തൊണ്ണൂറ്റേഴിൽ ഇഴയുന്ന വിദ്വാന്മാർ
തൊണ്ണൂറ്റേഴിൽ ഇഴയുന്ന വിദ്വാന്മാർ
ഏതാനും നാളുകളായി മുനമ്പം വിഷയത്തിൽ കോൺഗ്രസ്സ് നേതാക്കളുടെയും കോൺഗ്രസ്സ് അനുഭാവികളുടെയും സ്ഥിരം പ്രയോഗത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയിട്ടുള്ള ഒരു വഖഫ് നിയമ സെക്ഷനാണ് 97. കേരള സർക്കാരിന് മുനമ്പം വിഷയം പരിഹരിക്കാൻ പത്തു മിനിറ്റു മതിയെന്നും കർണാടകത്തിലെ കോൺഗ്രസ്സ് സർക്കാരിനെ കേരളം മാതൃകയാക്കണം എന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ സൂചിപ്പിച്ചത് ഈ സെക്ഷനായിരുന്നു. അത് പിന്നീട് അണികളും അനുഭാവികളും ഏറ്റുപാടുകയായിരുന്നു. സമുദായ നേതാക്കളും വക്താക്കളും, എന്തിന് സമര സമിതി കോർഡിനേറ്ററും വരെ, സെക്ഷൻ 97 എന്ന പല്ലവി ആവർത്തിക്കുന്നുണ്ടായിരുന്നു.
എന്താണ് സെക്ഷൻ 97?
1995ലെ വഖഫ് ആക്ടിൽ ഉള്ള ഈ സെക്ഷൻ്റെ മലയാളം പരിഭാഷ ഇതാണ്: "സെക്ഷൻ 96 പ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏതെങ്കിലും നിർദ്ദേശങ്ങൾക്ക് വിധേയമായി, കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരിന് ഉചിതമെന്ന് കരുതുന്ന പൊതുവായ അല്ലെങ്കിൽ പ്രത്യേക നിർദ്ദേശങ്ങൾ ബോർഡിന് നൽകാം, കൂടാതെ ബോർഡ് അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ അത്തരം നിർദ്ദേശങ്ങൾ പാലിക്കണം"
2013-ലെ ഭേദഗതിയിൽ മേൽ പറഞ്ഞ സെക്ഷനോട് കൂട്ടിച്ചേർത്ത ഭാഗവും കൂടി കാണാം: "എന്നാൽ ഏതെങ്കിലും വഖഫ് രേഖയ്ക്കോ വഖഫിന്റെ ഏതെങ്കിലും പ്രയോഗത്തിനോ ആചാരത്തിനോ വിരുദ്ധമായി സംസ്ഥാന സർക്കാർ ഒരു നിർദ്ദേശവും പുറപ്പെടുവിക്കരുത്." കേരള സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ റദ്ദു ചെയ്തു കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ദരിച്ചത് (ഖണ്ഡിക 30) ഈ ക്ലോസ് ആയിരുന്നു എന്ന് ഓർക്കുക.
സെക്ഷൻ 97 മനസ്സിലാകണമെങ്കിൽ സെക്ഷൻ 96 കൂടി നമ്മൾ ഗ്രഹിക്കണം. അതിൻ്റെ മലയാള പരിഭാഷ ചുവടെ ചേർക്കുന്നു:
96 (1) വഖഫിൻ്റെ മതേതര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റിന് താഴെപ്പറയുന്ന അധികാരങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരിക്കും:
(എ) വഖഫിൻ്റെ മതേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതുവായ തത്വങ്ങളും നയങ്ങളും നിർണ്ണയിക്കുക;
(ബി) കേന്ദ്ര വഖഫ് കൗൺസിലിൻ്റെയും ബോർഡിൻ്റെയും മതേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക;
(സി) വഖഫിൻ്റെ മതേതര പ്രവർത്തനങ്ങളുടെ ഭരണം പൊതുവെ അവലോകനം ചെയ്യുക, എന്തെങ്കിലും മെച്ചപ്പെടുത്തലുകൾ ആവശ്യമെങ്കിൽ നിർദ്ദേശിക്കുക.
