സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടാൻ ശ്രമം; പരാതിയില്‍ അന്വേഷണം ആരംഭിച്ച്‌ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ സൈബ്രർ ക്രൈം പരാതി.

തട്ടിപ്പ് നടത്താൻ ശ്രമിച്ച്‌ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിന്റെ പരാതി ലഭിച്ചതിന് പിന്നാലെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റില്‍ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ പേരും ചിത്രവും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. കൈലാഷ് മേഘ്വാള്‍ എന്ന വ്യക്തിയോട് പണം ചോദിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കൊളീജിയം മീറ്റിംഗില്‍ അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും, ഇതിനായി ക്യാബ് ബുക്ക് ചെയ്യുന്നതിന് 500 രൂപ നല്‍കാമോ എന്നുമാണ് തട്ടിപ്പുകാരൻ ചോദിക്കുന്നത്.

കൊണാട്ട് പ്ലേസില്‍ കുടങ്ങി പോയതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നാണ് ഇയാള്‍ പറയുന്നത്. സുപ്രീംകോടതിയില്‍ എത്തിയാലുടൻ പണം തിരികെ നല്‍കാമെന്നും കൈലാഷിന്, തട്ടിപ്പ് നടത്തുന്ന വ്യക്തി ഉറപ്പ് കൊടുക്കുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ചില്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയ സംഭവത്തില്‍ 42കാരനായ അയൂബ് ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആഡംബര കാറുകളും ഫോണുകളും വില്‍ക്കാനുണ്ടെന്ന വ്യാജേന രണ്ട് പേരെ കബളിപ്പിച്ച്‌ ഇയാള്‍ 4 ലക്ഷം രൂപയാണ് അയൂബ് ഖാൻ തട്ടിയെടുത്തത്. പൊലീസിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ തിരിച്ചറിയില്‍ കാർഡുകളും അയൂബില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. സമാനമായ രീതിയില്‍ നാലിടങ്ങളില്‍ കൂടി ഇയാള്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആളുകളെ പറ്റിച്ച്‌ കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m