j33

റോമാ നഗരത്തോളം പ്രസിദ്ധമാകേണ്ട എഫേസോസ്, പക്ഷേ ഇന്ന് ?

റോമാ നഗരത്തോളം പ്രസിദ്ധമാകേണ്ട എഫേസോസ്, പക്ഷേ ഇന്ന് ?

മാത്യൂ ചെമ്പുകണ്ടത്തില്‍
.........................................
ഏഷ്യാമൈനര്‍ സന്ദര്‍ശനത്തില്‍ ഏറെ ആകാംക്ഷയോടെയാണ് എഫേസോസിലേക്കു യാത്രതിരിച്ചത്.   മനുഷ്യചരിത്രത്തിൽ അറിയപ്പെടുന്ന കാലഘട്ടം മുതൽ  ചരിത്രരേഖകളിൽ കാണപ്പെടുന്ന പട്ടണമാണ് എഫേസോസ്. സുമേറിയൻ സംസ്കാരവും യവന -റോമൻ സംസ്കാരങ്ങളും കലയും സാഹിത്യവും തത്വചിന്തയും മതദർശനങ്ങളും എല്ലാം  എഫേസോസിനെ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ പ്രമുഖ നഗരമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിരുന്നു. പൗരാണിക കാലം മുതൽ അറിയപ്പെടുന്ന ഈ  പട്ടണത്തിലാണ്  ഇനിയുള്ള ദിവസങ്ങൾ ചെലവഴിക്കാൻ പോകുന്നത്!  ഇത് അവിശ്വസനീയമായിരുന്നു. 

പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളും നിരവധി  രാജാക്കന്മാരും എഫേസോസിനുമേൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.  ഈ നഗരത്തിൻ്റെ ഖ്യാതി നിലനിർത്താൻ  അവരെല്ലാം ഏറെ അധ്വാനിച്ചിട്ടുമുണ്ട് എന്നാൽ 14-ാം നൂറ്റാണ്ടിൽ ഒട്ടോമാന്‍ സാമ്രാജ്യവും ഇസ്ലാമിക ഭരണവും ഈ രാജ്യത്തെ കീഴടക്കിയതോടെ എഫേസോസിൻ്റെ തകർച്ചയുടെ ചരിത്രവും ആരംഭിച്ചു. തകർന്നു വീണ് ചിന്നിച്ചിതറിക്കിടക്കുന്ന പൗരാണികാവശിഷ്ടങ്ങളാണ് ചുറ്റിലും. എഫേസോസിൻ്റെ തകർച്ചയുടെ ഭയാനകത നേരിട്ടു കാണുവാനാണ് ഇന്നിവിടെ ആളുകൾ എത്തുന്നത്. 

റോമാ നഗരത്തോളം, ഒരുപക്ഷേ അതിലേറെ പ്രാധാന്യത്തോടെ ക്രൈസ്തവസഭ ഹൃദയത്തോടു ചേർത്തുവയ്ക്കേണ്ട പട്ടണമായിരുന്നു എഫേസോസ്. റോമിൽ കാണുന്ന കല്ലുപതിച്ച വീഥികളും ബസിലിക്കകളും മ്യൂസിയങ്ങളും മധ്യകാല ലോകോത്തര ശില്‍പ്പങ്ങളും ചരിത്രസ്മാരകങ്ങളും ജലധാരകളും യാത്രാസൗകര്യങ്ങളും വ്യാപാരസമുച്ചയങ്ങളുമായി റോമിനോളം വിഖ്യാതമായി നിലകൊള്ളേണ്ട നഗരം. റോമാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം എന്നറിയപ്പെട്ടിരുന്ന   എഫേസോസിന്‍റെ ഇന്നത്തെ സ്ഥിതി ശോകമൂകമാണ്. വരണ്ടുണങ്ങി നിറംമങ്ങിക്കിടക്കുന്ന ഒരു സാധാരണ തുർക്കിഷ് പട്ടണമാണ് ഇപ്പോൾ എഫേസോസ്. എഫേസോസിൽ നിർമ്മിക്കുന്ന Efes എന്ന ലഹരി കുറഞ്ഞ മദ്യത്തിൻ്റെ (beer) പേരിലാണ് ഇന്ന് എഫേസോസ് അറിയപ്പെടുന്നതുപോലും.