(2) സബ് സെക്ഷൻ (1) പ്രകാരം അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും പ്രയോഗിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഏതെങ്കിലും ബോർഡിൽ നിന്ന് ആനുകാലികമോ അല്ലാത്തതോ ആയ ഏതു റിപ്പോർട്ടുകളും ആവശ്യപ്പെടാം, കൂടാതെ, കേന്ദ്രസർക്കാരിന് ഉചിതമെന്ന് തോന്നുന്ന നിർദ്ദേശങ്ങൾ ബോർഡിനു നൽകുകയും ചെയ്യാം. അത്തരം നിർദ്ദേശങ്ങൾ ബോർഡ് പാലിക്കേണ്ടതാണ്.
"മതേതര പ്രവർത്തനങ്ങൾ" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളും മറ്റ് ക്ഷേമപ്രവർത്തനങ്ങളും ആണ് എന്ന ഒരു വിശദീകരണവും ഈ സെക്ഷൻ്റെ അവസാനം കാണാം.
സെക്ഷൻ 97ഉം മുനമ്പവും
മേൽ പറഞ്ഞ 97-ാം സെക്ഷൻ അനുസരിച്ച്, മുനമ്പം പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് എങ്ങനെയാണ് സാധിക്കുക? പത്തുമിനിറ്റിൻ്റെ പരിഹാരത്തിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്തു വിടാതെ 'തൊണ്ണൂറ്റേഴ്, തൊണ്ണൂറ്റേഴ്' എന്നു മാത്രം ഉരുവിടുന്നവരാണ് അതിന് ഉത്തരം പറയേണ്ടത്. ഒന്നര വർഷം കാത്തിരുന്നാൽ തങ്ങൾ അധികാരത്തിൽ വരുമ്പോൾ അതു ചെയ്തു കാണിച്ചു തരാം എന്നാണ് പ്രതിപക്ഷ നേതാവ് മുനമ്പത്തെ ഐക്യദാർഢ്യ സമ്മേളനത്തിൽ പറഞ്ഞത്. ഏതായാലും, മുനമ്പം വിഷയത്തിനും വഖഫ് നിയമത്തിനും തമ്മിൽ ബന്ധമൊന്നുമില്ല എന്നു പറഞ്ഞ അതേ അധരങ്ങളാണ് ആ വാക്കുകളും മൊഴിഞ്ഞിട്ടുള്ളത് എന്നതിനാൽ, വിവരമുള്ള കേൾവിക്കാർക്ക് അല്പം റിലാക്സേഷനൊക്കെയുണ്ട്...
സെക്ഷൻ 97ഉം കർണാടകവും
2024 ഒക്ടോബർ മാസത്തിൽ വിജയപുര ജില്ലയിലെ ഹൊണവാഡ് ഗ്രാമത്തിലെ 433 കർഷകർക്ക്, അവരുടെ പേരിൽ പട്ടയമുള്ള 1200 ഏക്കർ ഭൂമി വഖഫ് ഭൂമിയാണെന്ന് അറിയിച്ചു കൊണ്ട്, കർണാടക വഖഫ് ബോർഡ് അയച്ച നോട്ടീസ് സംസ്ഥാനത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. അതിൻ്റെ പേരിൽ വലിയ കലാപങ്ങൾ സംസ്ഥാനത്ത് ഉടനീളം ഉണ്ടായി. ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിൽ ബിജെപി ഈ വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു എന്നു കണ്ട സിദ്ധരാമയ്യ മന്ത്രിസഭ അതിവേഗം തീരുമാനമെടുക്കുകയും കർഷകർക്ക് വഖഫ് ബോർഡ് നല്കിയ നോട്ടീസ് ബോർഡിനെക്കൊണ്ട് പിൻവലിപ്പിക്കുകയും ചെയ്തു. പക്ഷേ, ഈ നടപടി വഖഫ് ആക്ടിലെ സെക്ഷൻ 97-ൻ്റെ പ്രയോഗമായി കർണാടക സർക്കാർ പോലും അവകാശപ്പെട്ടിട്ടില്ല.
കർണാടകത്തിലെ ഫോർമുല എന്തായിരിക്കാം?
