j94

മലയാള സിനിമകളിലെ അക്രമ തേർവാഴ്ച

മലയാള സിനിമകളിലെ അക്രമ തേർവാഴ്ച


ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് “മാർക്കോ” എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തിനിൽക്കുന്ന രക്തവും അത് പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച മറ്റൊരു ചലച്ചിത്രമുണ്ടായെന്ന് വരില്ല. എന്നാൽ, ഈ ക്രിസ്മസ് കാലത്ത് കേരളത്തിൽ ഏറ്റവുമധികം കാണികളുണ്ടായതും ഇതേ ചലച്ചിത്രത്തിനാണ്. വിരലിലെണ്ണാവുന്ന ദിനങ്ങൾക്കുള്ളിൽ മാർക്കോ മുടക്കുമുതൽ തിരികെ പിടിച്ചെന്ന റിപ്പോർട്ടുകളും വന്നിരുന്നു. 

ഗർഭിണിയെയും കൊച്ചുകുട്ടികളെയും പോലും ക്രൂരമായി കൊലചെയ്യുന്നതായി ചിത്രീകരിക്കുന്ന പ്രസ്തുത ചലച്ചിത്രം ആവേശത്തോടെ കണ്ട പതിനായിരങ്ങളിൽ ബഹുഭൂരിപക്ഷവും ആൺപെൺ ഭേദമില്ലാത്ത യുവജനങ്ങളാണ്. 18 വയസിൽ താഴെയുള്ളവരും ദുർബ്ബല മനസ്കരും ഈ ചലച്ചിത്രം കാണരുത് എന്ന മുന്നറിയിപ്പ് വ്യക്തമായി പറഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ കുട്ടികളുമൊത്ത് പല തിയേറ്ററുകളിലും കാണാൻകയറി എന്നുള്ളതാണ് വാസ്തവം. കുട്ടികൾ കാഴ്ചക്കാരായെത്തുന്നത് തടയാൻ തിയേറ്റർ മാനേജുമെന്റുകൾക്ക് ബാധ്യതയുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെടാതെപോയ തിയേറ്ററുകൾ പലതുണ്ട്. ഇക്കാര്യത്തിൽ ചില കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണ മനുഷ്യർക്ക് കണ്ടിരിക്കാനാവാത്ത വയലൻസും കുട്ടികൾ ഒരിക്കലും കാണാൻപാടില്ലാത്ത വിധമുള്ള മറ്റ് കണ്ടന്റുകളും ഉൾപ്പെടുന്ന ചലച്ചിത്രങ്ങൾ ഹോളിവുഡ് മുതലുള്ള വിദേശ സിനിമകളിലും ഇന്ത്യയിൽതന്നെ വിവിധ ഭാഷകളിലും ധാരാളം പുറത്തിറങ്ങിയിട്ടുണ്ട്. സമീപകാലത്ത് ഹിന്ദിയിലിറങ്ങിയ “കിൽ” അത്തരമുള്ള ഇന്ത്യൻ സിനിമകൾക്ക് ഉദാഹരണമാണ്. 1994ലെ വിഖ്യാത ഇംഗ്ലീഷ് ചലച്ചിത്രമായ “പൾപ്പ് ഫിക്ഷൻ” മുതൽ ഒട്ടനവധി ചലച്ചിത്രങ്ങൾ ഹോളിവുഡിലും ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് സിനിമകൾ വ്യത്യസ്ത ജോണറുകളിൽ വിവിധ രീതികളിൽ റിലീസ് ചെയ്യുന്നവയായതിനാൽ വ്യക്തമായ തരംതിരിവുകളോടെയുള്ള വിവേചനബുദ്ധി പ്രേക്ഷകർ തന്നെ പ്രകടിപ്പിക്കാറുണ്ട്. ഭീകര (Horror) സിനിമകൾ എന്ന പ്രത്യേക വിഭാഗത്തിൽ സാമാന്യപ്രേക്ഷകർക്ക് ഉൾക്കൊള്ളാനാവാത്ത ദൃശ്യങ്ങൾ ഉൾപ്പെടുന്ന നിരവധി ചലച്ചിത്രങ്ങൾ ഹോളിവുഡിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. 

