ഏഴുവർഷങ്ങൾ മാർപാപ്പയുടെ ഊട്ടുമുറി ഒരുക്കിയ മലയാളി സന്യാസിനിയുടെ ഓർമ്മകളിലേക്ക്.
ഏഴുവർഷങ്ങൾ മാർപാപ്പയുടെ ഊട്ടുമുറി ഒരുക്കിയ മലയാളി സന്യാസിനിയുടെ ഓർമ്മകളിലേക്ക്.
ഏഴുവർഷത്തോളം സാന്താ മാർത്തയിലെ ഊട്ടുമുറിയിൽ പാപ്പയ്ക്ക് ഭക്ഷണം വിളമ്പി കൊടുത്ത താമരശ്ശേരി രൂപതയിലെ മൈലെള്ളാംപാറ ഇടവകാംഗമായ സി. ഫിലോമിന ചെറുപ്ലാവിൽ പരിശുദ്ധ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു.
ലോകത്തിന് നഷ്ടപ്പെട്ടത് പകരം വയ്ക്കാൻ ഇല്ലാത്ത ഒരു ആത്മീയ ആചാര്യനെയാണ്. വി. വിൻസെന്റ് ഡി പോളിന്റെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിലെ അംഗമായ സി. ഫിലോമിന പാപ്പയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
വളരെ ലളിതമായ ജീവിതശൈലി ആയിരുന്നു പാപ്പയുടേത്. ഭക്ഷണത്തിന് പ്രത്യേക നിബന്ധനകളില്ല. പാപ്പയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ചില ഭക്ഷണപദാർഥ ങ്ങൾ കഴിക്കാൻ സാധിക്കില്ല. പാപ്പ കൂടുതൽ മുൻഗണന നൽകിയിരുന്ന ഭക്ഷണം ബസുമതി ചോറാണ്. മുന്തിരി, കിവി ഇങ്ങനെ അകത്ത് കുരുവുള്ള പഴങ്ങൾ ഒന്നും കഴിക്കില്ല. അപ്പോൾ അവയുടെ തൊലിയും കുരുവും കളഞ്ഞു പാപ്പ ഭക്ഷണത്തിനു വരുന്നതിന് പത്തു മിനിറ്റ് മുൻപ് ഞാൻ അത് തയ്യാറാക്കി വയ്ക്കും. ഒരുദിവസം കിവി അങ്ങനെ ഒരുക്കി വച്ചപ്പോൾ പാപ്പ എന്നോട് ചോദിച്ചു: ഇത് എന്ത് പഴമാണെന്ന്. ഞാൻ പറഞ്ഞു: പാപ്പ കഴിച്ചിട്ട് പറയണമെന്ന്. എന്നാൽ കഴിച്ചപ്പോൾ പാപ്പയ്ക്ക് അത് എന്താണെന്ന് മനസിലായില്ല. കഴിച്ചിട്ടു പാപ്പ പറഞ്ഞു: 'എനിക്കറിഞ്ഞു കൂടാ?'അത് കിവിയാണെന്ന് പറഞ്ഞപ്പോൾ പാപ്പ പറഞ്ഞു അതിന്റെ കുരുവൊന്നും കണ്ടില്ലലോ എന്ന്. അത് കുരുവില്ലാതെ എടുത്തതാണെന്ന് പറഞ്ഞപ്പോൾ പാപ്പയ്ക്ക് സന്തോഷമായി.
പാപ്പ ലോകത്തോട് എന്തൊക്കെ പറഞ്ഞോ അതൊക്കെ ജീവിക്കുകയും ചെയ്തു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒന്നും പാപ്പയ്ക്ക് ഇഷ്ട്ടമല്ല. നമ്മളൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ പാപ്പ അത് ഓർത്തിരിക്കും. പിന്നീട് നമ്മെ കാണുമ്പോൽ അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യും. അപ്രകാരം തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം സി. ഫിലോമിന ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്:
എന്റെ മാതാപിതാക്കൾക്ക് സുഖമില്ല. പാപ്പയ്ക്ക് അതറിയാം. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ പാപ്പ എന്നോട് ചോദിച്ചു:
“സി. ഫിലോമിന, മാതാപിതാക്കൾക്ക് എങ്ങനെ ഉണ്ട്? ഞാൻ അവർക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്. അവരോട് പറയണം, ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്ന്."
