കോൺക്ലേവിനായി വിശ്വാസികളോട് പ്രാർഥന അഭ്യർഥിച്ച് കർദിനാൾ സംഘം.സഭാത്മകമായി പ്രധാനപ്പെട്ട ഒരു കാലത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് പരിശുദ്ധാത്മാവിൻ്റെ സ്വരം ശ്രവിക്കാനും ആധ്യാത്മിക വിചിന്തനത്തിന്റെ അടിസ്ഥാനത്തിൽ ദൈവഹിതമനുസരിച്ചു പ്രവർത്തിക്കാനും തങ്ങൾക്കായി സഭയുടെ മുഴുവൻ പ്രാർഥന ആവശ്യമുണ്ടെന്ന് കർദിനാൾ സംഘം വ്യക്തമാക്കി.
ഫ്രാൻസിസ് പാപ്പയുടെ മരണത്തോടെ, പത്രോസിൻ്റെ പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മെയ് ഏഴ്, ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് കർദിനാൾ സംഘം ദൈവജനത്തിൻ്റെ മുന്നിൽ ഈ അഭ്യർഥന വച്ചത്.
ദൈവകൃപയുടെയും ആധ്യാത്മിക വിചിന്തനത്തിന്റെയും അവസരമായി കോൺക്ലേവിന്റെ സമയം ജീവിക്കാനും ദൈവഹിതം ശ്രവിക്കാനും മനസ്സിലാക്കാനും വേണ്ടി തങ്ങൾക്കായി പ്രാർഥിക്കണമെന്നും കർദിനാൾ സംഘം വിശ്വാസികളെ ആഹ്വാനം ചെയ്തു. .
തങ്ങളുടെമേൽ ഏൽപിക്കപ്പെട്ടിരിക്കുന്ന വലിയ ഉത്തരവാദിത്വം തങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അതുകൊണ്ടുതന്നെ തങ്ങളെ സൈര്യപ്പെടുത്താനായി ദൈവജനത്തിന്റെ മുഴുവനും പ്രാർഥനകൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും കർദിനാൾ സംഘം എഴുതി. ക്രിസ്തുവിന്റെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുടെ ഒത്തൊരുമയെ ശക്തിപ്പെടുത്തുന്നത് സഭയിലെ വിശ്വാസികളുടെ പ്രാർഥനയാണ്.
ഈ കാലയളവിന്റെ പ്രാധാന്യത്തിന്റെയും ആവശ്യങ്ങളുടെയും മുന്നിൽ, പരിശുദ്ധാത്മാവിൻ്റെ പ്രവർത്തങ്ങൾക്കു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും പരിപാലനയുടെയും എളിമയുള്ള ഉപകരണങ്ങളായി മാറേണ്ടത് ആവശ്യമാണെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന് കർദിനാൾ സംഘം സന്ദേശത്തിൽ വ്യക്തമാക്കി