മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ട് പോകാൻ താല്‍പര്യമില്ലെന്ന് സൂചന, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: സിനിമാമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ പരിഗണിക്കും.

കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സൂചനകള്‍ വിലയിരുത്തി കമ്മിറ്റിയില്‍ മൊഴി നല്‍കിയ നടിമാരെയും ചലച്ചിത്ര പ്രവർത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മൊഴി നല്‍കിയവരില്‍ കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാൻ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നാണ് സൂചന.

നിലവില്‍ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയില്‍ മേക്കപ്പ് മാനേജർക്ക് എതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. മേക്കപ്പ് ആർട്ടിസ്റ്റ് നല്‍കിയ മൊഴിയില്‍ തൃശൂർ കൊരട്ടി സ്വദേശിയായ സജീവനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം 23നാണ് കേസെടുത്തത്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീവനെതിരെ ഐപിസി 354 ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m