ബി.സി പത്താം നൂറ്റാണ്ടു മുതല്‍ എഫേസോസിന്‍റെ പേര് ചരിത്രത്തിലുണ്ട്. "അര്‍ത്തേമിസിന്‍റെയും (ഡയാന ദേവി) അവളുടെ ആകാശത്തുനിന്നു വീണ പ്രതിമയുടെയും ക്ഷേത്രത്തിന്‍റെയും പരിപാലിക" എന്നാണ് മഹാനഗരമായ എഫേസോസ് ബൈബിളില്‍ അറിയപ്പെടുന്നത് (അപ്പ പ്രവൃത്തി 19:35). "ഏഷ്യയിലും പരിഷ്കൃതലോകം മുഴുവനും അര്‍ത്തേമിസിനെ ആരാധിച്ചിരുന്നു" (19:27). ഇത്രമേല്‍ മഹാനഗരമായ എഫേസോസാണ് ആദിമസഭയുടെ പ്രമുഖസ്ഥാനമായത്.  ക്രൈസ്തവ സഭയുടെ ആരംഭകാലത്ത് എഫേസോസിനെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്ന വേറൊരു ക്രിസ്തീയനഗരം ഉണ്ടായിരുന്നില്ല.  

യഹൂദര്‍ തിങ്ങിപ്പാര്‍ത്തിരുന്നതിനാല്‍ സാംസ്കാരികമായും വ്യാവസായികമായും കാര്‍ഷികമായും അറിയപ്പെട്ട മെഡിറ്ററേനിയന്‍ കടല്‍ത്തീര നഗരമായിരുന്നു എഫേസോസ്. വെളിപാടു പുസ്തകത്തില്‍ പറയുന്ന ഏഴു സഭകള്‍ നിലനിന്നിരുന്ന പട്ടണങ്ങളെല്ലാം എഫേസോസിലെ മാതൃസഭയുടെ നിയന്ത്രണത്തിലുള്ളവയായിരുന്നു. ഇവിടെല്ലാം പൗരാണിക യഹൂദ സിനഗോഗുകളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. ചിതറിപ്പാര്‍ക്കുന്ന യഹൂദരെ തേടിയാണല്ലോ ക്രിസ്തുശിഷ്യന്മാര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചത്. അക്കൂട്ടത്തില്‍ യോഹന്നാനും പൗലോസും  എഫേസോസില്‍ എത്തിച്ചേര്‍ന്നു. കടല്‍ത്തീരത്തുള്ള പട്ടണമാകയാല്‍ റോമായാത്രയില്‍ പത്രോസും  എഫേസോസില്‍ വന്നുകാണും. പത്രോസിന്‍റെ ലേഖനങ്ങള്‍ എഫേസോസിന് വേണ്ടിയായിരുന്നു എന്നത് അദ്ദേഹത്തിന് ഈ ദേശത്തോള്ള  ബന്ധത്താന്നു തെളിവാണ്. കൂടാതെ യോഹന്നാനോടൊത്തു ദൈവമാതാവും എഫേസോസില്‍ താമസിച്ചിരുന്നതിനാല്‍ അപ്പൊസ്തൊലന്മാരെല്ലാം എഫേസോസില്‍ വന്നുകാണുമെന്നും കരുതാം. "രക്ഷകന്‍റെ അമ്മയെ സന്ദര്‍ശക്കുക " എന്നത് ആദിമകാല ക്രിസ്തുശിഷ്യന്മാര്‍ക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. പപ്പിയാസ്, ഇഗ്നാത്തിയൂസ് തുടങ്ങിയ വിശുദ്ധന്മാരുടെ എഴുത്തുകളില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

