്തിന്‍റെ പാപം അനിവാര്യമായിരുന്നു എന്നൊരു ദര്‍ശനമാണ് പടിഞ്ഞാറന്‍ സഭ വച്ചുപുലർത്തുന്നത്. "യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ്" (1 തിമോ 1:15) എന്ന വചനത്തെ ആസ്പദമാക്കിയാണ് ലത്തീന്‍ ദൈവശാസ്ത്രവും പ്രൊട്ടസ്റ്റൻ്റുകളും ഈ വഴിക്കു നീങ്ങിയത്. ദൈവസ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ ഏദെനിലെ വീഴ്ച്ച ഉപകരിച്ചുവെന്നും ഇത്രവലിയൊരു രക്ഷകനെ ലഭിക്കാന്‍ "ആദത്തിന്‍റെ വീഴ്ച അനിവാര്യമായിരുന്നു" എന്നും കരുതുന്നു (O Happy Fault...) ദൈവശാസ്ത്രജ്ഞരുണ്ട്. "രക്ഷകനാഗമിക്കാന്‍ ഹേതുവാം പാപം അതിനാല്‍ ഭാഗ്യപൂര്‍ണ്ണ"മാണെന്നാണ് തോമസ് അക്വിനാസ് വിശ്വസിച്ചത്. അഞ്ചാം നൂറ്റാണ്ടിലെ മഹാനായ ലിയോ മാര്‍പാപ്പാ പറഞ്ഞത് "പിശാചിന്‍റെ അസൂയകൊണ്ട് നമുക്കു നഷ്ടമായതിനേക്കാള്‍ വളരെയേറെ അനുഗ്രഹങ്ങള്‍ ക്രിസ്തുവിന്‍റെ അവാച്യമായ കൃപയിലൂടെ നമുക്കു ലഭിച്ചു" എന്നായിരുന്നു. "പാപം പെരുകിയിടത്തു ദൈവത്തിന്‍റെ കൃപ അത്യന്തം വര്‍ദ്ധിച്ചു" എന്ന വിശുദ്ധ പൗലോസ് സ്ലീഹായൂടെ എഴുത്തും ഇവിടെ ചേര്‍ത്തു വച്ചു വായിക്കണം.
???? ദൈവത്തിന് അന്യഗ്രഹത്തിലും
ജീവന്‍ സൃഷ്ടിച്ചുകൂടേ?
മറ്റൊരു ഗ്രഹത്തില്‍ നമുക്കു തുല്യമായ മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും സൃഷ്ടിക്കുന്നതില്‍ നിന്നു ദൈവത്തെ പരിമിതപ്പെടുത്തുന്ന യാതൊന്നുമില്ല. ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ച് സകലവും സൃഷ്ടിക്കുകയും ഓരോ സൃഷ്ടിക്കും അവിടുന്ന് അസ്തിത്വം നല്‍കുകയും ചെയ്തു (വെളി 4:11, സങ്കീര്‍ 33:3-9, സങ്കീ 104). ഭൂമിയിലെ ജീവവൈവിധ്യങ്ങളുടെ ധാരാളിത്തത്തെ മനസ്സിലാക്കിയാല്‍, ഈ പ്രപഞ്ചത്തില്‍ നിരവധി ഗോളങ്ങളില്‍ ദൈവം ജീവന്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ കരുതുന്ന നിരവധി ബൈബിള്‍ ചിന്തകരുണ്ട്. എന്നാല്‍ അപ്രകാരം ഒരു ജീവിവര്‍ഗ്ഗം മറ്റൊരു ഗോളത്തിലുണ്ടെങ്കില്‍ അതിനെ എന്തുകൊണ്ട് ബൈബിളില്‍ പരാമര്‍ശിക്കുന്നില്ല; മാലാഖാമാരുടെ സ്വര്‍ഗ്ഗത്തെയും നരകത്തിലുള്ള ദുരത്മാക്കളെയും പറ്റി പ്രതിപാദിച്ചിട്ടും എന്തുകൊണ്ട് അന്യഗ്രഹങ്ങളിലെ ജീവസാന്നിധ്യത്തെക്കുറിച്ച് ബൈബിള്‍ നിശ്ശബ്ദമായിരിക്കുന്നു എന്ന മറുചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ബൈബിള്‍ നിരവധി വിഷയങ്ങളിൽ നിശ്ശബ്ദമാണ്, അക്കൂട്ടത്തിൽ അന്യഗ്രഹജീവനും ഉൾപ്പെടുന്നു എന്നു കരുതാം.
???? കാല്‍വരിയാഗം പ്രപഞ്ചത്തിലുള്ള
എല്ലാ മനുഷ്യര്‍ക്കും വേണ്ടി
"ഭൂമിക്കു വെളിയിലുള്ള മനുഷ്യന്‍ പാപം ചെയ്തില്ലെങ്കില്‍ അവര്‍ക്ക് ഒരു രക്ഷകനെ ആവശ്യമില്ല" എന്നു വാദിക്കുന്നവരുണ്ട്. സി.എസ്. ലൂയിസ് ഈ അഭിപ്രായമായിരുന്നു മുന്നോട്ടു വച്ചത്. ദൈവം ജീവന്‍റെ വകഭേദങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ ഭൂമിയെന്ന ഈ ഗോളത്തെ മാത്രമേ ഉപയോഗിച്ചുള്ളൂ. സ്വന്തം ജീവനേക്കാളേറെ തന്നെ സ്നേഹിക്കുന്ന ഒരു സൃഷ്ടി ഇവിടെയുണ്ടാവുകയും അവരെ തന്നോടൊത്തു നിത്യതയുടെ ഭാഗമാകുവാന്‍ അവിടുന്നു തിരുമനസ്സാവുകയും ചെയ്തു. ദൈവത്തിന്‍റെ സ്നേഹം തിരിച്ചറിയുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്തുകൊണ്ട് നിത്യതയില്‍ തന്നോടൊത്തായിരിക്കാന്‍ വേണ്ടി ദൈവം ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്നാല്‍ അവര്‍ക്കു വീഴ്ച സംഭവിച്ചപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ച് അവരെ വീണ്ടെടുത്തു. അവര്‍ക്കായി ഈശോമശിഹാ ക്രൂശിക്കപ്പെട്ട് പാപപരിഹാരം വരുത്തി.