സെക്ഷ്വൽ കണ്ടന്റുകളുടെ കാര്യത്തിലും അപ്രകാരം തന്നെ. അവയെല്ലാം നിയമം മൂലവും പ്രേക്ഷകരുടെ വിവേചനാ ശേഷിയോടെയും കുട്ടികളിൽനിന്ന് അകറ്റിനിർത്തപ്പെട്ടിട്ടുണ്ട്. തൽപ്പരരായ ഒരു വിഭാഗം മാത്രമാണ് അത്തരം ചലച്ചിത്രങ്ങളുടെ പ്രേക്ഷകർ.

ഇവിടെയാണ് താരതമ്യേന വളരെ ചെറുതായ മലയാളം ഫിലിം ഇൻഡസ്ട്രിയെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കേണ്ടതായുള്ളത്. ഇവിടെയും വിവിധ ജോണറുകളുണ്ടെങ്കിലും അതൊന്നുംതന്നെ കാഴ്ചക്കാരുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുംവിധം പ്രകടമല്ല. ചില ട്രെൻഡുകൾക്ക് പിന്നാലെ സഞ്ചരിക്കുന്നവരാണ് പ്രായഭേദമില്ലാതെ ഏറിയപങ്ക് മലയാളി പ്രേക്ഷകരും.

വയലൻസിനും ലഹരി ഉപയോഗത്തിനും വലിയ സ്ഥാനം നൽകിയ “ആവേശം” കൊച്ചുകുട്ടികൾക്കുൾപ്പെടെ ഹരമായി മാറിയ ഒരു ചലച്ചിത്രമാണ്. ഈ വർഷത്തെ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായിരുന്ന “മഞ്ഞുമ്മൽ ബോയ്സും” പരിധിവിട്ട മദ്യപാനശീലത്തെ സാമാന്യവൽക്കരിച്ച ഒരു ചലച്ചിത്രമായിരുന്നു. പ്രശസ്ത എഴുത്തുകാരൻ ജയമോഹൻ “കുടികാര പൊറുക്കികളിൻ കൂത്താട്ടം” എന്ന് ആ സിനിമയെ വിശേഷിപ്പിച്ചതിനെ മലയാളികൾ സമൂഹമാധ്യമങ്ങളിൽ അത്യന്തം അസഹിഷ്ണുതയോടെ വിമർശിക്കുകയുണ്ടായിരുന്നു.

പ്രത്യേകമായ വേർതിരിവുകളില്ലാതെ എല്ലാത്തരം ചലച്ചിത്രങ്ങളെയും ഒരുപോലെ സമീപിക്കുന്ന മലയാളികളുടെ ശൈലി ആരോഗ്യകരമല്ല. പരിധികളില്ലാതെ അക്രമങ്ങളും മറ്റ് അഡൾട്ട് കണ്ടന്റുകളും അടങ്ങുന്ന ചലച്ചിത്രങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർക്ക് സുസ്വീകാര്യമാകുന്ന ഇന്നത്തെ പ്രവണത അത്യന്തം ദോഷകരമാണ്.

സെൻസർബോർഡ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതും ഹോളിവുഡ് സിനിമകളും രാജ്യാന്തര OTT പ്ലാറ്റ്ഫോമുകളും നിർദ്ദേശിക്കുന്ന കർശന നിയന്ത്രണങ്ങളും പോലും പാലിക്കപ്പെടാതെ പോകുന്നതും വിചിന്തനം ആവശ്യമുള്ള കാര്യങ്ങളാണ്.