യോഹന്നാന്‍ സുവിശേഷമെഴുതിയതു എഫേസോസില്‍ വച്ചായിരുന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. വെളിപാടുപുസ്തകത്തിലെ പരാമര്‍ശങ്ങളെല്ലാം എഫേസോസിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ രൂപപ്പെട്ട സഭകളെ സംബന്ധിച്ചായിരുന്നല്ലോ. പൗലോസ് സ്ലീഹാ ഒന്നാമത്തെ കൊരിന്ത്യ ലേഖനവും ഗലാത്യലേഖനവും എഴുതിയതു എഫേസോസില്‍ താമസിക്കുന്ന സമയത്തായിരുന്നു. അദ്ദേഹം തടവറയില്‍ കഴിയുമ്പോഴായിരുന്നു എഫേസോസിലെയും ഏഷ്യാമൈനറിലെ മറ്റൊരു പട്ടണമായ കൊളോസോസിലെയും സഭകള്‍ക്കുവേണ്ടി പ്രത്യേകം ലേഖനങ്ങള്‍ എഴുതിയത്. കാതോലിക ലേഖനങ്ങളായ യോഹന്നാന്‍റെ 1,2,3 ലേഖനങ്ങള്‍ എഫേസോസിലെയും ചുറ്റിലുമുള്ള മുഴുവന്‍  സഭകളെയും ഉദ്ദേശിച്ച് എഴുതിയതായിരുന്നു.  

പൗലോസിന്‍റെ സുവിശേഷീകരണത്തില്‍ ഏറെ പ്രധാനപ്പെട്ട പട്ടണമായിരുന്നു എഫേസോസ്. ഇവിടെ രണ്ടുവര്‍ഷത്തിലേറെ താമസിച്ച് അദ്ദേഹം സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. "യഹൂദരോടു സിനഗോഗില്‍ ചെന്നു സുവിശേഷം പ്രസംഗിച്ചുവെങ്കിലും അവര്‍ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ തള്ളക്കളഞ്ഞതായി" അപ്പ പ്രവൃത്തി 19ല്‍ വായിക്കുന്നു. തുടര്‍ന്ന് അദ്ദേഹം നഗരത്തിലുള്ള ടിറാനോസിന്‍റെ പ്രസംഗശാലയില്‍ വന്ന് എല്ലാ ദിവസവും യഹൂദരുമായും പ്രദേശവാസികളുമായും സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു (19:8-9). പൗലോസിന്‍റെ ഈ പ്രസംഗങ്ങളിലൂടെ അനേകര്‍ ഈശോമശിഹായെക്കുറിച്ച് കേള്‍ക്കുകയും അവിടെ ക്രൈസ്തവസഭ ശക്തിപ്പെടുകയും ചെയ്തു. റോമന്‍ കാരാഗ്രഹത്തില്‍ കഴിയുമ്പോഴാണ് എഫേസോസ് സഭയ്ക്ക് അദ്ദേഹം നേരിട്ട് ഒരു ലേഖനം എഴുതിയത്. അത്രമേല്‍ പൗലോസിന്‍റെ ഹൃദയം കവര്‍ന്ന സഭകളിലൊന്നായിരുന്നു എഫേസോസില്‍ നിലനിന്നത്.

