സൗദി അറേബ്യയ്ക്ക് പിന്നാലെ റഷ്യയും തീരുമാനം മാറ്റി; ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയോ?

ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു. സൗദി അറേബ്യയ്ക്ക് പുറമെ റഷ്യയും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണിത്.

യൂറോപ്പും അമേരിക്കയും സാമ്പത്തിക പ്രതിസന്ധി നേരിടവെ എണ്ണ വില വര്‍ധിക്കുന്നത് കൂടുതല്‍ തിരിച്ചടിയാകും. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എണ്ണ കയറ്റുമതിയില്‍ മുന്‍ നിരയിലുള്ള രണ്ട് രാജ്യങ്ങളാണ് സൗദിയും റഷ്യയും. വില കൂട്ടുന്നതിന് വേണ്ടി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ ആദ്യം മൗനം തുടര്‍ന്നെങ്കിലും ഇപ്പോള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ഓരോ ദിവസവും അഞ്ച് ലക്ഷം ബാരല്‍ എണ്ണ കുറയ്ക്കാനാണ് റഷ്യയുടെ തീരുമാനം.

പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ജൂലൈക്ക് പുറമെ ആഗസ്റ്റിലും ഇതേ അളവില്‍ ഉല്‍പ്പാദനം കുറയ്ക്കും. ആവശ്യമെങ്കില്‍ ഇത് തുടരുമെന്നും സൗദി അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നോവാക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ലോകത്ത് ആവശ്യമുള്ള എണ്ണയുടെ 40 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള മറ്റു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമാണ്. മൊത്തം എണ്ണ വിതരണത്തിന്റെ 1.6 ശതമാനമാണ് ഇവര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതാണ് വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായത്. ബ്രെന്‍ഡ് ക്രൂഡിന് 76.30 ഡോളറായി വര്‍ധിച്ചു.

കഴിഞ്ഞ നവംബര്‍ മുതല്‍ സൗദിയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കണമെന്ന് ധാരണയായിരുന്നു. ഒപെകിലെ ചില രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വിപണിയെ കാര്യമായി ബാധിച്ചിരുന്നില്ല. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതും അമേരിക്ക എണ്ണ വിതരണം വിപുലീകരിച്ചതുമാണ് വില പിടിച്ചുനിര്‍ത്തിയത്.

അതേസമയം, സൗദിക്ക് പിന്നാലെ റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. നേരത്തെ സൗദിയില്‍ നിന്നും പിന്നീട് ഇറാഖില്‍ നിന്നുമായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത്. ഇപ്പോള്‍ ഇറാഖും സൗദിയും മൊത്തം നല്‍കുന്ന എണ്ണയേക്കാള്‍ കൂടുതല്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്.

അതുകൊണ്ടുതന്നെ റഷ്യ ഉല്‍പ്പാദനം കുറയ്ക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ചെലവ് കൂടുതലാണ്. എങ്കിലും റഷ്യ വില കുറച്ച്‌ നല്‍കാന്‍ തയ്യാറായതോടെ ഇന്ത്യ കൂടുതല്‍ വാങ്ങുകയായിരുന്നു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ വാങ്ങുന്ന എണ്ണ ഇന്ത്യ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. റഷ്യയുടെ പുതിയ തീരുമാനം ഇന്ത്യയുടെ പദ്ധതികള്‍ താളംതെറ്റിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group