lBFC (സെൻസർബോർഡ്) മാനദണ്ഡങ്ങൾ പ്രകാരം ചലച്ചിത്രത്തിന് ലഭിക്കുന്ന സർട്ടിഫിക്കേഷൻ പല വിധമാണ്. U, U/A, A സർട്ടിഫിക്കറ്റുകളാണ് അവ. U (unrestricted) മാത്രമാണ് കൊച്ചുകുട്ടികളെ കാണിക്കാവുന്ന ചലച്ചിത്രങ്ങളുടെ സർട്ടിഫിക്കേഷൻ. U/A എന്നാൽ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികളെയും കാണിക്കാവുന്ന ചലച്ചിത്രങ്ങളും A, 18 വയസിന് മുകളിലുള്ളവർക്കു മാത്രം കാണാൻ അനുമതിയുള്ളതും (മാർക്കോ A സർട്ടിഫൈഡ് ചലച്ചിത്രമാണ്) ആണ്. ഇപ്പോൾ U കാറ്റഗറിയിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏക മലയാള ചലച്ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്ത “ബറോസ്”. ഹോളിവുഡ് സിനിമകൾക്ക് ബാധകമായ നിയമങ്ങൾ പ്രകാരം അമേരിക്കയിൽ G, PG, PG -13, R, NC – 17 എന്നീ വിഭാഗീകരണങ്ങളാണുള്ളത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പോലുള്ള OTT കമ്പനികളും പിന്തുടരുന്നത് ആ മാനദണ്ഡങ്ങളാണ്. ആദ്യത്തെ രണ്ട് വിഭാഗത്തിൽപെട്ട ചലച്ചിത്രങ്ങൾ മാത്രമാണ് കുട്ടികൾക്ക് അനുവദനീയമായുള്ളത്. “മാർക്കോ” എന്ന ചലച്ചിത്രം അമേരിക്കയിൽ പ്രദർശനത്തിനെത്തിയാൽ അതിന്റെ കാറ്റഗറി NC – 17 ആയിരിക്കും.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം OTT പ്ലാറ്റ്ഫോമുകൾ പോലും കുട്ടികൾക്കു വേണ്ടി നിർമ്മിക്കപ്പെട്ടതല്ലാത്ത ചലച്ചിത്രങ്ങൾ അവരിലേയ്ക്ക് എത്താതിരിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള OTT പ്ലാറ്റ്ഫോമുകൾ കുട്ടികൾക്ക് പ്രത്യേകം പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്. മുതിർന്നവരുടെ പ്രൊഫൈലുകൾ പാസ്‌വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാനും സാധിക്കും.

വ്യത്യസ്‌ത ജോണറുകളിൽ ആയിരക്കണക്കിന് സിനിമകൾ ഓരോവർഷവും റിലീസാകുന്ന ഇംഗ്ലീഷ് ഫിലിം ഇൻഡസ്ട്രി കുട്ടികളെ വളരെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. അവർക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളാണ് ഏറ്റവും ചെലവേറിയവയും. ഇപ്പോൾ കേരളത്തിലും വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്ന “മുഫാസ” എന്ന ആനിമേഷൻ ചലച്ചിത്രത്തിന്റെ മുതൽ മുടക്ക് 200 മില്യൺ ഡോളർ അഥവാ, 1264 കോടി രൂപയാണ്. 

കുട്ടികൾ എന്തുകാണണം, ജനപ്രിയ ചിത്രമായി ഏതു ചലച്ചിത്രം പരിഗണിക്കപ്പെടണം എന്നീ ചോദ്യങ്ങൾക്ക് നാം മലയാളികൾ ഇനിയും ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അവിടെ പ്രമുഖ മാധ്യമങ്ങൾക്കും സോഷ്യൽമീഡിയ ഹാൻഡിലുകൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. എന്തുകൊണ്ടാണ് അക്രമങ്ങൾ നിറഞ്ഞ ചലച്ചിത്രങ്ങൾ കാണുന്നതിൽ ഏവരും പ്രത്യേകിച്ചു കുട്ടികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുള്ളത് എന്നുള്ളതിനുത്തരം ഒട്ടേറെ അന്തർദേശീയ പഠനറിപ്പോർട്ടുകൾ പറയും. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഒട്ടേറെ ഗവേഷകരും ഈ വിഷയത്തിൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമാണ്. 

അക്രമങ്ങളും ലഹരി ഉപയോഗവും നിറഞ്ഞുനിൽക്കുന്ന ചലച്ചിത്രങ്ങൾ ഹരമായിമാറിയാൽ അത് വ്യക്തിത്വത്തെതന്നെ ബാധിച്ചേക്കാം. പ്രത്യേകമായി കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെ അത്തരം ചലച്ചിത്രങ്ങൾ സ്വാധീനിക്കുകയും തെറ്റായ ധാരണകൾ അവരിൽ രൂപീകരിക്കുകയും ചെയ്യും.