കർണാടക സർക്കാരിൻ്റെ പ്രവൃത്തി നിലവിലുള്ള വഖഫ് ആക്ടിലെ നിയമങ്ങൾക്കു വിരുദ്ധമാണ്. അവിടെ അതു ചോദ്യം ചെയ്യാൻ ഒരു വഖഫ് സംരക്ഷണ വേദി തുനിഞ്ഞാൽ നിയമ ബോധമുള്ള ഒരു ന്യായാധിപന് സർക്കാരിൻ്റെ നടപടി റദ്ദു ചെയ്യേണ്ടിവരും എന്നതാണ് വാസ്തവം. കാരണം, വഖഫ് ബോർഡിൻ്റെ തീരുമാനം അന്തിമമാണ് എന്നും അതു തിരുത്താനോ ഇല്ലാതാക്കാനോ വഖഫ് ട്രൈബ്യൂണലിനു മാത്രമേ കഴിയൂ എന്നും സെക്ഷൻ 40 (2) വ്യക്തമാക്കുന്നു. "ഏതെങ്കിലും വഖഫ് രേഖയ്ക്കോ വഖഫിന്റെ ഏതെങ്കിലും പ്രയോഗത്തിനോ ആചാരത്തിനോ വിരുദ്ധമായി സംസ്ഥാന സർക്കാർ ഒരു നിർദ്ദേശവും പുറപ്പെടുവിക്കരുത്" എന്ന സെക്ഷൻ 97-ലെ ക്ലോസും നിലവിലുണ്ടല്ലോ.
പിന്നെ, എന്തുകൊണ്ടാണ് വിഷയം ഇതുവരെ കോടതിയിൽ എത്താതിരുന്നത്? അതിൻ്റെ ഉത്തരം ഈ ദിവസങ്ങളിലാണ് ചിന്താശീലർക്ക് മനസ്സിലായിത്തുടങ്ങുന്നത്. വ്യക്തമായ ചില ധാരണകൾ അണിയറയിൽ ഉണ്ടായിട്ടുണ്ട് എന്നാണ് അവർ ഊഹിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിയമസഭാസമ്മേളത്തിൽ പാസായ കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ, നമുക്കും കാര്യം പിടി കിട്ടും.
വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടി 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ കർണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ 150 കോടി രൂപ നീക്കിവച്ചിരിക്കുന്നു. ഉർദു മീഡിയം സ്കൂളുകളെ പിന്തുണയ്ക്കുന്നതിനും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും വർദ്ധിപ്പിക്കുന്നതിനും 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പേഷ്-ഇമാമുകൾക്ക് 6,000 രൂപയും മുഅസിന്മാർക്ക് 5,000 രൂപയും പ്രതിമാസ ഓണറേറിയം നല്കാനും തീരുമാനമായിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കർണാടകത്തിൽ സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ കോൺട്രാക്ടിൽ മുസ്ലീങ്ങൾക്കോ മുസ്ലീം പ്രസ്ഥാനങ്ങൾക്കോ 4% സംവരണം സംലഭ്യമാക്കുന്ന കർണാടക ട്രാൻസ്പരെൻസി ഇൻ പബ്ലിക് പ്രൊക്യൂർമെൻ്റ് മാർച്ച് 18നു പാസാക്കി. വഖഫ് നിയമ ഭേദഗതിക്കെതിരേ ഇന്നലെ കർണാടക നിയമസഭ പ്രമേയം പാസാക്കി. ഇങ്ങനെ മുസ്ലീം പ്രീണനത്തിൻ്റെ പച്ചയായ വർഗീയ കാഴ്ചകൾ കർണാടകത്തിൽ കാണാനാകും.
ചുരുക്കത്തിൽ ...
സെക്ഷൻ 97 പ്രയോഗിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിൽ സ്വയമേവ എന്തെങ്കിലും ചെയ്യാനാകും എന്നത് വെറും വാചകമടിയാണ്. മുനമ്പം നിവാസികൾക്ക് ഇനിയുള്ള ഏക ആശ്രയം വഖഫ് ഭേദഗതി പാസാകുക എന്നതിൽ മാത്രമാണ്.
കടപ്പാട് :ഫാ. ജോഷി മയ്യാറ്റിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m