മറ്റൊരു സംഭവം ഇങ്ങനെയാണ്.
"ഞാൻ അവിടെ ചെന്ന് രണ്ടുവർഷം കഴിഞ്ഞപ്പോൾ എൻ്റെ അമ്മയ്ക്ക് സുഖമില്ലാതെ വന്നു. അപ്പോൾ പാപ്പ തന്നെ പറഞ്ഞു, സിസ്റ്ററിനെ വീട്ടിൽ വിടൂ. മാതാപിതാക്കളുള്ള കാലത്തേ അവരെ കാണുവാൻ സാധിക്കൂ."
അങ്ങനെ ഞാൻ നാട്ടിൽ വന്നു അമ്മയെ കണ്ടശേഷം ഞാൻ തിരിച്ച് സാന്ത മാർത്തയിൽ വന്നപ്പോൾ പാപ്പ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാപ്പ എഴുന്നേറ്റപ്പോൾ എന്നെ കണ്ടു. അപ്പോൾ പാപ്പ എന്നോട് പറഞ്ഞു:
“തിരിച്ചു വന്നോ, ഐ ആം വെയ്‌റ്റിങ് ഫോർ യു.“
“ഇങ്ങനെ പറഞ്ഞുകൊണ്ടാണ് എന്നെ സ്വീകരിച്ചത്. അത് എന്നെ സ്പർശിച്ച ഒരു സംഭവമായിരുന്നു. സ്വന്തം അപ്പൻ നമ്മെ കാത്തിരിക്കുന്നതുപോലെ ഒരു കാത്തിരിപ്പ്, ആ അനുഭവം ആയിരുന്നു എനിക്കപ്പോൾ തോന്നിയത് - സിസ്റ്റർ പറയുന്നു.
പാപ്പ ഒരു സാധനം പോലും നഷ്ടപ്പെടുത്തി കളയില്ല. എന്നും വൈകുന്നേരം സിസ്റ്റർ പാപ്പയുടെ മുറിയിൽ കൊണ്ടുപോയി കുടിക്കാനുള്ള വെള്ളം വയ്ക്കാറുണ്ട്. പാപ്പ അത്താഴത്തിന് വരുന്ന സമയത്താണ് വെള്ളം കൊണ്ടുപോയി വയ്ക്കുന്നത്. ഒരു ദിവസം വെള്ളം വയ്ക്കാൻ ചെന്നപ്പോൾ ബോട്ടിലിൽ അരഗ്ലാസ് വെള്ളം മിച്ചമുണ്ടായിരുന്നു. സിസ്റ്റർ ആ ബോട്ടിൽ മാറ്റി പുതിയത് വച്ചു. അടുത്തദിവസം പാപ്പ സി. ഫിലോമിനയോട് ചോദിച്ചു:
“ബാക്കിയുണ്ടായിരുന്ന വെള്ളം എന്ത് ചെയ്തു?“ “പാപ്പ, ഞാനത് കുടിച്ചു" എന്ന് സിസ്റ്റർ മറുപടി പറഞ്ഞു.
“അത് കുടിച്ചെങ്കിൽ കുഴപ്പമില്ല, അത് നഷ്ടപ്പെടുത്തി കളയരുത്." ഇതായിരുന്നു ഞാറാഴ്ച ദിവസങ്ങളിൽ ഞങ്ങൾ ജോലി ചെയ്യുന്നത് പാപ്പ ഇഷ്ടപ്പെട്ടിരുന്നില്ല.
“ഒരു ഡോക്ടർ തൻ്റെ സർജറിയ്ക്ക് ശേഷം വിശ്രമിക്കുന്നതുപോലെ നിങ്ങളും വിശ്രമിക്കണം“ പാപ്പ പറയുമായിരുന്നു.
സാന്താ മാർത്തയിൽ ഭക്ഷണശാലയിൽ ചില ദിവസം ഭക്ഷണം ബാക്കിയുണ്ടാകും. പിറ്റേ ദിവസത്തേക്ക് നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് പുറത്തുള്ള പാവപ്പെട്ടവരുടെ ഭവനങ്ങളിൽ അവ എത്തിക്കാറുണ്ട്.
