ലോകപ്രശസ്തമായ "ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വത്തിക്കാനുള്ളിലൂടെ കടന്നുപോകാനും, ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം സ്വീകരിക്കാനും അവസരം. ജൂൺ 1 ഞായറാഴ്ചയാണ് നൂറ്റിയെട്ടാമത് "ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവർ വത്തിക്കാനുള്ളിൽ മൂന്ന് കിലോമീറ്ററുകൾ സഞ്ചരിക്കുക.
വത്തിക്കാനിലെത്തുന്ന സൈക്കിൾ മത്സരയോട്ടക്കാരെ ലിയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ശ്രദ്ധേയമായ ഈ സംഭവം വത്തിക്കാനിൽ നടക്കുക. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഹോസെ തൊളെന്തീനോ ദേ മെന്തോൺസ ഫ്രാൻസിസ് പാപ്പായ്ക്ക് മുന്നിൽ നടത്തിയ അഭ്യർത്ഥന കൂടി പരിഗണിച്ച് നടക്കുന്ന ഈ ചടങ്ങ് ഫ്രാൻസിസ് പാപ്പായ്ക്കുള്ള ആദരവിന്റെ കൂടി ഭാഗമായി മാറുമെന്ന് പരിശുദ്ധസിംഹാസനം അറിയിച്ചു. .
ജൂൺ 14, 15 തീയതികളിൽ വത്തിക്കാനിൽ നടക്കുന്ന കായികമത്സരക്കാരുടെ ജൂബിലിയുടെ കൂടി പശ്ചാത്തലത്തിലാണ് "ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വത്തിക്കാനിൽ പ്രവേശനവസരമൊരുക്കിയിരിക്കുന്നത്