ഈശോമശിഹായുടെ കാല്‍വരിയാഗം ഈ പ്രപഞ്ചത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയായിരുന്നു. മറ്റേതെങ്കിലും ഒരു ഗ്രഹത്തില്‍ പാപത്തിലൂടെ വീഴ്ച സംഭവിച്ച മനുഷ്യരുണ്ടെങ്കില്‍ അവര്‍ക്കും ഉപകരിക്കുന്നതായിരുന്നു ക്രിസ്തുവിന്‍റെ കാല്‍വരിയാഗം എന്നാണ് ലോകപ്രശസ്ത ആസ്ട്രോഫിനിസ്റ്റും തിയോളജിയുമായ Dr Hugh Ross പറയുന്നത്. "എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി". (ഹെബ്രാ 10:12). അതിനാല്‍ സമാനസ്വഭാവമുള്ള മറ്റൊരു സൃഷ്ടിക്കുവേണ്ടി മറ്റ് ഗ്രഹങ്ങളില്‍ ക്രിസ്തുവിനു വീണ്ടെടുപ്പുയാഗം ആവർത്തിക്കേണ്ടതില്ല എന്നാണ് ബൈബിളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.
വീഴ്ചസംഭവിച്ച ജീവിതങ്ങള്‍ മറ്റ് ഗ്രഹങ്ങളിലുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വേണ്ടി വീണ്ടും ക്രിസ്തു ക്രൂശീകരണത്തിന് വിധേയപ്പെടുക എന്നത് യുക്തിഭദ്രമായ ചിന്തയല്ല. ഒന്നുകില്‍ ആ സമൂഹത്തിന് ബോധ്യമാകുന്ന വിധത്തില്‍ പാപപരിഹാരമാര്‍ഗ്ഗം വ്യത്യസ്തമായിരിക്കും. കോടാനുകോടി നക്ഷത്രസമൂഹങ്ങളിൽ മനുഷ്യനുള്ള വേറെയും ഗ്രഹങ്ങളുണ്ടെങ്കില്‍ അവിടെയെല്ലാം പാപപരിഹാരത്തിനായി ദൈവപുത്രൻ പീഢയേറ്റുകൊണ്ടേയിരിക്കുക എന്നത് മാനുഷികമായി ചിന്തിച്ചാല്‍പോലും പ്രായോഗികമല്ല. ഒരുപക്ഷേ, നമ്മുടെ ഭൂമിയില്‍ ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി നിര്‍വ്വഹിച്ച പാപപരിഹാരയാഗത്തെക്കുറിച്ച് അവര്‍ക്ക് പ്രത്യേക വെളിപാടു ലഭിച്ചിരിക്കും എന്നു കരുതുന്നവരുണ്ട്. യേശുക്രിസ്തു പാപികളെ രക്ഷിക്കാന്‍ വേണ്ടി വന്നത് സർവ്വലോകത്തിനും വേണ്ടിയാണ്. ആകാശത്തിനും ഭൂമിക്കും മധ്യേ മറ്റൊരു രക്ഷകനില്ല എന്ന ബൈബിൾ പ്രഖ്യാപനം ഒരു നിത്യസത്യമാണ് വെളിപ്പെടുത്തുന്നത്.
ഭൂമിയിലെ മനുഷ്യനില്‍ സംഭവിച്ചതില്‍ നിന്നു വ്യത്യസ്തമായ കാരണങ്ങളാലാണ് അന്യഗ്രഹമനുഷ്യര്‍ ദൈവപദ്ധതിയില്‍നിന്ന് അകുന്നു പോയതെങ്കില്‍ അവരെ വീണ്ടെടുക്കാന്‍ വ്യത്യസ്തമായ മാര്‍ഗ്ഗമായിരിക്കും ദൈവം ഒരു പക്ഷേ ആവിഷ്കരിച്ചിരിക്കുക. അന്യഗ്രഹങ്ങളിലെ മനുഷ്യർക്ക് ഒരു ബൈബിളുണ്ടെങ്കിൽ അതിൽ വ്യത്യസ്തമായൊരു വീണ്ടുടെപ്പു ചരിത്രമായിരിക്കാം അവരിന്നു വായിക്കുന്നത്. അതിനാല്‍ അന്യഗ്രഹത്തിൽ മനുഷ്യനെ കണ്ടെത്തിയാൽ അത് ക്രിസ്ത്യാനിയുടെ വിശ്വാസത്തെ യാതൊരുവിധത്തിലും ബാധിക്കില്ല. ദൈവശാസ്ത്രപരമായി യാതൊരു വിധ പ്രതിസന്ധിയും ഈ വാര്‍ത്ത സൃഷ്ടിക്കില്ല.
കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0