j73

January 14: വിശുദ്ധ ദേവസഹായം പിള്ള

January 14 :വിശുദ്ധ ദേവസഹായം പിള്ള

തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.

തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.

‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330

 


Comment As:

Comment (0)