അക്രമം, ലഹരി ഉപയോഗം, സെക്ഷ്വൽ കണ്ടന്റുകൾ തുടങ്ങിയവ പരിധികൾ ലംഘിച്ച ഒട്ടേറെ ചലച്ചിത്രങ്ങൾ 2024ൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ആവേശം, മഞ്ഞുമ്മേൽ ബോയ്സ്, പണി, മുറ തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം. ആ പട്ടികയിൽ ഏറ്റവും ഒടുവിലേതാണ് “മാർക്കോ”. ലോക സിനിമയിലെ എല്ലാത്തരം ചലച്ചിത്രങ്ങളും മലയാളത്തിലും വേണം എന്ന് പറയുമ്പോഴും കാഴ്ചക്കാരനുവേണ്ട വിവേചനാശക്തി കാത്തുസൂക്ഷിക്കുക വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഇത്തരം ചലച്ചിത്രങ്ങൾ കുട്ടികൾക്ക് മുന്നിലേയ്ക്ക് എത്തിച്ചേരുന്നകാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത്തരം ചലച്ചിത്രങ്ങൾ തിയേറ്ററിൽ കണ്ടില്ലെങ്കിലും OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ആകുമ്പോൾ കുട്ടികളും വീണ്ടും വീണ്ടും കാണുന്ന സാഹചര്യം പൊതുവെയുണ്ട്.

സോഷ്യൽമീഡിയയിൽ തരംഗമായിമാറി റീൽസും ഷോട്ട്സും വഴിയായി കുട്ടികൾ ഇത്തരം ചലച്ചിത്രങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടുന്ന പ്രവണതയുമുണ്ട്. ഇവിടെ മാതാപിതാക്കൾ സവിശേഷ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

സിനിമറ്റോഗ്രാഫ് നിയമം,1952 ആണ് ഇന്ത്യയിൽ സെൻസർബോഡിന്റെ പ്രവർത്തനങ്ങൾക്കും മാനദണ്ഡങ്ങൾക്കും ആധാരമായിരിക്കുന്നത്. ഐടി റൂൾസ് (അമൻഡ്മെന്റ്) 2021 OTT പ്ലാറ്റ്ഫോമുകളെയും സോഷ്യൽമീഡിയയെയും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ നിലവിലുണ്ട്. എന്നാൽ, സമീപകാലത്ത് റിലീസ് ആയ ചില ചിത്രങ്ങൾക്ക് യുക്തമായ സർട്ടിഫിക്കേഷൻ നൽകുന്നതിൽ എക്‌സാമിനിങ് കമ്മിറ്റികൾക്ക് വീഴ്ചകൾ സംഭവിച്ചതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ വർഷം റിലീസ് ആയ “മുറ”, “പണി” തുടങ്ങിയ ചലച്ചിത്രങ്ങൾ U/A സർട്ടിഫിക്കറ്റുമായാണ് പ്രദർശനത്തിനെത്തിയത്. വളരെ രൂക്ഷമായ അക്രമ സീനുകൾ ഉൾപ്പെടുന്ന ചലച്ചിത്രങ്ങളായിരുന്നു അവയും. കുടുംബ പ്രേക്ഷകർ കൊച്ചു കുട്ടികൾക്കൊപ്പം കൂട്ടത്തോടെ ഇത്തരം ചലച്ചിത്രങ്ങൾ കാണാനെത്തുന്ന പ്രവണത അനാരോഗ്യകരമാണ്. OTT പ്ലാറ്റ്‌ഫോമുകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരം കണ്ടന്റുകൾക്ക് നിയന്ത്രണം ആവശ്യമുണ്ട്. ഈ ഘട്ടത്തിൽ, വളർന്നുവരുന്ന തലമുറകളുടെ മാനസികാരോഗ്യത്തെ മുന്നിർത്തിയെങ്കിലും നിയമങ്ങൾ ശരിയാംവിധം നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളും ജുഡീഷ്യറിയും ഉണർന്നു പ്രവർത്തിക്കണം.

നിയമ വ്യവസ്ഥിതികൾ അനുശാസിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം, ഗൗരവപൂർവ്വമുള്ള ശ്രദ്ധ മാതാപിതാക്കളും സമൂഹവും ഈ വിഷയത്തിന് നൽകുകയും ഇത്തരം ചലച്ചിത്രങ്ങൾ കുട്ടികളിൽനിന്ന് അകറ്റി നിർത്തപ്പെടുന്നു എന്ന് ഉറപ്പാക്കുകയും വേണം

കടപ്പാട് : കെസിബിസി ജാഗ്രത കമ്മീഷൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)