ഇന്നത്തെ ലോകത്തിന് സംഭവിക്കുന്നത്
ഇന്നത്തെ ലോകത്തിന് സംഭവിക്കുന്നത്
ആഗോള രാഷ്ട്രീയ ചലനങ്ങളെ നിരീക്ഷിച്ചാൽ രസകരമായ ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇസ്ളാമിക രാജ്യങ്ങൾ കടുത്ത യാഥാസ്ഥിതികതയിൽ നിലനിന്നപ്പോൾ ക്രിസ്ത്യൻ, ഹിന്ദു രാജ്യങ്ങൾ ലിബറൽ, ഇടത്, മതേതര രാഷട്രീയത്തിലായിരുന്നു. കടുത്ത യാഥാസ്ഥിതികത നിലനിർത്തിയ സൗദി, ഇറാൻ തുടങ്ങിയ ഇസ്ളാമിക രാജ്യങ്ങൾ ഇപ്പോൾ ലിബറൽ ചിന്താഗതിയിലേക്കു പതിയെ നീങ്ങുന്നു, അപ്പോളിതാ ക്രിസ്റ്റ്യൻ ഹിന്ദു രാഷ്ട്രങ്ങൾ യാഥാസ്ഥിതികതയിലേക്കും തീവ്രവലതുപക്ഷത്തേക്കും തിരിച്ചു പോകുന്നു!
സഭാരാഷ്ട്രങ്ങൾ ഏതാനും പതിറ്റാണ്ടുകൾ കമ്യൂണിസത്തെ പുൽകിയെങ്കിലും ക്ളാസിക്കൽ മാർക്സിസത്തിലേക്കു ചുവടുവയ്ക്കാൻ കഴിയാതെ ലിബറൽ ഇടത് മതേതര രാഷ്ട്രീയത്തിലേക്കും പിന്നീട് ജനാധിപത്യത്തിലേക്കും ചുവടു മാറ്റി. ജർമ്മനിയും ഇറ്റലിയും ഫാസിസം പോലും പരീക്ഷിച്ച് ഇപ്പോൾ വലതുപക്ഷവും തീവ്രവലതുപക്ഷവുമായി വലിയ മാറ്റത്തിനു വിധേയമായി. ചൈന കമ്യൂണിസത്തോടൊപ്പം കാപ്പിറ്റലിസ്റ്റിക് സമ്പദ് വ്യവസ്ഥയും ആവിഷ്കരിച്ചപ്പോൾ റഷ്യ കമ്യൂണിസ്റ്റ് ഏകാധിപത്യം പിന്തുടരുന്നു. സങ്കീർണമായ ലിബറൽ ജനാധിപത്യത്തിൻ്റെ വക്താക്കളായ അമേരിക്ക പൂർണമായി തീവ്രവലതുപക്ഷത്താണിപ്പോൾ. ബ്രിട്ടൻ വലതു നിന്ന് ഇടത് ലിബറൽ രാഷ്ട്രീയത്തിലേക്കു നീങ്ങി.
പതിറ്റാണ്ടുകളോളം മൃദുഹിന്ദുത്വ മതേതര ലിബറൽ സോഷ്യലിസ്റ്റ് സ്വഭാവം പുലർത്തിയ ഇന്ത്യ ഇപ്പോൾ വലതുപക്ഷ ഹിന്ദുത്വ രാഷട്രീയം പിന്തുടരുന്നു. രാജാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കു വന്ന നേപ്പാൾ ഇപ്പോൾ രാജാവിനെ അരിയിട്ടു വാഴിക്കണമെന്ന് നിർബന്ധം പിടിക്കുന്നു. ഇപ്രകാരം ഓരോ രാജ്യത്തെക്കുറിച്ചും എഴുതാൻ ഏറെയുണ്ട്.
ലോക രാഷ്ട്രീയം ഇവിടെ വരെ എത്തിയത് ഇത്തരം രാഷ്ട്രീയ ചാഞ്ചാട്ടങ്ങളിലൂടെയാണ്. ഈ യാഥാർത്ഥ്യം കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതലാളി സഖാവ് എം.വി. ഗോവിന്ദൻ മാഷ് അറിയണം, അംഗീകരിക്കണം. ഇന്ത്യയിൽ, കേരളത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ വ്യതിചലനങ്ങളെ ഒറ്റവാക്കിൽ "വർഗീയത, സംഘി, കൃസംഘി" വിളികളിലൂടെ നേരിടാമെന്നു കരുതുന്നത് ഭോഷത്വമാണ്. ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ അങ്ങയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല.
"ലോകത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തത്ത്വചിന്തകർ ലോകത്തെ പലവിധത്തിൽ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ" എന്ന മാർക്സിയൻ സിദ്ധാന്തം ഇന്നും പ്രസക്തമാണ്. ഇന്ന് ഓരോ രാജ്യത്തെയും ജനങ്ങൾ സംഘടിച്ച് മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതിന് തത്വചിന്തകരായ ഒന്നോ രണ്ടോ അല്ലെങ്കിൽ ഏതാനും വ്യക്തികളോ ആയിരുന്നു നേതൃത്വം നൽകിയതെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ ജനക്കൂട്ടങ്ങളാണ് തത്വചിന്തകൻ്റെ സ്ഥാനത്ത് നിൽക്കുന്നത്. അതായത് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ലോകത്ത് പൂത്തുലയുന്നു എന്ന് സാരം.
കേരള സമൂഹത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെയും മാർക്സിൻ്റെ കണ്ണിലൂടെ, ഒരു അത്യന്താധുനിക പുരോഗമന രാഷ്ട്രീയക്കാരൻ്റെ കണ്ണിലൂടെ കാണാൻ സഖാവ് ശ്രമിക്കുക. "വർഗ്ഗീയത" എന്ന കമ്യൂണിസ്റ്റ് ഇരട്ടത്താപ്പ് ഇനി അധികകാലം വിലപ്പോകുമെന്ന് തോന്നുന്നില്ല. ലോക രാഷ്ട്രീയം അനിവാര്യമായ മാറ്റത്തിന് എന്നും വിധേയപ്പെട്ടുകൊണ്ടേയിരിക്കും.
കടപ്പാട് : മാത്യു ചെമ്പു കണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m