കുവൈത്ത് തീപിടിത്തം: മരിച്ച ഒൻപത് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്ത് തൊഴിലാളി ക്യാമ്ബിലെ തീപിടിത്തത്തില്‍ മരിച്ച ഒൻപത് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍റെയും ശോഭിതയുടെയും മകൻ ഷെമീർ (33), കോട്ടയം പാമ്ബാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്ബാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്‍റെ മകന്‍ സ്റ്റെഫിൻ എബ്രഹാം സാബു (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവില്‍ സ്വദേശി തൃക്കരിപ്പൂർ ഇളമ്ബച്ചിയില്‍ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ പരേതനായ ശശിധരന്‍റെ മകൻ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരൻ നായർ (60), കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശ്ശേരില്‍ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിയ്ക്കല്‍ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടില്‍ ജോർജ് പോത്തന്‍റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), വെളിച്ചിക്കാല വടകോട് വിളയില്‍വീട്ടില്‍ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്ബതികളുടെ മകൻ ലൂക്കോസ് (48) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്ബനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവർ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തില്‍ തീപടർന്നത്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.

തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തില്‍നിന്നും ചിലർ താഴേക്ക് ചാടി. പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ക്യാമ്ബില്‍ ഉണ്ടായിരുന്ന 49 പേരെ കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമല്ല. ഇതില്‍ 42 പേര്‍ ഇന്ത്യക്കാരും ഏഴുപേര്‍ ഫിലിപ്പീൻസ് സ്വദേശികളുമാണ്. ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. വ്യാഴാഴ്ചയേ പൂർണവിവരങ്ങള്‍ ലഭ്യമാകൂ. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.

ഹെല്‍പ് ലൈൻ തുടങ്ങി

കുവൈത്ത് സിറ്റി: തീപിടിത്ത ദുരന്തത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെല്‍പ് ലൈൻ ആരംഭിച്ചു. നമ്ബർ: +965 65505246.

നോർക്ക ഹെല്‍പ് ഡെസ്ക്

കുവൈത്ത് തീപിടിത്തത്തിന്‍റെ സാഹചര്യത്തില്‍ നോര്‍ക്ക റൂട്സ് ഹെല്‍പ് ഡെസ്ക് തുടങ്ങി. നമ്ബറുകള്‍: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ്‌ +965 66893942, റിച്ചി കെ ജോർജ് +965 60615153, അനില്‍ കുമാർ +965 66015200, തോമസ് ശെല്‍വൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453,സുഗതൻ – +96 555464554, ജെ. സജി – + 96599122984. പ്രവാസിള്‍ക്ക് ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group