പാപ്പ ലോകത്തോട് പറഞ്ഞതൊക്കെ അദ്ദേഹം ജീവിച്ച കാര്യങ്ങളാണ്. ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചീസിന്റെ ചെറിയ കഷണം താഴെ പോയി. അടുത്ത് നിന്നിരുന്നയാൾ അത് എടുത്ത് കളയാൻവേണ്ടി തുനിഞ്ഞപ്പോൾ പാപ്പ അത് തടഞ്ഞു. എന്നിട്ട് പാപ്പ തന്നെ അതെടുത്ത് പാത്രത്തിലിട്ട് കഴിച്ചു. നമ്മളൊക്കെ ആണെങ്കിൽ ഭക്ഷണം താഴെപോയെങ്കിൽ അത് കളയും. പക്ഷേ, പാപ്പ അങ്ങനെ ചെയ്യില്ല!
ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ പാപ്പയോട് ഇത് നല്ലതാണെന്ന് പറഞ്ഞു കൊണ്ട് കൂട്ടത്തിലുള്ള ഒരു സഹോദരി പാപ്പയുടെ പാത്രത്തിലേക്ക് വീണ്ടും അത് കഴിക്കാനായി വിളമ്പി കൊടുത്തു. ‘അത് വേണ്ടെന്ന്' പാപ്പ കുറച്ച് സ്ട്രോങ് ആയി പറഞ്ഞുകൊണ്ട് ആ സഹോദരിയെ തടഞ്ഞു. പിറ്റേദിവസം ഞാറാഴ്ചയായിരുന്നു. ജനറൽ ഓഡിയൻസ് കഴിഞ്ഞു ഡൈനിംഗ് ഹാളിലേക്ക് വന്നു. വന്നശേഷം ആ സഹോദരിയെ വിളിക്കാൻ സി. ഫിലോമിനയോട് പറഞ്ഞു: ആ സഹോദരി വന്നപ്പോൾ പാപ്പ അവരോട് ക്ഷമ ചോദിച്ചു:
“ഇന്നലെ ഞാൻ ദേഷ്യപ്പെട്ടതിന് ക്ഷമ ചോദിക്കുന്നു."
ആ സംഭവം അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തി. കാരണം, നമുക്ക് അത് ഒരു ദേഷ്യപ്പെടൽ ആണെന്നുപോലും തോന്നിയിട്ടില്ല. എന്നാൽ, പാപ്പ തന്നിൽ നിന്നുണ്ടായ ആ ചെറിയ സംഭവത്തെപോലും ഗൗരവമായി കണ്ടിരുന്നു.
പാപ്പ ഒരു പ്രാർഥനയുടെ മനുഷ്യനായിരുന്നു. ദിവസവും പാപ്പ നാലു ജപമാലയെങ്കിലും ചൊല്ലുമായിരുന്നു.
വത്തിക്കാൻ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സാന്താ മാർത്തയിൽ ശുശ്രൂഷയ്ക്കായി സി. ഫിലോമിനയ്ക്ക് വിളി വരുന്നത്. അത് പാപ്പയ്ക്ക് അറിയാമായിരുന്നു. പുറത്തുള്ളവരുടെ മുൻപിൽ പാപ്പ സിസ്റ്ററിനെ പരിചയപ്പെടുത്തിയിരുന്നതും 'ഷീ ഈസ് എ പൊന്തിഫിക്കൽ നേഴ്സ് " എന്നുപറഞ്ഞുകൊണ്ടാണ്.
ഇപ്പോൾ സി. ഫിലോമിന ശുശ്രൂഷ ചെയ്യുന്നത് മണിപ്പൂരിലെ വില്ലേജുകളിൽ ആണ്.“പാപ്പയുടെ മുറിയിൽ കയറുമ്പോൾ ഒരു വിശുദ്ധൻ്റെ മുറിയിൽ എന്നപോലെ വളരെ ബഹുമാനത്തോടെയാണ് ഞാൻ കയറാറുണ്ടായിരുന്നത്. വളരെ ലളിതമായിരുന്നു ആ മുറിയും അതിലെ സാധനങ്ങളും" - സിസ്റ്റർ ഓർക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m