aa47

വിശുദ്ധ കുർബാനാനിയോഗം സംബന്ധിച്ച് പുതിയ ഡിക്രി പുറത്തിറക്കി വത്തിക്കാൻ

വിശുദ്ധ കുർബാനാനിയോഗം സംബന്ധിച്ച് പുതിയ ഡിക്രി പുറത്തിറക്കി വത്തിക്കാൻ

വിശുദ്ധ കുർബാനയർപ്പണനിയോഗം, അതിലേക്കായി വിശ്വാസികൾ നൽകിയിരുന്ന തുക, കൂടുതൽ നിയോഗങ്ങളോടെയുള്ള വിശുദ്ധ ബലിയർപ്പണം തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട 1991-ലെ “മോസ് യൂജിത്തെർ" (Mos iugiter) എന്ന ഡിക്രിയും നിലവിലെ കാനോനികനിയമവും ആധാരമാക്കി, "സെക്കുന്തും പ്രൊബാത്തും" (Secundum probatum) എന്നാരംഭിക്കുന്ന പുതിയ ഡിക്രി പുറത്തിറക്കി വൈദികർക്കായുള്ള റോമൻ ഡികാസ്റ്ററി

, ഡികാസ്റ്ററി പ്രീഫെക്ട് കർദ്ദിനാൾ യു ഹെവുങ് സിക്, സെക്രട്ടറി ആർച്ച്ബിഷപ് അന്ത്രെസ് ഗബ്രിയേൽ ഫെറാദ മൊറെയ്റ എന്നിവർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച ഈ പുതിയ ഡിക്രി ഏപ്രിൽ 20 ഈസ്റ്റർദിനത്തിൽ പ്രാബല്യത്തിൽ വരും.

വിശുദ്ധകുർബാനയുടെ നിയോഗത്തിനായി വിശ്വാസികൾ വൈദികർക്ക് നൽകിവന്നിരുന്ന കുർബാനപ്പണം തുടർന്നും നൽകാമെങ്കിലും, ഇതിന് വാണിജ്യകൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുതെന്ന് പുതിയ മാനദണ്ഡങ്ങൾ എടുത്തുപറയുന്നു. കുർബാനപ്പണം കൈപ്പറ്റാതെയും പാവപ്പെട്ടവരുടെ നിയോഗങ്ങൾക്കായി വിശുദ്ധബലിയർപ്പിക്കുന്നതിന് പുതിയ ഡിക്രി വൈദികരെ ആഹ്വാനം ചെയ്യുന്നു. രൂപതകളിൽ അധികമായി ഉണ്ടാകുന്ന വിശുദ്ധകുർബാന നിയോഗങ്ങളും അതിനായി ലഭിച്ച തുകയും മിഷൻ പ്രദേശങ്ങൾക്കോ ബുദ്ധിമുട്ടുള്ള മറ്റ് ഇടവകകൾക്കോ നൽകുന്നത് സംബന്ധിച്ച് മെത്രാന്മാക്കുള്ള നിർദ്ദേശങ്ങളും  പുതിയ ഡിക്രിയിൽ പുരോഹിതർക്കായുള്ള ഡികാസ്റ്ററി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വിശുദ്ധകുർബാനയർപ്പണത്തിനായി സംഭാവന നൽകുന്ന വിശ്വാസികൾ, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നതുവഴി കൂടുതലായി വിശുദ്ധബലിയോട് ചേരുകയും, എന്നാൽ അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും, സഭയിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നൽകുകയുമാണ് ചെയ്യുന്നതെന്ന് ഡിക്രിയിൽ വൈദികർക്കായുള്ള ഡികാസ്റ്ററി ഓർമ്മപ്പെടുത്തി.

വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിശുദ്ധബലിയർപ്പിക്കുന്ന പതിവ് ഇനിമുതൽ കൂടുതൽ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളു എന്ന് ഡികാസ്റ്ററി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്തരം കുർബാനകളിലേക്ക് പണം സ്വീകരിക്കുമ്പോൾ, വിശ്വാസികളോട് ഇതേക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നും, അവരുടെ സ്വാതന്ത്ര്യമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധബലിക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ എന്നും ഡിക്രി അനുശാസിക്കുന്നു.

 


Comment As:

Comment (0)