d172

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടത

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു

സീറോമലബാർസഭയുടെ ആരാധനാക്രമ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനിക നടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി 2024 ഡിസംബർ പതിനെട്ടാം തീയതി നിലവിൽവന്നു. സഭാതലവനായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് കോടതി സ്ഥാപിച്ചു കൊണ്ട് ഉത്തരവു നൽകിയിരിക്കുന്നത്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമത്തിന്റെ 89-ാം നമ്പർ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേൽനോട്ടം നടത്താനുള്ള അവകാശവും കടമയും മേജർ ആർച്ച് ബിഷപ്പിൽ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാൽ നിയമപ്രകാരം അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതിനായി മേജർ ആർച്ച് ബിഷപ്പ് സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവിൽ വന്നിരിക്കുന്നത്.

വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃത രീതി സീറോമലബാർസഭയിൽ നിലവിൽ വന്നത് 2021 നവംബർ 28നാണ്. മാർപാപ്പയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും സീറോമലബാർ സഭാസിനഡും മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പൊന്തിഫിക്കൽ ഡെലഗേറ്റും ഉപദേശരൂപേണയും കല്പനകളായും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ശ്രമിച്ചിട്ടും വിശ്വാസികൾക്കിടയിൽ ഭിന്നതയ്ക്കും പൊതുസമൂഹത്തിൽ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തിൽ അച്ചടക്ക ലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായി വന്നത്.

രൂപതാകേന്ദ്രങ്ങളിലാണ് ഇത്തരം കോടതികൾ സാധാരണഗതിയിൽ പ്രവർത്തിക്കേണ്ടത്. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു കോടതി തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മേലധികാരികളെ അറിയിച്ചിരുന്നു. ആയതിനാൽ, മാർ ബോസ്കോ പുത്തൂർ പിതാവിൻ്റെ അഭ്യർത്ഥന പ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശാനുസരണവുമാണ് മേജർ ആർച്ച് ബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കെതിരെ സഭാനിയമപ്രകാരം നടപടിസ്വീകരിക്കാൻ ഈ കോടതിക്ക് അധികാരമുണ്ടായിരിക്കും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)