പൗലോസിന്‍റെ സന്തതസഹചാരിയായിരുന്ന ലൂക്ക സുവിശേഷം എഴുതിയത് ഏഷ്യാമൈനറിലെ അന്ത്യോഖ്യയില്‍ വച്ചോ എഫേസോസില്‍വച്ചോ ആയിരിക്കാമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മറ്റ് സുവിശേഷങ്ങളില്‍ കാണപ്പെടാത്തവിധം ഈശോമശിഹായുടെ ബാല്യകാല വിവരണം ലൂക്കയുടെ സുവിശേഷത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. എഫേസോസില്‍ താമസിച്ചിരുന്ന ദൈവമാതാവിനെ ലൂക്ക നേരിട്ടു കണ്ട് പലപ്രാവശ്യം സംസാരിച്ചു കാണും. (ലൂക്ക് 1:1). മാതാവില്‍നിന്നുള്ള ഈ വിവരണങ്ങള്‍ ലൂക്കായുടെ സുവിശേഷത്തിലെ ബാല്യകാല വിവരണങ്ങളെ കൂടുതല്‍ വ്യക്തതയുള്ളതാക്കുന്നുണ്ട്.

"നീ എഫേസോസില്‍ താമസിക്കണം" എന്ന് പൗലോസ് തിമോത്തിക്കെഴുതിയ ആദ്യകത്തില്‍ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട് (1 തിമോത്തി 1:3). പൗലോസിനെപ്പോലെ തിമോത്തിക്കും എഫേസോസുമായി അടുത്ത ബന്ധം ഉണ്ടാകുവാന്‍ ഇതു കാരണമായി. യോഹന്നാനു ശേഷം എഫേസോസിന്‍റെ ആദ്യത്തെ മെത്രാനായത് തിമോത്തിയോസ് ആയിരുന്നു. 

സ്നാപകയോഹന്നാന്‍റെ ശിഷ്യനായിരുന്ന അലക്സാണ്ട്രിയാക്കാരന്‍ അപ്പല്ലോസ് എഫേസോസില്‍ വന്നു സുവിശേഷം പ്രസംഗിച്ചു. അക്വിലാസ് പ്രിസില്ല ദമ്പതികള്‍ അപ്പല്ലോസിനെ എഫേസോസില്‍നിന്ന് കണ്ടുമുട്ടി (അപ്പ പ്രവൃത്തി 18:24-26). ഈ ദമ്പതികളെ എഫേസോസില്‍നിന്നു കണ്ടുമുട്ടിയതിനാല്‍ അപ്പല്ലോസിന്‍റെ തുടര്‍ന്നുള്ള ശുശ്രൂഷകള്‍ കൂടുതല്‍ സുവിശേഷാധിഷ്ഠിതമായി എന്നും കാണാം. ഇപ്രകാരം പുതിയനിയമ ഗ്രന്ഥങ്ങളുടെയും അതിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയുമെല്ലാം പ്രധാന വിഹാരകേന്ദ്രമായിരുന്നു എഫേസോസ് പട്ടണം.

പൗലോസിന്‍റെ കരങ്ങള്‍ വഴി ദൈവം അസാധാരണമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും അവന്‍റെ ശരീരസ്പര്‍ശമേറ്റ തൂവാലകളിലൂടെ രോഗികള്‍ക്ക് സൗഖ്യം വന്നതും എഫേസോസില്‍ വച്ചായിരുന്നു. ഇവിടെവച്ചു യഹൂദ പുരോഹിതനായിരുന്ന സ്കോവയുടെ മക്കള്‍ പൗലോസിനെ അനുകരിച്ച് ഭൂതോഛാടനം നടത്തുവാന്‍ ശ്രമിക്കുന്നതും ഭൂതഗ്രസ്തന്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതും കാണാം. എഫേസോസിലെ ഇടവഴികളിലൂടെ നടക്കുമ്പോള്‍,  സ്കോവയുടെ മക്കള്‍ നഗ്നരായി ഓടിയത് ഈ തെരുവുകളില്‍ ഒന്നിലൂടെ ആയിരിക്കാമെന്നോര്‍ത്തു. പൗലോസ് എഫേസോസില്‍ വച്ചു വന്യമൃഗങ്ങളോടും പോരാട്ടം നടത്തിയാണ് (1 കൊറി 15:32) സുവിശേഷം പ്രചരിപ്പിച്ചത്. 

(തുടരും)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)